പറിച്ചെടുക്കുന്നവന്റെ കയ്യിലിരുന്ന് ഞെരിഞ്ഞമരുമ്പോഴും പൂവ് പൊഴിക്കുന്ന സുഗന്ധമുണ്ടല്ലോ അതാണ് യഥാർത്ഥ സ്നേഹം.അത് പ്രകടിപ്പിക്കാനുള്ളതാണ് . പൊതിഞ്ഞുകെട്ടി മനസ്സിൽ സൂക്ഷിച്ചാൽ അത് തിരിച്ചറിയപ്പെടാതെ പോകും. സ്നേഹം ഒരിക്കലും കുടത്തിലെ വിളക്കാകരുത്.
യാചിച്ചു കിട്ടുന്ന ഭിക്ഷ ആകരുത് സ്നേഹം. കാത്തിരുന്നു കിട്ടുന്ന വരം ആകണം സ്നേഹം. ഉപാധികളില്ലാതെ സ്നേഹം പകർന്ന് നൽകിക്കൊണ്ടേയിരിക്കുക . പ്രകടിപ്പിക്കാൻ കഴിയാത്ത സ്നേഹം നിരർത്ഥകമാണ്. പിശുക്കൻ്റെ നിധി ശേഖരത്തിലെ ക്ലാവു പിടിച്ച നാണയം പോലെ ഉപയോഗശൂന്യവും.
ഒരു പരിഭവവുമില്ലാതെ സ്നേഹം പകർന്ന് നല്കാൻ കഴിയുന്നവർക്ക് മാത്രമേ ബന്ധങ്ങൾ നിലനിർത്താൻ കഴിയൂ.. അല്ലാത്തവർക്ക് പാതിവഴിയിൽ അവസാനിപ്പിച്ച ബന്ധങ്ങളുടെ
കഥകളാകും കൂടുതൽ പറയാനുണ്ടാവുക...
നമുക്ക് ഒരാളെ സ്നേഹിക്കാൻ നമ്മൾ സ്നേഹിക്കപ്പെടണമെന്നോ ഓർമ്മിക്കപ്പെടണമെന്നോ പോലുമില്ല .യഥാർത്ഥ സ്നേഹം എന്ന് പറയുന്നത് അതിൽ തന്നെ പുണ്യവും പൂർണ്ണവുമാണ് .സ്വീകരിക്കുന്നവരെക്കാൾ അത് നൽകുന്നവരെ അടയാളപ്പെടുത്തുന്നു .
പരസ്പരമുള്ള ആകർഷണീയതയും അഭിരുചികളും ബന്ധങ്ങൾക്ക് തുടക്കമിടുമെങ്കിലും അതിലെ സ്വാഭാവിക നന്മ മാത്രമേ അതിന്റെ തുടർച്ച സാധ്യമാക്കൂ
അതാണ് സ്നേഹം.
ആഴത്തിലുള്ള സ്നേഹമാണ് ലോകത്തിലെ ഏറ്റവും വലിയ വേദനക്ക് കാരണം. നമ്മുടെ സ്നേഹം അവരുടെ ജീവിതത്തിൽ ഒന്നുമല്ലായിരുന്നു എന്നറിയുമ്പോൾ അത് നമ്മളെ ഒരുപാട് വേദനിപ്പിക്കുന്നു. അനാവശ്യമായ ഒരു വാക്ക് മതി ഒരു നല്ല സ്നേഹബന്ധം ഇല്ലാതാവാൻ . ഒരായിരം വാക്കുകൾ ഉണ്ടായാലും ആത്മാർത്ഥമായ സ്നേഹം ലഭിക്കണമെന്നില്ല .
✍️: അശോകൻ.സി.ജി.