പ്രാഗൽഭ്യമുള്ള എല്ലാവരും പ്രഗൽഭരാകില്ല. നിരന്തരം പരിശ്രമിക്കുന്നവരും പ്രാഗൽഭ്യത്തിന്റെ ഉച്ഛസ്ഥായിയിൽ എത്തിയ ശേഷവും സ്വയം ശിക്ഷണം തുടരുന്നവരും മാത്രമാണ് എക്കാലത്തെയും ശ്രേഷ്ഠ മാതൃകകൾ ആവുക.
എത്തിച്ചേരാൻ ആഗ്രഹിച്ച സ്ഥലത്ത് എത്തിക്കഴിഞ്ഞാൽ ലഭിക്കുന്ന ആവേശത്തിനും ആരവങ്ങൾക്കുമിടയിൽ 'വളരാൻ ഇനിയുമുണ്ട്'എന്ന ചിന്ത പലപ്പോഴും മറക്കും. ഇനി ഒന്നും നേടാനില്ല എന്നുറപ്പിച്ചുള്ള വിശ്രമം ഒരാളുടെ കഴിവിന്റെയും. പോരാട്ടത്തിന്റെയും അന്ത്യവിശ്രമം തന്നെയാണ്.
മറ്റുള്ളവര്‍ ഒന്നിനും കൊള്ളരുതാത്തവരെന്ന് മുദ്രകുത്തിയ പലരും വിജയപഥമേറി ഉയരങ്ങളിലെത്തിയതിനു ഉദാഹരണങ്ങളുണ്ട്. ചരിത്രത്തില്‍ പരതുമ്പോള്‍ അത്ഭുത പ്രതിഭാസങ്ങളെ നാം കണ്ടെത്തുന്നു.... വയലിന്‍ വേണ്ടവിധം വായിക്കാന്‍ പലകുറി പറഞ്ഞിട്ടും തെറ്റിക്കുന്ന, സ്വന്തം ഇഷ്ടത്തിനനുസരിച്ച് സംഗീതാന്വേഷണം നടത്തിയിരുന്ന ഒരു ബാലനെക്കുറിച്ച് സംഗീതം പഠിപ്പിച്ച ടീച്ചര്‍ പറഞ്ഞതിങ്ങനെ: 'വയലിന്‍ ശരിക്കൊന്ന് വായിക്കാന്‍ പഠിക്കാതെ എന്തെങ്കിലും ചെയ്തുകാണിക്കുന്ന ഇവനെ സംഗീതജ്ഞനാക്കാന്‍ എനിക്കാവില്ല'. പരിശ്രമം കൊണ്ട് അനശ്വര സംഗീതം പൊഴിച്ച വിശ്വപ്രസിദ്ധ സംഗീതജ്ഞനായി മാറിയ ബിഥോവനെക്കുറിച്ചാണ് ടീച്ചര്‍ വിധിയെഴുതിയിരുന്നത്.
ഐന്‍സ്റ്റൈന്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ അധ്യാപിക പറഞ്ഞതും മറ്റൊന്നല്ല. 'ആലോചനയില്‍ മന്ദഗതിക്കാരനാണിവന്‍.മണ്ടന്‍ സ്വപ്നങ്ങളില്‍ കുരുങ്ങിപ്പോയവനാണിവന്‍'. നാലാം വയസ്സു വരെ വര്‍ത്തമാനം പറഞ്ഞിട്ടില്ലാത്ത, ഏഴുവയസ്സു വരെ വായിക്കാനാവാത്ത ഐന്‍സ്റ്റൈന്‍ സ്വന്തം പരിശ്രമത്തിലൂടെ ശാസ്ത്രത്തിന്റെ അത്ഭുതലോകത്ത് ഇന്നും അജയ്യന്‍. മുന്നില്‍ തരണം ചെയ്യാനുള്ള പ്രതിബന്ധങ്ങള്‍ വരുമ്പോള്‍ ചിലര്‍ നെടുവീര്‍പ്പിട്ട് പിന്‍വാങ്ങുന്നു.
അഭിമുഖീകരണത്തില്‍ നിന്നാണ് ജയത്തിലേക്കുള്ള പാത വെട്ടുന്നത്. പിന്തിരിഞ്ഞോടല്‍ പരാജയം അംഗീകരിക്കലാണെന്ന് മനസ്സിലാക്കുന്നവര്‍, മുന്നോട്ട് പോകാനുള്ള പരിശ്രമങ്ങളെക്കുറിച്ചാണ് ആലോചിക്കുന്നത്. പലവട്ടം പരാജയപ്പെട്ടിട്ടും കടക്കാരനായി മാറിയിട്ടും പിന്‍വാങ്ങാതെ മുന്നോട്ട് നീങ്ങി. പില്‍ക്കാലത്ത് ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ പര്യായമായി മാറിയ ഹെന്റി ഫോര്‍ഡ് ഒരാളിന്റെ വളര്‍ച്ചയില്‍ മുന്നിലെത്തുന്ന വൈതരണികളെക്കുറിച്ച് പറയുന്നു. 'നിങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് കണ്ണെടുത്തു മാറ്റുമ്പോള്‍ കാണുന്ന പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് നിങ്ങളുടെ പ്രതികൂല സാഹചര്യങ്ങള്‍'. ലക്ഷ്യത്തെ കൈവിടുമ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് വിധിയെഴുതുന്നു. എല്ലാം തടസ്സങ്ങളായി തോന്നുന്നു.ലക്ഷ്യം എന്തെന്ന് തീരുമാനിച്ച് മുന്നേറുന്നയാള്‍ ചുറ്റുവട്ടത്തെ പ്രതികൂലമെന്ന് വിധിക്കുന്നില്ല.മറ്റുള്ളവരെ പഴിചാരുന്നില്ല.പഠിക്കാന്‍ തീരുമാനമെടുത്ത, എന്തു പഠിക്കണമെന്ന് അചഞ്ചലമായ മനസ്സോടെ മനസ്സില്‍ കാണുന്ന ഒരു വിദ്യാര്‍ഥിക്ക് മുന്നില്‍ ലക്ഷ്യപ്രാപ്തിയിലേക്കുള്ള മാര്‍ഗങ്ങള്‍ മാത്രം തെളിയുന്നു. ലക്ഷ്യമുറപ്പിച്ച്, തന്നില്‍ വിശ്വാസമര്‍പ്പിച്ച് തളരാതെ മുന്നോട്ട് നീങ്ങിയ റിച്ചാര്‍ഡ് ഹൂക്കര്‍ എന്ന അമേരിക്കൻ എഴുത്തുകാരന്റെ അനുഭവകഥ ഇതിന് ഉദാഹരണമാണ്.
ഏഴുവര്‍ഷം പാടുപെട്ട് ഹൂക്കര്‍ ഒരു നോവലെഴുതി: മാഷ് അത് യുദ്ധത്തെ പരിഹാസം കൊണ്ട് ആലേഖനം ചെയ്ത ഒരു നോവലായിരുന്നു; ആക്ഷേപഹാസ്യത്തിന് ഒരു പുതുഭാഷ്യം നല്‍കിയ നോവല്‍. ഹൂക്കര്‍ നോവല്‍ പ്രസിദ്ധീകരണത്തിന് പ്രസാധകരെ തേടി. ഒന്നല്ല, ഇരുപത്തിയൊന്ന് പ്രസാധകര്‍ ആ നോവല്‍ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. ഒടുവില്‍ മൊറേ എന്ന പ്രസിദ്ധീകരണശാല ഒരു പരീക്ഷണത്തിന് മുതിര്‍ന്ന്, നോവല്‍ പുറത്തിറക്കി. 'മാഷ്' ഇന്ന് ദശലക്ഷക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ചിരിക്കുന്നു. പ്രശസ്ത ടിവി സീരിയലിന് ആ കഥ കേന്ദ്രബിന്ദുവാക്കിയതും ഒരു ചലച്ചിത്രം നിര്‍മിച്ചതും പിന്നീടുണ്ടായ അത്ഭുതങ്ങള്‍.
ആത്മവിശ്വാസം കൈവിടാതെ അധ്വാനിക്കുന്നവര്‍ വിജയം കൊയ്യുന്നു. പരാജയങ്ങളില്‍ നിന്നുള്ള അത്ഭുത വിജയങ്ങളിലേക്കുള്ള വഴി സുഗമമാവണമെന്നില്ല. കടുത്ത യാതനകളെയും ദുരവസ്ഥകളെയും അഭിമുഖീകരിച്ചാല്‍ മാത്രമേ വിജയശിഖരം കീഴടക്കാനാവൂ. വിജയം സകലരും ആഗ്രഹിക്കുന്നുണ്ട്. വിജയപഥം തേടുമ്പോള്‍ ഒരാള്‍ എളുപ്പത്തിലതിലെത്തിച്ചേരുന്നില്ല. പലരും, വിജയരഥത്തിലേറിയവര്‍ പലവട്ടം പ്രതികൂല സാഹചര്യങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട് എന്നത് മറക്കുന്നു. വീഴ്ചകളില്‍ നിന്ന് പാഠം പഠിച്ച്, കരുത്തു നേടി മുന്നോട്ട് നടന്നവര്‍ തന്നെയാണ് ലക്ഷ്യത്തിലെത്തിച്ചേര്‍ന്നിട്ടുള്ളത്. വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു സന്ദേശം ഇങ്ങനെ : 'നിങ്ങള്‍ മറന്നേക്കാനിടയുണ്ടെങ്കില്‍ തന്നെയും, നിങ്ങള്‍ പലതവണ പരാജയപ്പെട്ടിരുന്നു എന്നതാണ് യാഥാര്‍ഥ്യം.
ആദ്യമായി നടക്കാന്‍ തുനിഞ്ഞപ്പോള്‍ നിങ്ങള്‍ കാലിടറി വീണിരുന്നു. നീന്താന്‍ ആദ്യം വെള്ളത്തിലേക്ക് ചാടിയപ്പോള്‍ മുങ്ങിപ്പോയിരുന്നു.' പലര്‍ക്കും പരാജയങ്ങളില്ലെങ്കില്‍ ഒരു വിജയം ഉണ്ടാവുന്നില്ലെന്നതാണ് സത്യം. പരാജയമില്ലാതെ നേടുന്ന വിജയത്തിന് ആസ്വാദ്യതയും കുറയുന്നു. 'അരുനില്‍ക്കുന്ന പ്രതികൂല സാഹചര്യങ്ങളില്‍ നേടിയെടുക്കുന്ന വിജയങ്ങള്‍ക്കാണ് കൂടുതല്‍ മാധുര്യം' എന്ന് ചൈനീസ് പഴമൊഴി. കയ്പ്പുറ്റ അനുഭവങ്ങളില്‍ നിന്നുള്ള നേട്ടങ്ങള്‍ക്ക് മാധുര്യമേറെയായിരിക്കും. കഠിനശ്രമങ്ങള്‍ക്കൊടുവില്‍ ലക്ഷ്യപ്രാപ്തി നേടുമ്പോള്‍ ആത്മാഭിമാനവും ആത്മവിശ്വാസവും ഏറുന്നു. പലവട്ടം മുട്ടുകുത്തി വീണ്, വീണ്ടും വീണ്ടും ശ്രമിച്ച്, ഒടുവില്‍ കൈകുത്തിയെഴുന്നേറ്റ് നിന്ന് നടക്കാനാവുമ്പോള്‍ ഒരു കുട്ടി എത്രത്തോളം ആഹ്ളാദിക്കുന്നുവെന്നത് നമ്മള്‍ കാണുന്നതല്ലേ?
ഒരു തവണ വിജയിക്കാൻ നൂറു തവണ പരാജയപ്പെട്ടിട്ടുണ്ടാകും. ഒരു ശരിയിലേക്കെത്താൻ ആയിരം തെറ്റുകൾ വരുത്തിയിട്ടുണ്ടാകും . അവസാനത്തെ ഒരു ശരി കാണാനും അഭിനന്ദിക്കാനും ഒരുപാട് പേർ ഉണ്ടാകും . എന്നാൽ മുമ്പ് ആരുമറിയാതെ നീന്തിക്കയറിയ സങ്കടക്കടലുകൾ , പരിഹാസങ്ങൾ ഇവക്കൊന്നും വിലയിടാൻ ആർക്കുമാവില്ല.എത്തിയ ഉയരത്തിൽ തുടരണമെങ്കിൽ ഇച്ഛാശക്തിയും നിരന്തര പരിശ്രമവും വേണം.