കുഞ്ഞ് കുഞ്ഞ് വലിയ കാര്യങ്ങൾ
ആദ്യമായി അച്ഛനമ്മമാരായവർക്ക് പലപ്പോഴും കുഞ്ഞുങ്ങളുടെ പരിചരണത്തെപ്പറ്റി വലിയ അറിവ് ഉണ്ടാവുകയില്ല. അമ്മമാരിൽ നിന്നോ മുത്തശ്ശിമാരിൽ നിന്നോ ലഭിച്ച പരിമിതമായ അറിവ് വച്ച് നവജാത ശിശുവിനെ പരിപാലിക്കുമ്പോൾ പല അബദ്ധങ്ങളും സംഭവിക്കാം.
ന്യൂക്ലിയർ ഫാമിലിയായതോടെ അറിവുള്ളവരുടെ സാന്നിദ്ധ്യവും പ്രതീക്ഷിക്കാനാവില്ലല്ലോ. നവജാത ശിശുക്കളുടെ നവയുവ രക്ഷിതാക്കളറിയാൻ ചില കാര്യങ്ങൾ… ആദ്യമായി അച്‌ഛനമ്മമാരാകുന്നവർ ശിശുപരിപാലന കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
ശിശു പരിപാലനത്തിൽ അനുഭവജ്‌ഞാനമുള്ളവരോടോ വിദഗ്ദ്ധരോടോ ചോദിച്ച് മനസ്സിലാക്കുക. ഇന്ന് ഇത്തരം കാര്യങ്ങളിൽ വിദഗ്ദ്ധോപദേശം നൽകുന്ന ഒരു വിഭാഗം തന്നെ മിക്ക ആശുപത്രികളിലും പ്രവർത്തിക്കുന്നുണ്ട്. കുഞ്ഞുങ്ങൾക്ക് മുലപ്പാലൂട്ടുന്ന രീതി, കുപ്പിപ്പാൽ എങ്ങനെ നൽകാം, കുഞ്ഞുങ്ങളെ എടുക്കുന്ന രീതി, കുളിപ്പിക്കൽ മറ്റ് പരിപാലന രീതികളെപ്പറ്റിയൊക്കെ വിദഗ്ദ്ധരോട് ചോദിച്ച് മനസ്സിലാക്കാം.
കുഞ്ഞുങ്ങളെ പരിചരിക്കുമ്പോൾ മുതിർന്നവർ പാലിക്കേണ്ട മുൻകരുതലുകൾ...
കൈകൾ നന്നായി കഴുകി തുടച്ചശേഷം മാത്രമേ കുഞ്ഞുങ്ങളെ സ്പർശിക്കുകയോ എടുക്കുകയോ ചെയ്യാവൂ.
നവജാത ശിശുക്കൾക്ക് പ്രാരംഭഘട്ടത്തിൽ ശക്‌തമായ രോഗപ്രതിരോധ ശേഷി ഉണ്ടാവുകയില്ല. അതുകൊണ്ട് അണുബാധയ്‌ക്കുള്ള സാദ്ധ്യത കൂടുതലായിരിക്കും.
കുഞ്ഞിന്‍റെ ശിരസ്സിനും കഴുത്തിനും നല്ല സപ്പോർട്ട് നൽകുന്നുവെന്ന് ഉറപ്പു വരുത്താം. കുഞ്ഞിനെ എടുക്കുമ്പോൾ ശിരസ്സിന് സപ്പോർട്ട് നൽകിക്കൊണ്ടു വേണം എടുക്കാൻ.
കളിപ്പിക്കുമ്പോൾ കുഞ്ഞിനെ ശക്‌തമായി കുലുക്കുകയോ ഉലയ്ക്കുകയോ ചെയ്യരുത്. ഇത് ഗുരുതരമായ അപകടം ക്ഷണിച്ചു വരുത്താം.
കുഞ്ഞിനെ ഉറക്കത്തിൽ ഉണർത്തുന്നതിനായിപ്പോലും ശക്‌തമായി കുലുക്കി വിളിക്കരുത്. പകരം കുഞ്ഞിന്‍റെ കാൽ വെള്ളയിൽ ഇക്കിളിയിട്ട് കളിപ്പിക്കുകയോ ഉണർത്തുകയോ ചെയ്യാം.
യാത്ര പോകുന്ന അവസരങ്ങളിൽ കുഞ്ഞുങ്ങൾക്കു സുഖമായി ഉറങ്ങാനുള്ള സൗകര്യമൊരുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പരുപരുത്തതോ, സുഖപ്രദമല്ലാത്തതോ ആയ പ്രതലത്തിൽ കുഞ്ഞിനെ കിടത്തുന്നത് ഒഴിവാക്കണം.കുഞ്ഞിന് സുഖം പകരുന്ന ടവ്വലുകൾ കയ്യിൽ കരുതണം.
അറിവ് പകരുന്നത് നന്മയാണ് അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്. എല്ലാം ശരിയാകണമെന്നില്ല ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.