സീഫുഡ് അഥവാ കടല്‍വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. അതില്‍ തന്നെ എല്ലാവര്‍ക്കും ഏറെ പ്രിയമുള്ള ഒന്നാണ് ചെമ്മീൻ അഥവാ കൊഞ്ച്. എന്നാല്‍ ചില ഭക്ഷണങ്ങൾക്കൊപ്പം ചെമ്മീൻ കഴിക്കുന്നത് ചിലരില്‍ പെട്ടെന്ന് അലർജിയുണ്ടാക്കാനും ദഹനത്തെ ബാധിക്കാനും കാരണമായേക്കാം. ചെമ്മീനിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം..
പാലുല്‍പ്പന്നങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചെമ്മീനിനൊപ്പം പാലോ ക്രീം സോസോ ചേര്‍ക്കുന്നത് ചിലരില്‍ അലർജിക്ക് കാരണമാകും. കാരണം പാലുൽപ്പന്നങ്ങളിലെ കാത്സ്യം കൊഞ്ചിലെ പ്രോട്ടീനുകളുമായി ചേരുമ്പോള്‍, ഇത് വയറ്റിൽ തൈര് രൂപപ്പെടുന്നതിന് കാരണമാകാം. ഇത് ചിലരില്‍ ദഹനസംബന്ധമായ അസ്വസ്ഥതകൾക്കും വയറുവേദനയ്ക്കും കാരണമാകും. അത്തരക്കാര്‍ ചെമ്മീനിനൊപ്പം പാലുല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ചിലർ ചെമ്മീനിനൊപ്പം എരുവേറിയ വിഭവങ്ങള്‍ കഴിക്കുമ്പോള്‍, അമിതമായ ചൂട് കൊഞ്ചിന്റെ രുചിയെ ഇല്ലാതാക്കും. കൂടാതെ, ഉയർന്ന എരിവുള്ള ഭക്ഷണങ്ങൾ വയറ്റില്‍ അസ്വസ്ഥത ഉണ്ടാക്കാനും കാരണമാകും.
ചെമ്മീനിനൊപ്പം ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക. കാരണം ചെമ്മീനില്‍ മിതമായ അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ചുവന്ന മാംസം അല്ലെങ്കിൽ ചീര പോലുള്ള ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം ചെമ്മീന്‍ കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കും. ഇരുമ്പിന്റെ കുറവുള്ള വ്യക്തികൾക്ക് ഇത് പ്രയോജനകരമാകുമെങ്കിലും, അധിക ഇരുമ്പ് ആവശ്യമില്ലാത്തവർക്ക് അമിതമായ ഇരുമ്പ് കഴിക്കുന്നത് ദോഷകരമാണ്.
സിട്രസ് പഴങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചെമ്മീന്‍ വിഭവങ്ങളില്‍ പലപ്പോഴും നാരങ്ങ പിഴിഞ്ഞൊഴിക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ ചെമ്മീനിനൊപ്പം സിട്രസ് പഴങ്ങൾ അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. കാരണം സിട്രസ് പഴങ്ങളിലെ അസിഡ് ചെമ്മീനിലെ പ്രോട്ടീനുകളുമായി ചേരുമ്പോള്‍ വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.