ചേർത്തല: ഗൂഗിള്‍ മാപ്പില്‍ വഴി നോക്കി സഞ്ചരിക്കുകയായിരുന്ന തെലങ്കാന സ്വദേശികളുടെ വാഹനം തോട്ടില്‍ വീണു. മൂന്നാറിലേക്കുള്ള ലൊക്കേഷൻ മാപ്പില്‍ ഇട്ടുവന്ന തെലങ്കാന സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് ആലപ്പുഴയില്‍ തോട്ടില്‍ വീണത്.സംഭവത്തില്‍ ആർക്കും പരിക്കുകൾ ഒന്നുമില്ല.
ചേർത്തല-തണ്ണീർമുക്കം റോഡില്‍ കട്ടച്ചിറ ജംഗ്ഷന് തെക്കുവശം കളരിക്കല്‍ സ്റ്റുഡിയോ ഹെല്‍ത്ത് സെന്റർ റോഡ് തീരുന്ന ഭാഗത്ത് ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. മധുരയില്‍ നിന്ന് കൊല്ലം - ആലപ്പുഴ വഴി മൂന്നാറിലേക്ക് പോവുകയായിരുന്നു സംഘം. ഹെല്‍ത്ത് സെന്ററിന് സമീപം എത്തിയപ്പോള്‍ ഗൂഗിള്‍ മാപ്പ് നിശ്ചലമായി. അവിടെ വെച്ച് വാഹനം തിരിക്കാൻ ശ്രമിച്ചപ്പോള്‍ കാർ തോട്ടിലേക്ക് ഇറങ്ങുകയുമായിരുന്നു. പെട്ടെന്ന് തന്നെ വാഹനം നിർത്തി.
യാത്രക്കാർ ബഹളം വെച്ചപ്പോള്‍ സമീപവാസികള്‍ ഓടിയെത്തിയാണ് വാഹനം തുറന്ന് യാത്രക്കാരെ പുറത്തിറക്കിയത്. പിന്നീട് മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ രണ്ടുമണിക്കൂർ കൊണ്ടാണ് തോട്ടില്‍ നിന്നും വാഹനം കയറ്റിയത്. വാഹനത്തിന് കാര്യമായ കേടുപാടുകള്‍ ഇല്ലാത്തതിനെ തുടർന്ന് സംഘം മൂന്നാറിലേക്ക് യാത്ര തിരിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും യുവാക്കളാണ്. ആർക്കും പരിക്കില്ല.