നമ്മൾ എപ്പോഴെങ്കിലും ഒറ്റയ്ക്കായി എന്ന് തോന്നുമ്പോൾ അവനവനിലേക്ക് ഒന്ന്തിരിഞ്ഞു നോക്കണം. സ്വയം ഒരാൾക്കൂട്ടമായി വന്നു ബഹളം വയ്ക്കാൻ എത്രയെത്ര ഓർമ്മകളാണ് നമ്മളിലുള്ളതെന്ന് അറിയാനായെങ്കിലും.
നമ്മുടെ ചില ഓർമ്മകൾ സ്വപ്നത്തേക്കാൾ മനോഹരിത നിറഞ്ഞതായിരിക്കും എന്നാൽ ചിലത് കാലം മായ്ക്കാത്ത മുറിവായി മനസ്സിൽ തങ്ങിക്കിടക്കും . അത്തരം ഓർമ്മകളെ മനസ്സിന്റെ അഗാധതകളിൾ കുഴിവെട്ടി മൂടുക തന്നെ വേണം.
ചില ഓർമ്മകൾ എന്നും അങ്ങനെയാണ്. നമ്മൾ മറക്കാൻ ശ്രമിക്കും തോറും ആരെങ്കിലുമൊക്കെ നമ്മളെയത് ഓർമ്മപ്പെടുത്തി കൊണ്ടേയിരിക്കും.നമ്മൾ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകളാവും ഇരുട്ടിൽ ഏറ്റവും തിളങ്ങി നിൽക്കുക.
ചില ഓർമ്മകൾ അയവിറക്കുമ്പോൾ അത് നമ്മുടെ മനസ്സിനെ ഒരു പാട് നൊമ്പരപ്പെടുത്തും എങ്കിലും
ആ ഓർമ്മകളുടെ അകമ്പടിയില്ലാതെ
നമുക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകില്ല.
ആയിരം ഹൃദയങ്ങൾ നമ്മളെ സ്നേഹിക്കാൻ ഉണ്ടെങ്കിലും നമ്മൾ സ്നേഹിക്കുന്ന ഹൃദയത്തിൽ നിന്ന് ലഭിക്കുന്ന സ്നേഹം മാത്രമേ പൂർണമായും നമ്മളെ സന്തോഷിപ്പിക്കുകയുള്ളൂ.
ഒരിക്കൽ കനലായ് എരിഞ്ഞ് നമ്മുടെ ജീവിതത്തെ പൊള്ളിപ്പിച്ചതുകൊണ്ടായിരിക്കും ചില
ഓർമ്മകളിന്നും മനസ്സിൽ കിടന്ന് തിളക്കുന്നത്. വിഷമങ്ങൾ ആരോടും പങ്കുവെക്കാൻ കഴിയാതെ മനസ്സിൽ ഒതുക്കി വക്കുമ്പോൾ ഹൃദയത്തിലുണ്ടാകുന്ന വേദന.. അതൊരു വല്ലാത്ത വേദന തന്നെയായിരിക്കും .
കാലമെത്ര കഴിഞ്ഞാലും നമ്മൾ മറക്കുവാൻ ഇഷ്ടപ്പെടാത്ത ചില പ്രിയമുള്ള ഓർമ്മകളുണ്ട്. അവയ്ക്കെന്നും വെള്ളമൊഴിക്കണം. തളിർത്തു മൊട്ടിട്ട് വീണ്ടും ഓർമ്മയിലത് പൂത്തുലയട്ടെ.
✍️: അശോകൻ.സി.ജി.