കൂടത്തായി മോഡൽ കൊല മഹാരാഷ്ട്രയിലും; ഒരു മാസത്തിനിടെ വിഷം നൽകി കൊന്നത് അഞ്ച് പേരെ
മുംബൈ: മുംബൈയിലെ ഗഡ്ചിറോളിയിൽ കൂടത്തായി മോഡൽ കൊലപതാകം. ഒരു മാസത്തിനിടെ കുടുംബത്തിലെ അഞ്ച് പേരെയാണ് പ്രതികൾ വിഷം നൽകി കൊലപ്പെടുത്തിയത്.
കൂടത്തായി കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ ഉപയോഗിച്ചത് സയനൈഡ് ആണെങ്കിൽ, ഈ കേസിൽ മറ്റൊരു വിഷപദാർത്ഥമാണ് ഭക്ഷണത്തിലും വെള്ളിത്തിലും കലർത്തിയത്
ഭക്ഷണത്തിൽ താലിയം എന്ന വിഷപദാർത്ഥം കലർത്തിയായിരുന്നു കൊലപാതകം.
കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ ജോളി ജോസഫ് എന്ന സ്ത്രീ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ കുടുംബത്തിലെ ആറ് പേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയ വാർത്ത പുറത്തറിഞ്ഞപ്പോൾ കേരളം ഞെട്ടിയതാണ്. ഇപ്പോൾ സമാനമായ കൊലപാതക പരമ്പരയെ കുറിച്ചുള്ള വാർത്തകളാണ് മഹാരാഷ്ട്രയിൽ നിന്നും വന്നത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് സംശയം ഉയർന്നത്.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണം ചെന്നെത്തിയത് കുടുംബത്തിലെ മരുമകളിലേക്കും ബന്ധുവിലേക്കും. സംഘമിത്ര, റോസ എന്നീ സ്ത്രീകളെയാണ് ബുധനാഴ്ച്ച മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിനോടും മാതാപിതാക്കളോടുമുള്ള പ്രതികാരമാണ് സംഘമിത്രയ്ക്ക് കൊലപാതകത്തിനുള്ള കാരണമെങ്കിൽ സ്വത്തു തർക്കമാണ് കുടുംബത്തെ ഉന്മൂലനം ചെയ്യാൻ റോസയെ പ്രേരിപ്പിച്ചത്.
സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ സംഘമിത്ര, റോസ രാംടെകെ എന്നീ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘമിത്രയുടെ ഭർത്താവ് റോഷൻ, ഭർതൃപിതാവ് ശങ്കർ, ഭർതൃമാതാവ് വിജയ, സഹോദരി കോമൾ, വിജയയുടെ സഹോദരി വർഷ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘമിത്രയുടെ ഭർതൃമാതാവിന്‍റെ ബന്ധുവാണ് റോസ രാംടെകെ.
വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു സംഘമിത്രയുടെയും റോഷന്‍റേയു വിവാഹം. ഇതിന് പിന്നാലെ യുവതിയുടെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു. വിവാഹത്തിന് ശേഷം സംഘമിത്ര ഭർതൃവീട്ടിൽ പീഡനം നേരിട്ടിരുന്നുവെന്നും ഇത് സഹിക്കാനാവാതെ വന്നതോടെയാണ് കുടുംബത്തെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നുമാണ് നിഗമനം. സ്വത്ത് തർക്കമായിരുന്നു കൊലപാതകത്തിന് റോസയെ പ്രേരിപ്പിച്ചത്. സെപ്റ്റംബർ 20നായിരുന്നു ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ശങ്കറിനെയും അദ്ദേഹത്തിന്‍റെ ഭാര്യയെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സെപ്റ്റംബർ 26ന് ശങ്കർ മരണപ്പെട്ടു.
അടുത്ത ദിവസം ഭാര്യയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ കോമൾ, റോഷൻ എന്നിവരെയും ദേഹാസ്വസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരും പിന്നീട് മരണപ്പെട്ടു. റോഷന്‍റെ സഹോദരൻ സാഗറും സമാന അസ്വസ്ഥതകൾ മൂലം ഡൽഹിയിൽ ചികിത്സ നേടിയിരുന്നു. ശങ്കറിനേയും ഭാര്യയേയും ആശുപത്രിയിലെത്തിച്ച ഡ്രൈവറും ഏചാനും ചില ബന്ധുക്കളും സമാന രീതിയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതോടെയാണ് പൊലീസ് വിഷയത്തിൽ അന്വേഷണം ആരംഭിക്കുന്നത്. പ്രതിയായ റോസ തെലങ്കാനയിലെത്തിയായിരുന്നു വിഷം വാങ്ങിയത്. പിന്നീട് അവസരം കിട്ടുമ്പോഴെല്ലാം ഇവർ കുടുംബത്തിന് ഭക്ഷണത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു.