ഓരോ ബന്ധവും ആരംഭിക്കുമ്പോഴും, പുതിയ ശീലങ്ങൾ തുടങ്ങുമ്പോഴും, നാം സ്വയം ചോദിക്കണം; ‘ഇതൊരു ചക്രവ്യൂഹമാകുമോ? ഇതിൽ നിന്നു പുറത്തിറങ്ങാൻ കഴിയുമോ?’ സ്വയം അഭിമന്യൂവാകാൻ ആർക്കും ആഗ്രഹമില്ല. ചക്രവ്യൂഹമായി മാറാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്നു ബോധപൂർവം ഒഴിഞ്ഞുമാറാനായാലേ ജീവിതവിജയം ഉറപ്പിക്കാൻ കഴിയൂ.
എല്ലാ ജീവിത പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനാവില്ല. ചില പ്രശ്നങ്ങൾ നാം നേരിട്ടേ പറ്റൂ. പുറത്തു കടക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെയായിരിക്കും നാം ഓരോ പ്രശ്നത്തിലും ഇടപെടുക. പിന്നീടായിരിക്കും പുറത്തിറങ്ങാൻ കഴിയുന്നില്ലല്ലോ എന്ന വെളിപാടുണ്ടാവുക. അപ്പോഴേക്കും കാര്യങ്ങൾ അപകടനിലയിലേക്കു കടന്നിട്ടുണ്ടാവും.
യൗവനത്തിൽ ഇത്തരത്തിലുള്ള അനേകം ചക്രവ്യൂഹങ്ങൾ നാം സ്വയം സൃഷ്ടിക്കും. ആവശ്യമില്ലാത്ത കൂട്ടുകെട്ടുകളാണ് ഏറ്റവും അപകടകരം. അവ നമ്മുടെ വിലപ്പെട്ട സമയം പാഴാക്കുകയും വേണ്ടാത്ത കാര്യങ്ങളിലേക്കു നയിക്കുകയും ചെയ്യുന്നു. ഒരിക്കൽ ഉന്നത പരീക്ഷക്ക് തയ്യാറെടുക്കുന്ന ഒരു കുട്ടി ആദ്യ കാലത്ത് ഒരു സ്നേഹിതനെയും പഠനത്തിൽ ഒപ്പം കൂട്ടി. വൈകുന്നേരം അഞ്ചു മണി മുതൽ ഒൻപതു മണി വരെ ഒരുമിച്ചിരുന്നു പഠിക്കാമെന്നായിരുന്നു ഇരുവരും തമ്മിലുള്ള കരാർ. നാല് മണിക്കൂർ ഒന്നിച്ചു ചെലവിട്ടാൽ ഒരു മണിക്കൂറായിരിക്കും പഠിത്തം. ബാക്കി സമയം മുഴുവൻ എന്തെങ്കിലും സംസാരിച്ചിരിക്കും. ഏതായാലും ആ പരീക്ഷയിൽ അവന് വിജയിക്കാനായില്ല. അടുത്ത വർഷം അവൻ കൂട്ടുപഠനം ഉപേക്ഷിച്ചു അപ്പോൾ അവന് വിജയിക്കാനുമായി.പക്ഷെ നമ്മുടെ എല്ലാ സൗഹൃദങ്ങളും ഇതുപോലെ സമയംകൊല്ലികളാകണമെന്നില്ല. പക്ഷേ ഇങ്ങനെയൊരു അപകട സാധ്യതയുണ്ടെന്നു നാം കരുതിയിരിക്കണമെന്നു മാത്രം.



