പാരീസ്: ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് എല്ലാ ജോലികളും ഇല്ലാതാക്കുമെന്ന് ടെസ്‍ല സി.ഇ.ഒ ഇലോണ്‍ മസ്ക്. നമുക്കൊന്നും ഇനി ജോലിയുണ്ടാവില്ലെന്നും ആർട്ടിഫിഷ്യല്‍ ഇന്റലിജൻസുമായി ബന്ധപ്പെട്ട കോണ്‍ഫറൻസില്‍ മസ്ക് പറഞ്ഞു.
പാരീസില്‍ നടന്ന വിവാടെക് 2024 എന്ന കോണ്‍ഫറൻസില്‍ സംസാരിക്കുമ്ബോഴായിരുന്നു മസ്കിന്റെ പരാമർശം. ജോലി ചെയ്യുക എന്നത് ഓപ്ഷണലായി മാറും. നിങ്ങള്‍ക്ക് ജോലി വേണമെങ്കില്‍ ചെയ്യാം. ജോലി ഒരു ഹോബിയായി മാറും. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസും റോബോട്ടുകളും നിങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുമെന്ന് ഇലോണ്‍ മസ്ക് പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തില്‍ എല്ലാവർക്കും ഉയർന്ന വേതനം ലഭിക്കണം. ആളുകള്‍ക്ക് അടിസ്ഥാന വേതനം മാത്രം ലഭിച്ചാല്‍ പോര. ലോകത്ത് സാധനങ്ങളുടേയും സേവനങ്ങളുടേയും ക്ഷാമമുണ്ടാവില്ലെന്നും മസ്ക് പറഞ്ഞു. കമ്ബ്യൂട്ടറുകളും റോബോട്ടുകളും മനുഷ്യനേക്കാളും മികച്ച രീതിയില്‍ അവരുടെ ജോലി ചെയ്താല്‍ മനുഷ്യർക്ക് പിന്നെ പ്രാധന്യമുണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന് അർഥം നല്‍കുന്നത് മനുഷ്യരാണെന്ന് മസ്ക് പറഞ്ഞു.
കഴിഞ്ഞ ഏതാനം വർഷങ്ങളായി വിവിധ മേഖലകളില്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ ഉപയോഗം വർധിക്കുകയാണ്. എ.ഐ ഉപയോഗം വർധിക്കുന്നത് തൊഴിലുകളെ ഏത് രീതിയില്‍ ബാധിക്കുമെന്നതിലും ആശങ്ക ഉയർന്നു കഴിഞ്ഞു. ഇതിനിടെയാണ് ഇലോണ്‍ മസ്കിന്റെ ഇതുസംബന്ധിച്ച പ്രസ്താവന.