സാമ്പത്തിക ബുദ്ധിമുട്ട് വല്ലാതെ വലച്ചപ്പോള്‍ അയാള്‍ തന്റെ സുഹൃത്തിനോട് സഹായം തേടി. സുഹൃത്ത് അയാള്‍ക്ക് 500 രൂപ കൊടുത്തു. ആ രൂപയുമായി പുറത്തിറങ്ങിയപ്പോള്‍ അയാള്‍ തീരെ അവശയായ കുഞ്ഞിനേയും വികലാംഗയായ അമ്മയേയും കണ്ടു. അയാള്‍ അവരോട് ചോദിച്ചു:ഒരു ദിവസം ഭിക്ഷയെടുത്താല്‍ നിങ്ങള്‍ക്ക് എത്ര രൂപ കിട്ടും? അവര്‍ പറഞ്ഞു: 50 രൂപ! ഞാനൊരു 500 രൂപ തന്നാല്‍ നിങ്ങള്‍ക്ക് കുറച്ച് ദിവസം ഭക്ഷണം കഴിക്കാന്‍ തികയില്ലേ... ഇത് കേട്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അയാള്‍ ആ പണം അവര്‍ക്കു നല്‍കി നടന്നകന്നു.
വിരലുകള്‍ നഷ്ടപ്പെട്ടവന്റെ ദുഃഖം കൈകള്‍ നഷ്ടപ്പെട്ടവനെ കാണുന്നതു വരെയേ ഉള്ളൂ. ആ അവസ്ഥയില്‍ തന്റെ നഷ്ടപ്പെടാത്ത കൈകളെ ഓര്‍ത്ത് കൃതാര്‍ത്ഥനാകും. നഷ്ടങ്ങളും നേട്ടങ്ങളും ആപേക്ഷികമാണ്. താരതമ്യങ്ങള്‍ക്കനുസരിച്ച് നഷ്ടങ്ങള്‍ നേട്ടങ്ങളും, നേട്ടങ്ങള്‍ നഷ്ടങ്ങളുമായി മാറും.
സമ്പന്നതയുടെ ആധിക്യത്തില്‍ നിന്നും ആര്‍ക്കും ഒന്നും നല്‍കാന്‍ കഴിയുകയില്ല. സമ്പാദിച്ചതു മതി എന്ന് തൃപ്തരാകുന്നവരെ കണ്ടെത്തുക വിഷമമാണ്.
നല്‍കാന്‍ തയ്യാറുള്ളവരെ ശ്രദ്ധിച്ചിട്ടുണ്ടോ... അവരിലധികം പേരും തങ്ങളുടെ ഇല്ലായ്മയില്‍ നിന്നും നല്‍കുന്നവരാണ്. ഒന്നുമില്ലാത്തവരായിരിക്കും എല്ലാമുള്ളവരേക്കാളും നല്‍കാനുള്ള മനസ്സ് കാണിക്കുക.
ഇതും കൂടി കൊടുത്താല്‍ ഇനിയൊന്നും ഉണ്ടാകില്ല എന്ന ഉറപ്പുണ്ടായിട്ടും കൊടുക്കാന്‍ തയ്യാറാകുന്നവരെ നമുക്ക് രക്ഷകരെന്നു വിളിക്കാം. മറ്റുള്ളവരുടെ സങ്കടങ്ങള്‍ കാണാനും അവര്‍ക്ക് സഹായങ്ങള്‍ നല്‍കാനും ഉള്ള മനസ്സ് നമുക്കും സ്വന്തം ആക്കാനാകട്ടെ.