പായസം കഴിക്കാൻ തോന്നിയാല്‍ ഇനി ഒന്നും കാത്തിരിക്കേണ്ട, ചക്ക പഴം എന്ന് കേട്ടാല്‍ തന്നെ പലർക്കും വായില്‍ വെള്ളമൂറും.അപ്പോള്‍ ചക്ക കൊണ്ടുള്ള പായസം കൂടി ആയാല്ലോ. ചക്ക കൊണ്ട് പലതരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ടെങ്കിലും ചക്ക കൊണ്ടുള്ള പായസത്തിന് ആരാധകൻ ഏറും.
കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയും ചക്ക വിഭവങ്ങളും മലയാളികൾക്ക് ഏറെ പ്രിയമാണ്. പണ്ടുകാലത്ത് ഒരു കുടുംബത്തിന്റെ വിശപ്പ് അടക്കാൻ മാത്രം ഉപകരിച്ചിരുന്ന ചക്ക ഇന്ന് മൂല്യമേറിയ പല ഉത്പന്നങ്ങൾ ആയി നാട്ടിലും വിദേശരാജ്യങ്ങളിലും വിപണിയിൽ എത്തുന്നു. പഴങ്ങളിൽ വച്ച് ഏറ്റവും വലുപ്പമേറിയ ചക്ക ഇന്ത്യയിൽ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും ഇന്ന് ധാരാളമായി ഉത്പാദിപ്പിക്കുന്നുണ്ട്.
കേരളത്തിൽ പല ഇനത്തിൽപ്പെട്ട ചക്ക സുലഭമാണെങ്കിലും നാം ഇതുവരെ അതിനെ പൂർണമായും പ്രയോജനപ്പെടുത്തിയിട്ടില്ല. ചക്കയുടെ പുറംതൊലി ഒഴികെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ചക്കപ്പുഴുക്ക്, ചക്കയട, ചക്ക ഉപ്പേരി, ചക്കപായസം, ചക്ക വരട്ടി എന്നിങ്ങനെയുള്ള പരമ്പരാഗത വിഭവങ്ങൾ കൂടാതെ ചക്ക അച്ചാർ, ചക്കക്കുരു ഷേക്ക്, ചക്ക മസാല, ചക്ക പിസ, ചക്കക്കേക്ക്, ചക്ക ഐസ് ക്രീം എന്നിങ്ങനെ പുതിയ രുചിക്കൂട്ടുകൾ ഇവ ഉപയോഗിച്ച് ഉണ്ടാക്കാം. ഈ കാരണങ്ങൾ കൊണ്ടാണ് ചക്കയെ ഒരു ഇന്റലിജന്റ് ഫ്രൂട്ട് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ വിളിക്കുന്നത്.
കിടിലനൊരു ചക്ക പ്രഥമൻ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
ചക്ക – അര കിലോ (അധികം പഴുക്കാത്ത വരിക്ക ചക്ക ചെറുതായി അരിഞ്ഞത്)
വെള്ളം – അര ലിറ്റർ
ശർക്കര പാനി – ആവശ്യത്തിന്
നെയ്യ് – ആവശ്യത്തിന്
തേങ്ങാപാല്‍ – ( ഒന്നാം പാലും രണ്ടാം പാലും)
ചുക്ക്, ജീരകം, ഏലക്കായ – ആവശ്യത്തിന്
കശുവണ്ടി, ഉണക്ക മുന്തിരി
ചൗവരി – കാല്‍ കപ്പ്
തയ്യാറാക്കുന്ന വിധം
ഉരുളിയിലേക്ക് അര ലിറ്റർ വെള്ളം ഒഴിച്ച് തിളപ്പിക്കുക. നന്നായി തിളച്ചവെള്ളത്തിലേക്ക് കനം കുറച്ച് അരിഞ്ഞ് വച്ചിരിക്കുന്ന വരിക്ക ചക്ക ചേർത്ത് ഇളക്കി കൊടുക്കാം. ചക്ക നന്നായി വെന്തു കഴിയുമ്ബോള്‍ അതിലേക്ക് ഒരു സ്പൂണ്‍ നെയ്യ് ചേർത്ത് വഴറ്റുക. ശേഷം ശർക്കര പാനി ചേർത്ത് നന്നായി വഴറ്റാം. മധുരത്തിന്റെ ആവശ്യമനുസരിച്ച് ശർക്കര പാനി ചേർക്കാം.
ശർക്കരപാനി ഉരുളിയുടെ അടിയില്‍ പിടിക്കാതെ നന്നായി ഇളക്കി കൊടുക്കണം. നന്നായി തിളക്കുമ്ബോള്‍ തേങ്ങയുടെ രണ്ടാംപാല്‍ ചേര്‍ത്ത് ഇളക്കികൊടുക്കാം. അതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന ചൗവ്വരിയും ചേർക്കാം. ശേഷം ചുക്കും ഏലക്കായും ജീരകവും ചേർത്ത് പൊടിച്ചെടുത്ത പൊടി ഒന്നാംപാലില്‍ ചേർത്ത് നന്നായി യോജിപ്പിച്ച് വെള്ളം വറ്റി പാകമായ പായസകൂട്ടിലേക്ക് ചേർത്ത് ഇളക്കികൊടുക്കാം.
ഒന്നാംപാല്‍ ചേർത്ത് കഴിഞ്ഞാല്‍ തിളക്കാൻ അനുവദിക്കേണ്ട. നന്നായി ചൂടായ ശേഷം അടുപ്പില്‍ നിന്നും വാങ്ങി വയ്ക്കാം. പായസത്തിന്റെ രുചി ഇരട്ടിയാക്കുന്നതിനുള്ള പങ്ക് കശുവണ്ടി പരിപ്പിനും ഉണക്ക മുന്തിരിക്കുമാണ്. പാത്രത്തില്‍ നെയ്യ് ഒഴിച്ച് ആവശ്യത്തിന് കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്തുകോരി ചക്ക പ്രഥമനിലേക്ക് ചേർക്കാം. മധുരവും രുചിയും നിറഞ്ഞ ചക്ക പ്രഥമൻ തയ്യാറായി കഴിഞ്ഞു.