അനാവശ്യമായ പരാതി പറച്ചിലുകൾ,നിഷേധാത്മക വിശ്വാസങ്ങൾ , കാരണമില്ലാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തൽ ,സ്വയം പഴി പറയൽ ,ഭൂതകാലത്തിൽ മാത്രം ജീവിക്കൽ,മാറ്റത്തിനോടുള്ള എതിർപ്പ്,മറ്റുള്ളവരെ ആകർഷിക്കാനുള്ള അനാവശ്യമായുള്ള വേഷം കെട്ടലുകൾ,മറ്റുള്ളവരുടെ പ്രശംസയ്ക്ക് വേണ്ടിയുള്ള ആഗ്രഹം ,ഞാൻ മാത്രമാണ് ശരിയെന്നുള്ള ചിന്ത...ഇതൊക്കെ നിയന്ത്രിക്കൂ..ജീവിതം സന്തോഷപ്രദമാക്കൂ..
സന്തോഷിക്കാനുള്ള കാരണങ്ങൾ പലതും നമുക്ക് ചുറ്റും തന്നെ ഉണ്ട്. നമുക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുന്നതാണ് നമ്മുടെ സന്തോഷം .നമ്മൾ സ്നേഹത്തോടെ ചെയ്യുന്ന ഒരു ചെറിയ കാര്യം ഒരു വലിയ മാറ്റം തന്നെ കൊണ്ടുവരും. നമ്മൾ കാരണം മറ്റുള്ളവരുടെ മനസ്സിലുണ്ടാകുന്ന സംതൃപ്തിയാണ് നമുക്കേറ്റവും സന്തോഷം നൽകുന്നത്.
സന്തോഷത്തിൻ്റെ ഒരു വാതിൽ അടയുമ്പോൾ മറ്റൊന്ന് തുറക്കുന്നു. എന്നാൽ ഇടയ്ക്കിടെ നാം അടഞ്ഞ വാതിലിലേക്ക് തന്നെ നോക്കി ഇരിക്കുകയാണെങ്കിൽ നമുക്കായി തുറന്നു കിടക്കുന്ന മറ്റു വാതിലുകൾ കാണാതെ പോകും .
ഇഷ്ടപ്പെടുന്നവരുടെ ചെറിയൊരു ഭാവമാറ്റം പോലും നമ്മളെ മാനസികമായി തളർത്തിക്കളയും.അവർ നമ്മളെ ചിലപ്പോൾ ഒന്ന് ചീത്ത വിളിച്ചിട്ട് കൂടി ഉണ്ടാവില്ല. പക്ഷേ അവരുടെ ഉള്ളിലെ ദേഷ്യം നമുക്ക് അളക്കാൻ കഴിയും . അത് അറിയാൻ കഴിയുന്ന നമ്മുടെ മനസ്സ് ഒന്ന് വിങ്ങാൻ തുടങ്ങും. പിന്നെ അത് ഒരു കരച്ചിലിൽ മാത്രമേ അവസാനിക്കൂ ..
എല്ലാ പ്രവർത്തനങ്ങളും എല്ലായ്പ്പോഴും നമുക്ക് സന്തോഷം നൽകില്ലായിരിക്കാം . എന്നാൽ പ്രവർത്തനങ്ങളില്ലാതെ ഒരു സന്തോഷവും ഇല്ല.
മറ്റൊരാളുടെ സന്തോഷത്തിൻ്റെ കാരണം നമ്മളാണെന്ന് അറിയുന്നതിനേക്കാൾ ആനന്ദം മറ്റൊന്നിനുമില്ല.
ജീവിതത്തിൽ നമ്മൾ കണ്ടുമുട്ടിയ എല്ലാവരും എന്നും കൂടെയുണ്ടായെന്ന് വരില്ല .ആരും കൂടെ ഉണ്ടായാലും ഇല്ലെങ്കിലും നമ്മൾ ഹാപ്പിയായി ജീവിക്കുക.
എല്ലാവരും ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്നു. ബാല്യവും, കൗമാരവും, യൗവ്വനവും, വാർദ്ധക്യവുമൊക്കെയാണവ.
ബാല്യത്തിൽ കൗമാരക്കാരനാകാൻ കൊതിക്കുന്നു. കൗമാരത്തിൽ ആ ആഗ്രഹം യൗവ്വനത്തിലേക്കായി മാറുന്നു.
യൗവ്വനത്തിൻ്റെ തുടക്കത്തിൽ കൂടുതൽ വലിയവനാകാനാണ് മോഹമെങ്കിൽ പിന്നീടങ്ങോട്ട് നഷ്ടപ്പെട്ട കാലഘട്ടങ്ങളെ കുറിച്ചുള്ള മധുര സ്മരണകളാകും നിറയുക.
നഷ്ടപ്പെട്ട കാലഘട്ടങ്ങളെ ശരിയായി ഉപയോഗപ്പെടുത്തിയില്ല എന്നതിനെക്കാൾ കടന്നു പോകുന്ന ഓരോന്നും സുവർണ്ണ കാലഘട്ടമാണ് എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാവേണ്ടത്.
ആ ബോധ്യത്തിൽ ജീവിത ചുറ്റുപാടുകൾ നല്ല മാർഗ്ഗത്തിൽ ഉപയോഗപ്പെടുത്തുവാനാണ് ശ്രദ്ധിക്കേണ്ടതും ശ്രമിക്കേണ്ടതും.
സ്നേഹമാണ് എല്ലാവര്‍ക്കും വേണ്ടത്. അതിന് വേണ്ടിയാണ് എല്ലാവരും നെട്ടോട്ടമോടുന്നതും.അത് തന്നെയാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനവും.സ്നേഹം കിട്ടാന്‍ കാണിക്കുന്നതിന്റെ പാതി ശ്രമം പോലും ആരും അത് തിരികെ കൊടുക്കാന്‍ കാണിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
പ്രതികൂല സാഹചര്യത്തിലും സ്നേഹത്തിന്‍റെ ഒഴുക്കിന് തടസ്സമില്ലെങ്കിൽ അതാണ് യഥാര്‍ത്ഥ സ്നേഹം.സ്നേഹമാണ് ഉള്ളില്‍ നിറയ്‌ക്കേണ്ടതെന്നും, സ്നേഹം കൊണ്ടാണ് മറ്റുള്ളവരെ കീഴടക്കേണ്ടതെന്നും നാം സ്വയം ഓർമ്മിപ്പിച്ച് കൊണ്ടേയിരിക്കണം.