മലപ്പുറം: അടുത്ത വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി തിരൂരില്‍ ഒമ്ബതു വയസുകാരന് ദാരുണാന്ത്യം.
വൈലത്തൂർ അബ്ദുല്‍ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന്റെ തൊട്ടടുത്തുള്ള ഗേറ്റിലൂടെ കടന്ന് കുട്ടി അപ്പുറത്തേക്ക് പോവുകയായിരുന്നു. ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളില്‍ കുടുങ്ങി കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.
ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ആളുകള്‍ ഓടിക്കൂടി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, സാങ്കേതികപരമായി എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.
വ്യാഴാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂർ എം.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാർഥിയാണ് സിനാൻ. മൃതദേഹം വെള്ളിയാഴ്ച മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ചിലവില്‍ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കും. മാതാവ്: സജില. സഹോദരി: അസ്മ ഐവ.