അപരന്റെ ചലനങ്ങൾക്ക് വിഘാതം സൃഷ്‌ടിക്കാതെ സ്വന്തം യാത്രകളെ ക്രിയാത്മകവും മനോഹരവുമാക്കിയാൽ എല്ലാവരുടെയും ജീവിതം കൂടുതൽ പ്രയോജനപ്രദമാകും. ആവശ്യമുള്ളതിനോടും അർഹതയുള്ളതിനോടും മാത്രം പ്രതികരിക്കാൻ കഴിഞ്ഞാൽ തന്നെ അപ്രധാനമായതെല്ലാം ഒഴിവാകും.
പ്രകോപനം ശീലമാക്കിയവരെ പ്രതികരിച്ചു തോൽപ്പിക്കാനാകില്ല, അവർക്കുള്ള പ്രത്യുത്തരം പൂർണനിശ്ശബ്‌ദത തന്നെയാണ്, അതാണ് ജീവിതവിജയത്തിനാവശ്യം. അപരിചിത മണ്ഡലങ്ങളിലെ പ്രതികരണങ്ങളിൽ കരുത്തിനേക്കാൾ പ്രധാനം ദീർഘവീക്ഷണമാണ്. വിഷയങ്ങളെ പൂർണമായും മനസ്സിലാക്കി മാത്രം വേണമെങ്കിൽ പ്രതികരിക്കുക.
നന്മനിറഞ്ഞ മനസ്സുകൾക്ക് അതിന് എപ്പോഴും കഴിവ് ഉണ്ടാവുകയുള്ളൂ. സ്വയം സംയമനം പാലിക്കുക ജീവിതത്തിൽ മുന്നേറ്റം ഉണ്ടാകും.
നാം നമ്മുടെ സ്വന്തം നില മനസ്സിലാക്കി അതിലുറച്ചു നില്‍ക്കുക, എങ്കിൽ നമ്മുടെ ഭാവി സ്വന്തം ഇച്ഛക്കൊത്ത് രൂപപ്പെടുത്താന്‍ വലിയൊരു പരിധിവരെ സാധിക്കും.
ഒന്നില്‍ മാത്രം തീവ്രതയോടെ മനസ്സ് കൊളുത്തികിടക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാവുന്നത്.
അത് തികച്ചും സങ്കുചിതമായ ഒരു ജീവിതമാണ്, തീര്‍ച്ചയായും അത് ദു:ഖത്തിലും നിരാശയിലും മാത്രമേ അവസാനിക്കൂ.
എല്ലാത്തിനെയും അറിയാനും അനുഭവിക്കാനും ആസ്വദിക്കാനുമാവണം.
ഒന്നില്‍ മാത്രമായി കുരുങ്ങികിടക്കാന്‍ മനസ്സിന് അവസരം കൊടുക്കരുത്.
മുന്‍വിധികള്‍ ഏതുമില്ലാതെ പൂര്‍ണമനസോടെ ഇഴുകിച്ചേരുക. ഓരോ അണുവിനെയും കണ്ടെത്താനും മനസ്സിലാക്കാനും ശ്രമിക്കുക.
അപ്പോള്‍ താനേ അറിയാനാവും അവനവനില്‍ അന്തര്‍ലീനമായിരിക്കുന്ന അനന്തസാദ്ധ്യതകൾ.
നാം പറയുന്ന വാക്കുകൾക്ക് വളരെ ഏറെ ശക്തിയുണ്ട്. അറിയാതെ നമ്മിൽ നിന്നും ഉതിർന്ന് വീഴുന്ന വാക്കിന് ലോകത്ത് നന്മയായും തിന്മയായും പല കാര്യങ്ങളും നടത്താൻ കഴിവുണ്ട്.
അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന വാക്കുകളുടെ കരുത്തിനെ തിരിച്ചറിഞ്ഞ്, മിതമായും, സന്ദർഭോചിതമായും ഉചിതമായ ശബ്ദഗതിയോടും സംസാരിക്കുക. ജീവന്റെ നാനാതുറകളിലും പ്രവർത്തിയേക്കാൾ, വാക്കുകൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.
വ്യക്തിത്വത്തിന്റെ ശോഭകൂട്ടുന്ന രീതിയിൽ വാക്പ്രയോഗങ്ങൾ നടത്തുന്നത് കൂടുതൽ കൂടുതൽ സൗഹൃദങ്ങൾ സമ്മാനിക്കുന്നതാണ്.