മുസാഫർപൂർ: ബൈക്കില്‍ നിന്നും വീണ് അപകടത്തില്‍പ്പെട്ട യുവാവിന്‍റെ ഒടിഞ്ഞ കാലില്‍ പ്ലാസ്റ്ററിന് പകരം കാർബോർഡ് കാർട്ടണ്‍കൊണ്ട് കെട്ടി ആരോഗ്യപ്രവർത്തകർ.
ബിഹാറിലെ മുർസാഫർപൂരില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഗുരുതര അലംഭാവം. നിതീഷ് കുമാർ എന്ന യുവാവിനാണ് സർക്കാർ ആശുപത്രിയില്‍ നിന്നും ദുരനുഭവുണ്ടായത്. ബൈക്കില്‍ മിനാപൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് നിതീഷ് കുമാർ അപകടത്തില്‍പ്പെടുന്നത്. കാലിന് പൊട്ടലേറ്റ ഇയാളെ നാട്ടുകാരാണ് മിനപ്പൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.
പരിശോധനയില്‍ യുവാവിന് പൊട്ടലേറ്റെന്ന് കണ്ടെത്തി. എന്നാല്‍ ചികിത്സയ്ക്ക് മതിയായ സൌകര്യങ്ങളില്ലാതിരുന്നതിനാല്‍ ആശുപത്രിയിലെ ജീവനക്കാർ യുവാവിന് പ്ലാസ്റ്ററിന് പകരം ഒടിഞ്ഞ കാലില്‍ കാർഡ്ബോർഡ് കാർട്ടണ്‍ കെട്ടി വയ്ക്കുകയായിരുന്നു.
ബന്ധുക്കളെത്തി ഇയാളെ മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അഞ്ച് ദിവസമായിട്ടും യുവാവിനെ ഡോക്ടർമാർ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കാർഡ് ബോർഡ് കൊണ്ട് ഉണ്ടാക്കിയ പ്ലാസ്റ്ററും കാലിലിട്ട് മുറിയുടെ ഒരു വശത്ത് യുവാവ് ഇരിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കാർഡ്ബോർഡ് കാർട്ടണ്‍ ഉപയോഗിച്ചുള്ള കെട്ട് അഴിച്ച് മാറ്റി പകരം പ്ലാസ്റ്റർ ഇട്ടതല്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് ദിവസമായി ഒരു ഡോക്ടറും പരിശോധിക്കാനെത്തിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. രോഗിക്ക് ഉടൻ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹത്തെ ചികിത്സിക്കാൻ ഡോക്ടർമാർക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. വിഭകുമാരി പറഞ്ഞു. എന്തുകൊണ്ടാണ് ഡോക്‌ടർമാർ അദ്ദേഹത്തെ ചികിത്സിക്കാതിരുന്നതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു.