കടന്നൽ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വയോധികയെ ഫർഫോഴ്സ് രക്ഷപ്പെടുത്തി
കോഴിക്കോട്: വീടിന് സമീപം കടന്നൽ കൂടിളകി, കുത്തേറ്റ വയോധികയെ മുക്കം ഫയർഫോഴ്‌സ് വിഭാഗം രക്ഷപ്പെടുത്തി. തൃക്കളയൂര്‍ സ്വദേശി ആശാരിക്കുന്ന് കാരയില്‍ ആമിന (70) യെയാണ് ശനിയാഴ്ച വീടിനടുത്ത് വച്ച് കടന്നല്‍ ആക്രമിച്ചത്.
കുത്തേറ്റ ആമിന അയല്‍വാസിയായ അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ ഷറഫുദ്ദീന്‍റെ വീട്ടിലേക്ക് ഓടിക്കയറി. കടന്നലിനെ തുരത്താൻ ശ്രമിക്കുന്നതിനിടെ ഷറഫുദ്ദീനും കുത്തേറ്റിരുന്നു. ഷറഫുദ്ദീൻ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി കുത്തേറ്റ് അബോധാവസ്ഥയിലായിരുന്ന ആമിനയെ രക്ഷപ്പെടുത്തി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സ്റ്റേഷൻ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂറിന്‍റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ പി. അബ്ദുല്‍ ഷുക്കൂര്‍, സേനാംഗങ്ങളായ ഒ. അബ്ദുല്‍ ജലീല്‍, പി. അഭിലാഷ്, വി. സലീം, പി. നിയാസ്, കെ.ടി. ജയേഷ്, എം.സി. സജിത്ത് ലാല്‍, എൻ. മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.