പാദം വിണ്ടുകീറുന്നത് എളുപ്പത്തില്‍ പരിഹരിക്കാം
തണുപ്പുകാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കാല്‍ പാദങ്ങള്‍ വിണ്ടു കീറുന്നത്. അതേസമയം മഴക്കാലത്തും വേനല്‍ക്കാലത്തും കാലില്‍ വിള്ളലുകള്‍ ഉണ്ടാവാറുണ്ട്. കാലുകളുടെ ചര്‍മ്മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്ന അവസ്ഥയാണ് കാല്‍ വിണ്ടുകീറാന്‍ കാരണം.
പാദങ്ങള്‍ വിണ്ടുകീറുമ്പോള്‍ പലര്‍ക്കും അസഹനീയമായ വേദനയും അനുഭവപ്പെടാറുണ്ട്. പാദത്തിന്റെ അരികുകളിലുള്ള ചര്‍മ്മത്തിന് കട്ടി കൂടുന്നതും പാദം വിണ്ടുകീറാന്‍ കാരണമാകാറുണ്ട്. പാദങ്ങളില്‍ എപ്പോഴും എണ്ണമയം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.
കാലുകളിലെ എണ്ണയുടെ അംശം കുറയുമ്പോള്‍, ചര്‍മ്മം വരണ്ട് തൊലിയില്‍ വീണ്ടുകീറലുകള്‍ ഉണ്ടാകുന്നു. ശരിയായ സംരക്ഷണം പാദങ്ങള്‍ക്ക് കൊടുക്കുന്നതുവഴി ഈ പ്രശ്‌നം പൂര്‍ണമായും ഇല്ലാതാക്കാം. കൂടുതല്‍ നേരം നില്‍ക്കുന്നത് ഉപ്പൂറ്റി വിണ്ട് കീറാനുള്ള സാധ്യ വര്‍ധിപ്പിക്കുന്നു.
കാല്‍പാദങ്ങള്‍ സുന്ദരമായി സൂക്ഷിക്കാന്‍ സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഏതെല്ലാമെന്ന് നോക്കാം.
കിടക്കുന്നതിന് മുൻപായി അൽപ്പം വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് പാദങ്ങൾ നന്നായി മസാജ് ചെയ്യുക. ഇത് പതിവായി ചെയ്യുന്നത് പാദങ്ങളെ വിണ്ടുകീറലിൽ നിന്നും രക്ഷിക്കും.
വാഴപ്പഴം പേസ്റ്റ് കാലിലെ വണ്ടുകീറിയ ഭാഗത്ത് പുരട്ടുക. പത്ത് മിനുട്ട് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കുക. ഈ മാർഗ്ഗം ദിവസേന ചെയ്യുക. ഇത് പാദം വിണ്ടു കീറുന്നത് തടയുന്നു.
നാരങ്ങയുടെ നീര് കാലിൽ പുരട്ടിയ ശേഷം നന്നായി മസാജ് ചെയ്യുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ചെയ്യുന്നത് ഫലം നല്‍കും.
ഒരു ബക്കറ്റ് വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് അതിലേക്ക് പാദം ഇറക്കി വയ്ക്കുക. ശേഷം പ്യുമിക് സ്‌റ്റോൺ ഉപയോഗിച്ച് വിള്ളലുള്ള ഭാഗങ്ങൾ ഉരച്ച് കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യണം. ഇത് പാദത്തിലെ വിള്ളൽ ഇല്ലാതാക്കുന്നു.
പാദങ്ങൾ പൂർണ്ണമായും മറയ്ക്കുന്ന തരത്തിൽ വൃത്തിയുള്ളതും മൃദുവായതുമായ സോക്‌സുകൾ ധരിക്കുന്നതും വീടിനുള്ളിലും പാദരക്ഷകൾ ഉപയോഗിക്കുന്നതും തണുപ്പുകാലത്ത് പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ സഹായിക്കും.
കാലിൽ വെളിച്ചെണ്ണ പുരട്ടുന്നത് ചർമ്മം വരണ്ടതാകുന്നതിൽ നിന്ന് തടയും. വെളിച്ചെണ്ണ ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും. വരണ്ട ചർമ്മത്തിന് മോയ്സ്ചറൈസറായി ഇത് ഉപയോഗിക്കുന്നു.
പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ ഏറ്റവും മികച്ചതാണ് കഞ്ഞിവെള്ളം. ഇതിനായി കുറച്ച് കഞ്ഞിവെള്ളത്തിലേയ്ക്ക് തേനും അല്‍പം വിനാഗരിയും ചേര്‍ത്ത് ലായനി തയ്യാറാക്കാം. ശേഷം ഇതിലേയ്ക്ക് കാലുകള്‍ മുക്കി വയ്ക്കാം.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക.