കിഡ്നി സ്റ്റോൺ: അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങൾ
മധ്യവയസ്‌കരിലും ചെറുപ്പക്കാരിലും വർധിച്ച് വരുന്ന ആരോഗ്യപ്രശ്നമാണ് കിഡ്നി സ്റ്റോൺ. എന്തുകൊണ്ടാണ് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത്? ഏതൊക്കെ ചെയ്‌താൽ ഈ പ്രശ്നം ഒഴിവാക്കാനാകും?
നിങ്ങൾക്കോ നിങ്ങളുടെ കൂടെയുള്ള ആർക്കെങ്കിലുമോ വൃക്കയിൽ കല്ലുകൾ വന്നിട്ടുണ്ടെങ്കിൽ, ഈ രോഗാവസ്ഥ എത്രത്തോളം വേദനാജനകമാണ് എന്നത് അറിയാമായിരിക്കുമല്ലോ. പെട്ടെന്നുള്ളതും തീവ്രവും അതികഠിനവുമായ ഈ വേദന ചില ആളുകളിൽ പ്രസവ വേദനയേക്കാൾ രൂക്ഷമാണെന്ന് ചിലരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ട്.
കിഡ്നി സ്റ്റോൺ ഉണ്ട് എന്നതിന്റെ വ്യക്തമായ അടയാളം എന്നത് അടിവയറ്റിൽ ഉണ്ടാകുന്ന തീവ്രമായ വേദനയാണ്. എന്നാൽ ഈ വേദന മറ്റ് പല രോഗവസ്ഥകൾ മൂലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ, ഇത്തരം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനായി നിങ്ങൾ ശ്രദ്ധിക്കേണ്ടതായ ചില ലക്ഷണങ്ങളും അടയാളങ്ങളും കിഡ്നി സ്റ്റോൺ ഉണ്ട് എന്നുറപ്പിക്കുന്നു.
എന്താണ് വൃക്കയിലെ കല്ലുകൾ അഥവാ കിഡ്നി സ്റ്റോൺ?
കാൽസ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. ഇവ സാധാരണയായി കട്ടി കൂടുതൽ ഉള്ളവയാണ്. നിങ്ങളുടെ ശരീരത്തിലെ ചില തരം ധാതുക്കൾ നിങ്ങളുടെ മൂത്രത്തിൽ അടിഞ്ഞുകൂടുമ്പോൾ ആണ് വൃക്കയ്ക്കുള്ളിൽ ഇത്തരം കല്ലുകൾ രൂപം കൊള്ളുന്നത്. നിർജ്ജലീകരണം, അമിതവണ്ണം എന്നിവയാണ് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിന്റെ രണ്ട് പ്രധാന കാരണങ്ങൾ. കൂടാതെ നിങ്ങൾ പിന്തുടരുന്ന ഭക്ഷണക്രമം, അമിതഭാരം, ചില മരുന്നുകളും അനുബന്ധങ്ങളും, ചില ആരോഗ്യപ്രശ്നങ്ങൾ, വൃക്കയിലെ കല്ലുകൾക്ക് പലപ്പോഴും കൃത്യമായ ഒരു കാരണമില്ല. നിങ്ങളുടെ മൂത്രത്തിൽ ക്രിസ്റ്റൽ രൂപപ്പെടുന്ന വസ്തുക്കൾ അധികമായി അടങ്ങിയിരിക്കുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിങ്ങളുടെ ശരീരത്തിൽ മതിയായ ജലാംശം ഇല്ലാതെ വരുമ്പോൾ, നിങ്ങളുടെ മൂത്രം കൂടുതൽ സാന്ദ്രമാവുകയും ചില ധാതുക്കളുടെ അളവ് വർദ്ധിക്കുകയും, അത് പിന്നീട് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.
വൃക്കയിലെ കല്ലുകളുടെ വലുപ്പം പല തരത്തിലായിരിക്കും. മാത്രമല്ല, അവയ്ക്ക് മൂത്രനാളിയിലെ മറ്റ് ഭാഗങ്ങളിലേക്ക് പോലും കടക്കുവാൻ സാധിക്കുകയും ചെയ്യുന്നു. മിക്കപ്പോഴും, കല്ലുകൾ മൂത്രനാളിയിലൂടെ സ്വയം പുറത്തേക്ക് കടന്നുപോകാറുണ്ട്. എന്നാൽ, ഈ കല്ലുകളുടെ വലുപ്പം മൂത്രനാളിയിലൂടെ കടക്കുന്നതിനെക്കാൾ വലുപ്പമേറിയതാണ് എങ്കിൽ, ഇവയെ പുറത്തെത്തിക്കുവാൻ ശസ്ത്രക്രിയയുടെ സഹായം ആവശ്യമായി വരുന്നതാണ്.
വൃക്കയിലെ കല്ലുകളുടെ തരങ്ങൾ
വൃക്കയിലെ കല്ലുകൾ പല തരത്തിലുണ്ട്, നിങ്ങൾക്ക് ഏത് തരത്തിലുള്ള കിഡ്നി സ്റ്റോണാണ് ഉള്ളതെന്ന് അറിയാമെങ്കിൽ; ഇത് കൂടുതൽ ഒഴിവാക്കാൻ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ നിങ്ങളെ സഹായിക്കും.
1. കാൽസ്യം കല്ലുകൾ - മിക്ക കല്ലുകളും കാൽസ്യം ഒക്‌സലേറ്റിന്റെ രൂപത്തിലുള്ള കാൽസ്യം കല്ലുകളാണ്. കാൽസ്യം ഓക്സലേറ്റ് എന്നത് നിങ്ങളുടെ കരൾ ദിവസേന ഉണ്ടാക്കുന്നതോ നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ആഗിരണം ചെയ്യുന്നതോ ആയ ഒരു വസ്തുവാണ്. ചില പച്ചക്കറികളിലും പഴങ്ങളിലും ചോക്കലേറ്റിലും നട്സിലും ഉയർന്ന ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്.
2. യൂറിക് ആസിഡ് കല്ലുകൾ - വിട്ടുമാറാത്ത വയറിളക്കം ബാധിച്ചവരിലും അമിതമായി ദ്രാവകം നഷ്ടപ്പെടുന്നവരിലും ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നവരിലും പ്രമേഹമുള്ളവരിലും യൂറിക് ആസിഡ് കല്ലുകൾ ഉണ്ടാകാം.
3. സ്‌ട്രുവൈറ്റ് കല്ലുകൾ - മൂത്രനാളിയിലെ അണുബാധ മൂലമാണ് സമാനമായ കല്ലുകൾ ഉണ്ടാകുന്നത്. സ്‌ട്രൂവൈറ്റ് കല്ലുകൾ വേഗത്തിൽ വളരുകയും വലുതായിത്തീരുകയും ചെയ്യും, ചിലപ്പോൾ ചില ലക്ഷണങ്ങളോ മുന്നറിയിപ്പുകളോ കുറവായിരിക്കും
കിഡ്നി സ്റ്റോൺ: പ്രധാന ലക്ഷണങ്ങൾ
വൃക്കയിലെ കല്ലുണ്ടാകുന്നതിന്റെ ലക്ഷണങ്ങൾ പല ആളുകൾക്കും പല രീതിയിലാണ് അനുഭവപ്പെടുന്നത്. എങ്കിലും ഇനി പ്രറയുന്ന പ്രധാന ലക്ഷണങ്ങൾ അവഗണിക്കാതെ പോകരുത്.
പുറം, വയറ്, വശങ്ങൾ എന്നിവിടങ്ങളിലെ കഠിനമായ വേദന
ഇടുങ്ങിയ വഴിയിലൂടെ കല്ല് നീങ്ങുന്നതിനാൽ വൃക്കയിൽ മർദ്ദം വർദ്ധിക്കുകയും, ഇത് മൂലം തടസ്സം ഉണ്ടാകുകയും ചെയ്യുന്നു. ഇത് കടുത്ത വേദനയ്ക്കും വഴിവയ്ക്കുന്നു. വൃക്കയിൽ ഉണ്ടാകുന്ന സമ്മർദ്ദം തലച്ചോറിലേക്ക് വേദനയുടെ സന്ദേശങ്ങൾ അയക്കുന്നു. ഇത് അനുഭവിക്കുന്ന ആൾക്ക് പുറത്തും, വാരിയെല്ലുകൾക്ക് താഴെയും, വശങ്ങളിലുമായി കടുത്ത വേദനയും ഉണ്ടാകുന്നു. വൃക്കയിലെ കല്ലുകളുടെ വലുപ്പം കൂടുതൽ ആണെങ്കിൽ ഇത് ബാധിച്ചിരിക്കുന്ന ഭാഗങ്ങളിൽ നീർക്കെട്ടും ഉണ്ടാകുന്നതാണ്.
മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക
വൃക്കയിൽ കല്ലുള്ളവരിൽ അനുഭവപ്പെടുന്ന വളരെ സാധാരണമായ ഒരു ലക്ഷണമാണിത്. മൂത്രമൊഴിക്കുമ്പോൾ എപ്പോഴും നിങ്ങൾക്ക് വേദനയോ പുകച്ചിലോ അനുഭവപ്പെടുന്നുണ്ട് എങ്കിൽ, അത് ചിലപ്പോൾ വൃക്കയിൽ കല്ല് ഉള്ളതുകൊണ്ടാകാം. മൂത്രമൊഴിക്കുന്ന സമയത്ത് വേദന അനുഭവപ്പെടുന്നത് കല്ലുകൾ മൂത്രാശയത്തിനും മൂത്രസഞ്ചിക്കും ഇടയിലുള്ള സ്ഥാനത്ത് എത്തുമ്പോഴാണ്. മൂത്രമൊഴിക്കുന്ന സമയത്ത് ഉണ്ടാകുന്ന വേദന പലപ്പോഴും മൂത്രനാളിയിലെ അണുബാധ (യു.റ്റി.ഐ) ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
മൂത്രത്തിന് ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറമാണെങ്കിൽ
വൃക്കയിൽ കല്ലുണ്ടെങ്കിൽ മൂത്രത്തിന്റെ നിറം മാറുക എന്നതും ഒരു പ്രധാന ലക്ഷണമാണ്. മൂത്രത്തിൽ രക്തം കാണപ്പെടുന്നത് വൃക്കയിൽ കല്ലുണ്ട് എന്നതിന്റെ മറ്റൊരു ലക്ഷണമാണ്. മൂത്രത്തിന് ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറത്തിലുള്ള വ്യത്യാസം
ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ
വൃക്കയിൽ ഉണ്ടാവുന്ന വലിയ കല്ലുകൾ മൂത്രദ്വാരത്തിൽ കുടുങ്ങുകയും മൂത്രത്തിന്റെ ഒഴുക്ക് തടയുകയും ചെയ്യുന്നു. ഇതുമൂലം നിങ്ങൾക്ക് ഇടയ്ക്കിടെ ബാത്‌റൂമിൽ പോകേണ്ടതായി വരുന്നു. ഈ ലക്ഷണം അനുഭവപ്പെടുന്ന മിക്കവാറും പേരും ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള മടി കാരണം പിടിച്ച് നിർത്തുന്നതായി കാണാറുണ്ട്. ഇത് കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിക്കും
തലകറക്കവും ഛർദ്ദിയും
അടിവയറ്റിലെ കടുത്ത വേദന പോലെ തന്നെ, ഓക്കാനം, ഛർദ്ദി എന്നിവയും വൃക്കയിലെ കല്ലുകൾ ബാധിച്ച ആളുകൾക്ക് കൂടുതലായി അനുഭവപ്പെടുന്നു. വൃക്കകളുടെയും ദാഹനനാളത്തിന്റെയും ഞരമ്പുകൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.