ഹൃദയം സ്നേഹം കൊണ്ട് നിറയുമ്പോൾ, ഓരോ നിമിഷവും സന്തോഷം നൽകും. സ്നേഹം നമ്മുടെ ലോകം കൂടുതൽ മനോഹരമാക്കുന്നു. അത് മറ്റുള്ളവർക്ക് നൽകുമ്പോൾ തിരിച്ച് ലഭിക്കുന്ന സന്തോഷം അതിരുകളില്ലാത്തതാണ്.
നിങ്ങൾ മറ്റുള്ളവരെ സഹായിക്കുമ്പോൾ, നിങ്ങൾ സ്വന്തം ജീവിതത്തിന് ഒരു അർത്ഥം നൽകുന്നു. നിങ്ങളുടെ സേവനം മറ്റൊരാളുടെ ജീവിതത്തിൽ ഒരു പുഞ്ചിരി വിടർത്താൻ കാരണമാകുമ്പോൾ, ആ സന്തോഷം നിങ്ങളെ കൂടുതൽ സംതൃപ്തനാക്കുന്നു. ഈ മൂന്ന് കാര്യങ്ങളും ഒരുമിച്ച് ചേരുമ്പോൾ, നിങ്ങളുടെ ജീവിതം സന്തോഷത്താൽ നിറയും. സന്തോഷം എന്നത് പുറത്ത് നിന്ന് ലഭിക്കേണ്ട ഒന്നല്ല, അത് നിങ്ങളുടെ ഉള്ളിൽ നിന്ന് വരുന്നതാണ്.
സത്യം കൊണ്ട് മനസ്സും സ്നേഹം കൊണ്ട് ഹൃദയവും സേവനം കൊണ്ട് ജീവിതവും സമ്പന്നമാകുമ്പോഴാണ് നമ്മിൽ സന്തോഷമുണ്ടാകുന്നത്. ജീവിതത്തിൽ നാം പലപ്പോഴും ചെയ്യുന്ന ഗുരുതരമായ തെറ്റ് നമുക്ക് ഇനിയും സമയമുണ്ട് എന്ന് തെറ്റിദ്ധരിക്കുന്നതാണ്. എത്രയോ നിമിഷങ്ങളും മണിക്കൂറുകളും ദിവസങ്ങളുമാണ് കടന്നു പോയത്. അവയൊന്നും ഇനി ഒരിക്കലും തിരിച്ചു വരില്ല.
വിജയമെന്നത് യാദൃഛികമല്ല. അത് കഠിനാധ്വാനവും നിരന്തര പ്രയത്നവും അറിവും ത്യാഗവും അതിലെല്ലാമുപരി ചെയ്യുന്ന പ്രവൃത്തിയോടുള്ള സ്നേഹവുമാണെന്നാണ് ഫുട്ബോൾ ഇതിഹാസം പെലെ അഭിപ്രായപ്പെട്ടത്. നിങ്ങൾ പറക്കാനുള്ള ചിറകുകളുമായാണ് ജനിച്ചിരിക്കുന്നത്. പിന്നെ എന്തിന് ജീവിതം മുഴുവൻ ഇഴയാൻ മുതിരണമെന്ന റൂമിയുടെ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്.
വിജയപാതയിൽ പാറിപ്പറന്ന് ജീവിതം ആഘോഷമാക്കി സന്തോഷത്തിന്റേയും ക്രിയാത്മകതയുടേയും വികാരങ്ങൾ പരത്താനാണ് നാം ശ്രദ്ധിക്കേണ്ടത്.
നാം തളർന്നു വീണതോ തകർന്നു പോയതോ അവരറിയണ്ട. നാം വസന്തത്തെ വരവേൽക്കാനായി പഴയ ഇലകൾ പൊഴിക്കുകയാണെന്ന് അവർ ധരിക്കട്ടെ എന്നാണ് റൂമി പറഞ്ഞത്. എന്റെ ജീവിതത്തിൽ എനിക്ക് ഒരു പാട് പ്രശ്നങ്ങളുണ്ട്. പക്ഷേ എന്റെ ചുണ്ടുകൾക്ക് അതറിയില്ല. അതിനാൽ അതെപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നു എന്ന ചാർലി ചാപ്ളിന്റെ പ്രശസ്തമായ വാക്കുകളും നാം ഓർക്കുക. സ്വയം ഉന്മേഷമാവാനുള്ള ഏറ്റവും നല്ല വഴി മറ്റൊരാളെ ഉന്മേഷവാനാക്കുക എന്നതാണ്. തന്റെ കൂടി സമ്മതമില്ലാതെ സ്വസ്ഥനാവാൻ മനുഷ്യനു കഴിയില്ല. ഒരു മനുഷ്യനും അയാൾ നയിക്കുന്ന ജീവിതവും തമ്മിലുള്ള പൊരുത്തത്തെയല്ലാതെ മറ്റെന്തിനെയാണു നാം ആനന്ദം എന്നു വിളിക്കുക, വിഖ്യാത സാഹിത്യകാരനായ മാർക് ട്വയിന്റെ വാക്കുകളാണിത്.
സെലിബ്രേറ്റ് ദ ലൈഫ് അഥവാ ജീവിതം ആഘോഷമാക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു വിജയ മന്ത്രമാണ്.ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കി മാറ്റുമ്പോൾ ജീവിത വിജയം സ്വാഭാവികമായി സംഭവിക്കും. പക്ഷേ എങ്ങനെ ജീവിതം ആഘോഷമാക്കി മാറ്റാമെന്നത് നാം തിരിച്ചറിയണം. ജീവിതം ഒരു യാത്രയാണ്. ഒരു മൽസരമല്ല. അതിനാൽ ചുറ്റുമുള്ളവരെ സഹായിക്കാൻ സമയം കണ്ടെത്തിയാണ് ജീവിതം ആഘോഷിക്കേണ്ടത്. നിങ്ങൾ ചിന്തിക്കുന്നതും പറയുന്നതും ചെയ്യുന്നതും സമരസപ്പെടുമ്പോഴാണ് സന്തോഷമുണ്ടാകുന്നത്. പ്രശസ്തമായൊരു ചൈനീസ് പഴമൊഴിയുണ്ട്. നിങ്ങൾക്ക് ഒരു മണിക്കൂർ നേരത്തേക്ക് സന്തോഷം വേണമെങ്കിൽ അൽപം മയങ്ങുക, ഒരു ദിവസത്തേക്ക് സന്തോഷം വേണമെങ്കിൽ മീൻ പിടിക്കുവാൻ പോവുക, ഒരു വർഷത്തേക്ക് സന്തോഷം വേണമെങ്കിൽ ഒരു ഭാഗ്യം അനന്തരമെടുക്കുക. ജീവിതകാലം മുഴുവൻ സന്തോഷം വേണമെങ്കിൽ ആരെയെങ്കിലും സഹായിക്കുക.
വോൾട്ടയറുടെ പ്രശസ്തമായൊരു വാചകം ഇങ്ങനെ വിവർത്തനം ചെയ്യാം. ആനന്ദം തേടി നടക്കുകയാണ് നാമെല്ലാം; പക്ഷേ എവിടെയാണതിരിക്കുന്നതെന്ന് നമുക്കറിയുകയുമില്ല;സ്വന്തം വീടു തേടി നടക്കുന്ന കുടിയന്മാരെപോലെ: തങ്ങൾക്കൊരു വീടുണ്ടെന്ന മങ്ങിയ ബോധമേ അവർക്കുള്ളൂ.
ജീവിതത്തിൽ നമ്മെ നമ്മളാക്കുന്നത് തീർത്തും നമ്മുടെ മാത്രം ചിന്തകൾ തന്നെ ആണ്. ജീവിതത്തിൽ നാം സ്വയം തോറ്റു എന്ന് ചിന്തിക്കുന്നിടത്തും അത് സ്വയം പ്രഖ്യാപിക്കുകയും ചെയ്യുന്നിടത്തു മാത്രമേ നാം തോൽക്കുന്നുള്ളു അതുവരെ നമുക്ക് വിജയിക്കാൻ ഉള്ള ഒരിടം തീർച്ചയായും മുന്നിൽ ഉണ്ട്...