വീട് വൃത്തിയാക്കുക എന്നത് ഈ തിരക്കുപിടിച്ച കാലത്ത് ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്.വീട് വൃത്തിയാക്കാന്‍ ഇഷ്ടമില്ലാത്തയാളാണോ. എങ്കില്‍ നിങ്ങള്‍ക്കുള്ളതാണ് ഈ ലേഖനം. വളരെ കുറഞ്ഞ ശതമാനം ആളുകള്‍ക്കൊഴിച്ച് ബാക്കിയുള്ളവര്‍ക്ക് ഒരു ഭാരിച്ച ജോലിയാണ് വീട് വൃത്തിയാക്കല്‍.
തിരക്ക് പിടിച്ച ജീവിതത്തില്‍ നാളെ നാളെ, എന്ന് നീട്ടിക്കൊണ്ടുപോകുന്ന ജോലികളില്‍ ഒന്നും വീട് വൃത്തിയാക്കലായിരിക്കും. കാരണം ദിവസവും വൃത്തിയില്‍ പരിപാലിക്കാത്ത വീടുകള്‍ ആഴ്ചയിലോ രണ്ടാഴ്ചയിലോ ഒരുദിവസം ഇരുന്ന് വൃത്തിയാക്കാന്‍ ശ്രമിക്കുമ്ബോള്‍ ആ ദിവസം മുഴുവന്‍ അതിനായി കളയേണ്ടി വരും. അതുണ്ടാക്കുന്ന മടുപ്പും ക്ഷീണവും ചെറുതല്ല.
എങ്കില്‍ പിന്നെ വളരെ ഫലപ്രദമായി വീട് വൃത്തിയാക്കാന്‍ ചില വഴികള്‍ പരിയപ്പെട്ടാലോ. ഈ ക്ലീനിംഗ് ടീപ്‌സ് നിങ്ങള്‍ക്ക് ഉപയോഗപ്രദമാകുമെന്നതില്‍ സംശയമില്ല.
ജോലികള്‍ പങ്കിടുക
എന്ത് ജോലിയും ഒറ്റയ്ക്ക് ചെയ്യുമ്ബോഴാണ് അത് ഭാരിച്ചതാകുന്നത്. വീട് വൃത്തിയാക്കുമ്ബോള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അവര്‍ക്ക് ചെയ്യാനാകുന്ന ജോലികള്‍ നല്‍കുക. ഓരോത്തര്‍ക്കും സ്ഥിരമായി ചെയ്യാന്‍ ജോലികള്‍ നല്‍കുക. ഉദാഹരണത്തിന് ചെടി നനക്കല്‍ ഒരാളുടെ ജോലി വീട് അടിച്ചുവാരല്‍ മറ്റൊരാളുടെ തുണി വിരിച്ചിടല്‍ അടുത്തയാളുടെ അങ്ങനെ. ഇത് ഒരാള്‍ മാത്രം ജോലി ചെയ്യുമ്ബോഴുള്ള കഷ്ടപ്പാട് കുറയ്ക്കും. മറ്റുള്ളവര്‍ക്ക് ഇതിന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാകുകയും ചെയ്യും.
പുതിയത് വരുമ്ബോള്‍ പഴയത് കളയുക
നമ്മള്‍ ശീലിക്കേണ്ട ഏറ്റവും വലിയ ശീലമാണ് ഇത്. വീട്ടില്‍ എത്ര ഒതുക്കിയാലും സാധനങ്ങള്‍ കുമിഞ്ഞുകൂടുന്നതിന്റെ പ്രധാനകാരണം പഴയ സാധനങ്ങള്‍ നീക്കം ചെയ്യാത്തതാണ്. പഴയതായാലും സാധനങ്ങള്‍ കളയാന്‍ നമുക്ക് മടിയാണ്. പക്‌ഷേ ആ ശീലം വീട് ഒരിക്കലും വൃത്തിയായിരിക്കാന്‍ സമ്മതിക്കില്ല. പുതിയ ഒരു ഉടുപ്പ് വാങ്ങിക്കൊണ്ടുവരികയാണെങ്കില്‍ പഴയ ഒരു ഉടുപ്പ് ഉപേക്ഷിക്കുക. അതുപോലെ എല്ലാ കാര്യങ്ങളിലും ആ ശീലം പാലിക്കുക.
ക്ലിനീംഗ് ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുക
മനുഷ്യാധ്വാനം വളരെ ആവശ്യമുള്ള, പ്രത്യേകിച്ച് വ്യക്തിപരമായ നേട്ടങ്ങളൊന്നും ഉണ്ടാകാത്ത ഒരു ജോലിയാണ് ക്ലീനിംഗ്. അതുകൊണ്ടുതന്നെ ക്ലീനിംഗ് റോബോട്ടുകളും ഉപകരണങ്ങളും യഥാര്‍ത്ഥത്തില്‍ മനുഷ്യാധ്വാനം കുറയ്ക്കുകയാണ്. അവ പരമാവധി ഉപയോഗപ്പെടുത്തുക. ഒട്ടുമിക്ക എല്ലാ ക്ലീനിംഗ് ജോലികളും നിര്‍വ്വഹിക്കുന്ന ക്ലീനിംഗ് ഉപകരണങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇവ നല്‍കുന്ന സമയലാഭം ചെറുതല്ല.
മൈക്രോഫൈബര്‍ ക്ലോത്ത്
പൊടി, അഴുക്ക്, മാലിന്യം എന്നിവ തുടച്ചെടുക്കാന്‍ മൈക്രോഫൈബര്‍ ക്ലോത്തുകള്‍ വളരെ മികച്ചവയാണ്. ഇവ നനച്ചുതുടക്കേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ ഫലപ്രദമായി പൊടി നീക്കും. കഴുകി വീണ്ടും ഉപയോഗിക്കാം, പെട്ടെന്നൊന്നും ചീത്തയാകില്ല എന്നിവാണ് ഇതിന്റെ മറ്റൊരു മേന്മ.
പെട്ടെന്നുള്ള വൃത്തിയാക്കല്‍ ടിപ്‌സ്
സമയമില്ലാത്തപ്പോള്‍ പെട്ടെന്ന് വീട് വൃത്തിയാക്കാന്‍ സഹായിക്കുന്ന ക്ലീനിംഗ് ടിപ്‌സ് പരിശീലിക്കുക. വാക്വം ക്ലീനര്‍ പോലുള്ള ക്ലീനിംഗ് ഉപകരണങ്ങള്‍ പരമാവധി ഉപയോഗിക്കുക. അതിഥികള്‍ വരുന്നതിന്റെ ഭാഗമായാണ് ക്ലീനിംഗ് എങ്കില്‍ അവര്‍ വരാന്‍ ഇടമുള്ള സ്ഥലങ്ങള്‍ മാത്രം വൃത്തിയാക്കുക.
കഷ്ടപ്പെട്ടാല്‍ മാത്രം പോര അതിനുള്ള സമ്മാനവും വേണം
വൃത്തിയാക്കല്‍ ഒരു നിസ്സാര ജോലിയല്ല. ആ ജോലി ഒറ്റയ്ക്കാണെങ്കിലും കൂട്ടായാണെങ്കിലും ചെയ്തുതീര്‍ക്കുമ്ബോള്‍ ഒരു സമ്മാനം നല്‍കുന്നത് അതുണ്ടാക്കിയ മടുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും.
ടൈമര്‍ വെക്കുക
ചെയ്താലും ചെയ്താലും തീരാത്തത് കൊണ്ട് ഒറ്റയടിക്ക് വീട് വൃത്തിയാക്കുകയെന്നത് വ്യാമോഹമാണ്. പകരം വളരെ കുറഞ്ഞ സമയത്തേക്ക് ഒരു ടൈമര്‍ വെച്ച് ആ സമയത്ത് ക്ലീനിംഗ് ജോലികള്‍ മാത്രം ചെയ്യുക. പൊമൊഡോറോ രീതി എന്നാണ് ഇതറിയപ്പെടുന്നത് വലിയ ജോലികള്‍ ചെറിയ ചെറിയ ദൗത്യങ്ങളാക്കി ആയാസരഹിതമാക്കുക എന്നതാണ് ഇതിന്റെ കാതല്‍. ഈ നിശ്ചിത സമയങ്ങളില്‍ ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധിക്കുക. ഉദാഹരണത്തിന് 15 മിനിട്ട് നിശ്ചയിച്ച് തുണി മടക്കിവെക്കുക, അടുത്ത തവണ പുസ്തകങ്ങള്‍ അടുക്കിവെക്കുക അങ്ങനെ. ഇങ്ങനെ ചെയ്താല്‍ ഒരു ദിവസം പോയെന്ന നഷ്ടബോധമില്ലാതെ പതുക്കെ പതുക്കെ വീട് വൃത്തിയായി മാറുന്നത് കാണാനാകും.