തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അറിയാതെ മൂത്രം പോകുന്നത് എന്തുകൊണ്ടാണ്
പ്രിയപ്പെട്ട ഡോക്ടര്‍, ഞാന്‍ നാലു മാസം ഗര്‍ഭിണി ആണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അറിയാതെ മൂത്രം പോകുന്നു എന്നതാണ് എന്റെ പ്രശ്‌നം. ഇത് ഗൗരവമുള്ള എന്തെങ്കിലും അവസ്ഥയാണോ? എന്താണ് ഡോക്ടര്‍ ഇതിനൊരു പരിഹാരം?
ഗര്‍ഭകാലത്തും പ്രസവാനന്തരവും സാധാരണയായി കണ്ടുവരുന്ന ഒരവസ്ഥയാണിത്. തെരുതെരെ മൂത്രം പോകുന്നതാണ് മറ്റൊരു പ്രശ്‌നം. ഗര്‍ഭപാത്രത്തിനു തൊട്ടുതാഴെയായാണ് മൂത്രാശയം സ്ഥിതിചെയ്യുന്നത്.
ഗര്‍ഭാവസ്ഥയില്‍ ഗര്‍ഭപാത്രം വലുതാകുമ്പോള്‍ മൂത്രാശയത്തിന്മേല്‍ സമ്മര്‍ദം ചെലുത്തും. ഇതുവഴി മൂത്രാശയത്തിന്റെ വിസ്താരം കുറയും.
മൂത്രം പിടിച്ചുവയ്ക്കുന്ന മസിലുകളിലും സമ്മര്‍ദം അനുഭവപ്പെടും.
ഗര്‍ഭകാലത്തെ ഹോര്‍മോണുകളും മസിലുകളുടെ ബലം കുറയ്ക്കും. മറ്റൊരു കാരണം, കുഞ്ഞ് അനങ്ങുന്ന സമയത്തും മൂത്രാശയത്തില്‍ തട്ടാം. അപ്പോഴാണ് തെരുതെരെ മൂത്രം പോകുന്ന അവസ്ഥ ഉണ്ടാകുന്നത്.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാത്രമല്ല, ചിരിക്കുകയോ വേഗത്തില്‍ നടക്കുകയോ ഭാരമെടുക്കുകയോ ചെയ്യുമ്പോഴും മൂത്രം പോയേക്കാം. മുകളില്‍ പറഞ്ഞവയാണ് ഇതിനു കാരണം.
പ്രസവം കഴിയുന്നതോടെ ഈ അവസ്ഥ മാറിയേക്കാം. എന്നാല്‍, ചിലരില്‍ ഭാവിയില്‍ ഇത് ആവര്‍ത്തിച്ചേക്കാം.
ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ് ഇതിനു പരിഹാരം.
ഗര്‍ഭകാലത്ത് ശരീരഭാരം കുറയ്ക്കുന്നത് സാധ്യമല്ല. എന്നാല്‍, പ്രസവാനന്തരം ഇതു നിര്‍ബന്ധമായും ചെയ്യണം.
രാത്രി ഭക്ഷണത്തിനുശേഷം ആവശ്യത്തിനു മാത്രം വെള്ളം കുടിക്കുക. ചായയും കാപ്പിയും കുറയ്ക്കുക. മലബന്ധം ഉണ്ടാകാതെ ശ്രദ്ധിക്കണം. തുമ്മലിനും ചുമയ്ക്കും ഡോക്ടറെ കണ്ട് ചികിത്സ ചെയ്യുക.
ഗര്‍ഭകാലത്തും പ്രസവശേഷവും കീഗല്‍ എക്‌സര്‍സൈസ് ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് മൂത്രം നിയന്ത്രിക്കുന്ന മസിലുകളുടെ ബലം ശക്തിപ്പെടുത്താന്‍ സഹായിക്കും.
ദിവസം അഞ്ചു സെറ്റ് കീഗല്‍ എക്‌സര്‍സൈസ് ചെയ്യണം. യൂറിനറി ഇന്‍ഫെക്‌ഷന്‍ ഇല്ല എന്ന് ഉറപ്പുവരുത്തുക. പ്രസവാനന്തരവും ഈ അവസ്ഥ തുടരുകയാണെങ്കില്‍ നിര്‍ബന്ധമയും ഒരു യൂറോളജിസ്റ്റിനെ കാണുക.
✍️:ഡോ: സതി.എം.എസ്.