സോഷ്യല്‍ മീഡിയയുടെ സജീവ ഉപയോഗം വിഷാദ സാധ്യത വര്‍ദ്ധിപ്പിക്കുന്നു
ഇന്റര്‍നെറ്റുമായി ആഗോള ജനസംഖ്യയുടെ ഏകദേശം 93 ശതമാനം പേരെയും ബന്ധിപ്പിച്ചിട്ടുളളതായി പുതിയ റിപ്പോര്‍ട്ട്. ഇവരില്‍ ഏകദേശം 60 ശതമാനം- 4.8 ബില്യണ്‍ വ്യക്തികള്‍ സോഷ്യല്‍ മീഡിയയുടെ സജീവ ഉപയോക്താക്കളാണ്.
സോഷ്യല്‍ മീഡിയ ആളുകളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇത് നെഗറ്റീവ് അനുഭവങ്ങള്‍ക്ക് കാരണമാകുമെന്നാണ് സൂചന.
നിരവധി പഠനങ്ങള്‍ സോഷ്യല്‍ മീഡിയയുടെ സജീവ ഉപയോഗവും വിഷാദരോഗസാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്ന് പറയുന്നു. ഇന്ത്യയിലെ 50,000-ത്തോളം രക്ഷിതാക്കളുമായി നടത്തിയ അഭിമുഖങ്ങള്‍ ഉള്‍പ്പെടുന്ന സമീപകാല ദേശീയ സര്‍വേയില്‍ പറയുന്നത് ഒമ്ബത് മുതല്‍ 17 വരെ പ്രായമുള്ള പത്തില്‍ ആറുപേരും സോഷ്യല്‍ മീഡിയയിലോ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലോ പ്രതിദിനം മൂന്ന് മണിക്കൂറിലധികം ചെലവഴിക്കുന്നുവെന്നാണ്.
തങ്ങളുടെ കുട്ടികള്‍ ദിവസവും ആറ് മണിക്കൂറിലധികം ഓണ്‍ലൈനിലാണെന്ന് മഹാരാഷ്ട്രയിലെ 17 ശതമാനം രക്ഷിതാക്കളും പരാതിപ്പെടുന്നവരാണ്. സമാനമായ സംഖ്യയില്‍, ഇന്ത്യയിലുടനീളമുള്ള 22 ശതമാനം പേരും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയയിലോ ഗെയിമിംഗിലോ സമയം ചിലവഴിച്ചതിന് ശേഷം തങ്ങളുടെ കുട്ടിക്ക് "സന്തോഷം" അനുഭവപ്പെടുന്നതായി 10 ശതമാനം രക്ഷിതാക്കള്‍ പറയുന്നു. പോസിറ്റീവിനെക്കാള്‍ കൂടുതല്‍ സോഷ്യല്‍ മീഡിയ നെഗറ്റീവ് ഇംപാക്ടുകള്‍ സൃഷ്ടിക്കുകയാണെന്നും പഠനം വ്യക്തമാക്കുന്നു.
ദിവസേനയുള്ള മൂന്ന് മണിക്കൂറിലധികം സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ കുട്ടികളില്‍ വിഷാദവും ഉത്കണ്ഠയും വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയുളളതായി യു.എസ്. സര്‍ജൻ ജനറല്‍ ഡോ. വിവേക് മൂര്‍ത്തിയുടെ 2022-ലെ റിപ്പോര്‍ട്ട് പറയുന്നു. മറ്റൊരു പഠനത്തില്‍, സോഷ്യല്‍ മീഡിയയുമായുള്ള ദീര്‍ഘകാല ഇടപഴകല്‍, ആക്രമണം, അക്ഷമ, ഹൈപ്പര്‍ ആക്ടിവിറ്റി, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും വെളിപ്പെടുത്തുന്നു.
സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും കണക്റ്റുചെയ്യാനോ വിഡിയോകൾ കാണാനോ ‘വെറുതെ സമയം തള്ളിനീക്കുവാനോ’ നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ കുറെ കാലങ്ങളായി ഈ വിനോദത്തിന്റെ ജനപ്രീതി ഗണ്യമായി വർധിച്ചു വന്നിരിക്കുകയാണ്. കുട്ടികളിലും കൗമാരക്കാരിലും ചെറുപ്പക്കാർ മുതൽ മധ്യവയസ്കർ വരെയുള്ളവരിലും ഒരുപോലെ ഇതിന്റെ ഉപയോഗം കാണപ്പെടുന്നു. സോഷ്യൽ മീഡിയ മസ്തിഷ്കത്തിൽ ചെലുത്തുന്ന സ്വാധീനം കാരണം അവയുടെ പ്രത്യാഘാതം ശാരീരികവും മാനസികവുമായ തലങ്ങളിൽ ആസക്തി ജനിപ്പിക്കുന്നു.
ഹാർവഡ് യൂണിവേഴ്‌സിറ്റിയുടെ പുതിയ പഠനമനുസരിച്ച്, ഒരു ആസക്തി ജനിപ്പിക്കുന്ന പദാർഥം എടുക്കുമ്പോൾ അവ തലച്ചോറിനെ എങ്ങനെ ബാധിക്കുന്നുവോ അതേ രീതിയിൽതന്നെ സോഷ്യൽ മീഡിയ നമ്മുടെ തലച്ചോറിനെ ബാധിക്കുന്നു. മറ്റ് തരത്തിലുള്ള പെരുമാറ്റ ആസക്തികൾ പോലെ, സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്നത് നമ്മുടെ തലച്ചോറിനെ ദോഷകരമായ രീതിയിൽ സ്വാധീനിക്കും. സോഷ്യൽ മീഡിയ പലവിധത്തിൽ നമ്മൾ ഉപയോഗിച്ചേക്കാം. പോസ്റ്റുകൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവയിലൂടെ സ്ക്രോൾ ചെയ്യുന്നത് നമ്മുടെ ജീവിതത്തിന്റെ മറ്റ് മേഖലകളെയും അവയുടെ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്നു.
സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവർക്കും മേൽപ്പറഞ്ഞ ആസക്തി ഉണ്ടാകണമെന്നില്ല. ഈ പ്രവർത്തനം കൂടുതൽ ആളുകൾക്ക് കൂടുതൽ പ്രാപ്യമാകുന്നതിനാൽ, കൂടുതൽ ആളുകൾ അവരുടെ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ സോഷ്യൽ മീഡിയയിലേക്കുള്ള ആസക്തി വളർത്തിയെടുത്തേക്കാം
എന്തുകൊണ്ടാണ് സോഷ്യൽ മീഡിയ അമിത ഉപയോഗം ഇത്രയധികം ഒരു പ്രശ്നമായി മാറുന്നത്?
സോഷ്യൽ മീഡിയ ഉപയോഗം നമ്മുടെ തലച്ചോറിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. നമുക്ക് ഒരു സോഷ്യൽ മീഡിയ അറിയിപ്പ് ലഭിക്കുമ്പോൾ, നമ്മുടെ മസ്തിഷ്കം ഒരു റിവാർഡ് പാത്ത്‌വേയിലൂടെ ഡോപാമൈൻ എന്ന രാസ സന്ദേശമയയ്‌ക്കുന്നു, അത് നമുക്ക് നല്ല അനുഭവം നൽകുന്നു. അതിനാൽ ഡോപാമൈനെ റിവാർഡ് ഹോർമോൺ എന്ന് വിളിക്കുന്നു. ഈ ന്യൂറോ ട്രാൻസ്മിറ്ററുകൾ ആനന്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു, നമ്മുടെ മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഡോപാമൈൻ എന്ന രാസവസ്തു, നമ്മുടെ മാനസികാവസ്ഥയെയും നമ്മുടെ പ്രചോദനത്തെയും പ്രതിഫല ബോധത്തെയും നിയന്ത്രിക്കുന്നു.
ഡോപാമൈൻ ഒരു വിധത്തിൽ പ്രതിഫലത്തേക്കാൾ പ്രതീക്ഷയാണ് നമ്മളിൽ ജനിപ്പിക്കുന്നത്.നമ്മുടെ ഫോണിൽ ഒരു അലേർട്ട് അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലഭിക്കുമ്പോൾ, അത് എന്താണെന്നറിയാനുള്ള ആകാംഷയായിരിക്കും മുൻപന്തിയിൽ നിൽക്കുന്നത്. ഈ നോട്ടിഫിക്കേഷൻ എന്തും ആകാം, ഒരു ടെക്‌സ്‌റ്റോ, ഇ-മെയിലോ, ട്വിറ്ററിലെ മറുപടിയോ, ഫെയ്സ്ബുക്ക് സന്ദേശമോ ആകാം, എന്നാൽ അത് പരിശോധിക്കുന്നത് വരെ അത് ആരിൽ നിന്നാണെന്നോ എന്തിനെക്കുറിച്ചാണെന്നോ അതിൽ എന്താണോ പ്രതിപാദിച്ചിരിക്കുന്നതെന്നു നമുക്ക് അറിഞ്ഞെന്നു വരില്ല. ഈയൊരു ജിജ്ഞാസ ഡോപാമൈൻ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.
സോഷ്യൽ മീഡിയ ഉപയോഗിച്ചതിന് ശേഷം നമുക്ക് കൂടുതൽ ഡോപാമൈൻ ഉത്പാദനം അനുഭവപ്പെടുമ്പോൾ, നമ്മുടെ മസ്തിഷ്കം ഈ പ്രവർത്തനത്തെ പ്രതിഫലദായകമായ ഒന്നായി തിരിച്ചറിയുന്നു. അത് നമ്മൾ വീണ്ടും ആവർത്തിക്കുവാൻ നമ്മുടെ തലച്ചോർ നമ്മളെ പ്രേരിപ്പിക്കുന്നു. നമ്മൾ സ്വന്തമായി ഒരു പോസ്റ്റ് ഉണ്ടാക്കി പോസിറ്റീവ് ഫീഡ്‌ബാക്ക് നേടുമ്പോഴെല്ലാം അത്തരമൊരു പ്രതികരണം കൂടുതൽ അനുഭവപ്പെട്ടേക്കാം. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പോസിറ്റീവ് വികാരങ്ങൾ താൽക്കാലികം മാത്രമാണ്. ഈ പോസിറ്റീവ് റൈൻഫോഴ്‌സ്‌മെന്റിൽ നമ്മുടെ മസ്തിഷ്കം ഏർപ്പെടുന്ന രീതി മറ്റ് ആസക്തികളിലും കാണപ്പെടുന്നു. സോഷ്യൽ മീഡിയ മനുഷ്യ ബന്ധത്തെ അനുകരിക്കുന്നു, ഞങ്ങൾക്ക് ലൈക്കുകളും കമന്റുകളും ലഭിക്കുമ്പോൾ ഡോപാമൈൻ റിലീസിന് പ്രേരിപ്പിക്കുന്നു. അതിനാൽ, വീണ്ടും സോഷ്യൽ മീഡിയയിലേക്കു കൂടുതൽ തിരിയാൻ നമ്മൾ നിർബന്ധിതരാകുന്നു.
സോഷ്യൽ മീഡിയ ഉപയോഗിച്ചുകൊണ്ട് ഇന്ന് വളരെയധികം നന്മയായ പ്രവർത്തനങ്ങളിൽ ആളുകൾ ഇടപഴകുന്നുണ്ട്. സോഷ്യൽ മീഡിയകൾ വഴി ഒരുപാട് നല്ല പഠനങ്ങളും സൗഹൃദങ്ങളും നമുക്ക് ലഭിക്കുന്നുമുണ്ട്. അതുപോലെതന്നെ വളരെ നല്ല രീതിയിൽ വളരെ ശ്രദ്ധയോടുകൂടി തന്നെ സോഷ്യൽ മീഡിയ ഉപയോഗിച്ചുകൊണ്ട് നമുക്ക് ജീവിതത്തിൽ വിജയിക്കാനും പറ്റും. ഈ കഴിഞ്ഞ പ്രളയകാലത്ത് നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിച്ചുകൊണ്ട് നടത്തിയ പ്രവർത്തനങ്ങൾ എല്ലാവർക്കും ഓർമ്മയുണ്ടാകുമല്ലോ.
പ്രളയ കാലത്ത് വളരെ നല്ല രീതിയിൽ തന്നെ ആളുകൾ സോഷ്യൽ മീഡിയ ഉപയോഗിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ആളുകൾക്ക് വളരെ ആശ്വാസകരമായ സഹായങ്ങൾ എത്തിക്കുവാനും കഴിഞ്ഞിട്ടുണ്ട്.