ആളറിഞ്ഞു കളിച്ചില്ലേൽ പണി ഇങ്ങനെ കിട്ടും; മൂക്കുംവായും തുളച്ചുകയറിയ മുള്ളുമായി വേദനയുടെ രോദനവും അവശതയോടെ അലച്ചിലും; ഒടുവിൽ രക്ഷക്കെത്തിയത് നാട്ടുകാർ.
ആളറിഞ്ഞു കളിച്ചില്ലേൽ പണി ഇങ്ങനെ കിട്ടും; മൂക്കുംവായും തുളച്ചുകയറിയ മുള്ളുമായി വേദനയുടെ രോദനവും അവശതയോടെ അലച്ചിലും; ഒടുവിൽ രക്ഷക്കെത്തിയത് നാട്ടുകാർ.
കണ്ടപ്പോൾ ഒന്നുപേടിപ്പിക്കാൻ ശ്രമിച്ച് കുരച്ചതായിരിക്കണം. അപ്പുറത്തുണ്ടായിരുന്ന എതിരാളി പക്ഷേ, അതുകേട്ട് പിന്തിരിഞ്ഞോടുന്ന പാവം വഴിയാത്രക്കാരനായിരുന്നില്ല. മുള്ളുവിരിച്ചുനിന്ന് സെക്കൻഡുകൾക്കകം മറുപടിയായി കൊടുത്തു എട്ടിന്റെ പണി. മൂക്കുംവായും തുളച്ചുകയറിയ ആ മുള്ളുമായി പിന്നെ വേദനയുടെ രോദനം. അവശതയോടെ അലച്ചിൽ. മൃഗസ്നേഹികളുടെ സഹായമെത്തുംവരെ അതു തുടർന്നു. ഒടുവിൽ അവരുടെ കരുണയിൽ അതിൽനിന്നു മോചനം. വാലാട്ടിക്കൊണ്ട് നന്ദിപ്രകടനം.
തിരൂരിൽ തെരുവോരത്തുകഴിഞ്ഞിരുന്ന നായയാണ് മുള്ളൻപന്നിയുടെ മുള്ള് തുളച്ചുകയറി പ്രയാസത്തിലായത്. താനല്ലാത്തൊരാളെ വഴിയിൽ കണ്ടാൽ വട്ടംചുറ്റി കുരയ്ക്കലും പേടിപ്പിച്ച് പിന്തിരിപ്പിക്കലുമെല്ലാം നായകളുടെ പതിവാണല്ലോ. അതിനുതന്നെയാവണം ഇവിടെയും ശ്രമമുണ്ടായത്. മുള്ളൻപന്നി ഉടൻ ചെറുത്തുനിൽപ്പിന്റെ മുള്ളെറിഞ്ഞുകാണും. ഏതായാലും മൂക്കിലും വായയിലുമായി തുളഞ്ഞുകയറിയ ആ മുള്ളുമായി, ഭക്ഷണംപോലും കഴിക്കാനാകാതെ നാലുനാൾ നായ കഷ്ടത്തിലായി.
തിരൂർ തുഞ്ചൻറോഡിൽ സ്റ്റേറ്റ് ബാങ്കിന് സമീപത്താണ് സംഭവം. നായയുടെ ദുരിതം കണ്ട നാട്ടുകാർ ആംബുലൻസ് ഡ്രൈവർമാരെത്തി രാവിലെ ആറിന് രക്ഷാപ്രവർത്തനം തുടങ്ങി. ആദ്യം നായയെ വലയിട്ടു പിടിച്ചു. പിന്നെ മൂക്കിൽ തറച്ചുകയറിയ മുള്ള് പുറത്തേക്ക് ചാടിച്ചു. മുറിയിൽ മരുന്നുവെച്ചു. ഒടുവിൽ വിട്ടയച്ചു.
രക്ഷാപ്രവർത്തനത്തിനിടയിൽ നായയെ പിടിച്ച വല കീറിപ്പോയി. അതറിഞ്ഞ നഗരസഭാ ഉപാധ്യക്ഷൻ ഇവർക്ക് പുത്തൻ വല വാങ്ങാൻ സഹായവും നൽകി. നായയെ രക്ഷപ്പെടുത്തിയവർക്ക് ഇപ്പോൾ നാട്ടുകാരുടെ അഭിനന്ദനപ്രവാഹമാണ്.