എന്തിനെയും നന്നായൊന്ന് നോക്കിയാൽ എല്ലാം നല്ലതിനാണെന്ന് മനസ്സിലാകും . ഒന്നിലും നന്മ കാണാൻ കഴിയാത്തവരിൽ നിന്ന് ഒരു നന്മയും ഉണ്ടാകില്ല.
തന്റെ പ്രണയ പരാജയത്തെ കുറിച്ച് ഒരു യുവാവ് പിന്നീട് എഴുതിയത് ഇങ്ങനെ ; "കുറേ നാളുകൾക്കു ശേഷം മനസ്സിനുള്ളിൽ പ്രണയം എന്ന ‘വികാരം’ ആദ്യമായി ഉണർത്തിയ പെൺകുട്ടിയെ ഇന്നു കാണുവാൻ ഇടയുണ്ടായി, അതും പ്രണയ സാക്ഷാത്കാരം നടന്നു കൊണ്ടിരുന്ന ഒരു വിവാഹവേദിയിൽ വച്ചു.
തെറ്റിധാരണകൾ ആണു ഞങ്ങളെ അകറ്റി നിർത്തിയതു എന്നു കരുതിയിരുന്ന എനിക്കു, ഇന്നു അവളെ കണ്ടപ്പോൾ മനസ്സിലായി, പല ചെറിയ തെറ്റിധാരണകളിലും വലിയ ശരികൾ ഉണ്ടാകാറുണ്ടെന്നു.ഒരു ഹൈക്ലാസ് ജീവിത ശൈലിയും ആയി പോകുന്ന ആ പുള്ളിക്കാരിയും ഒരു നാട്ടിൻപുറത്തുകാരനായ ഞാനും തമ്മിൽ ഒരുപാട് അന്തരങ്ങൾ ഉണ്ടു. ‘ഒരിക്കലും ഒന്നാകാത്ത അന്തരങ്ങൾ’. അന്നത്തെ പ്രായത്തിൽ അതൊന്നും കണ്ണിൽ പെട്ടതേയില്ല.
ലഭിച്ച ഭാഗ്യങ്ങളെ കുറിച്ചോർത്തു സന്തോഷിക്കാതെ, ലഭിക്കാത്ത ഭാഗ്യങ്ങളെ പറ്റി വ്യാകുലപ്പെടുന്നവരാണു നമ്മളിൽ പലരും. ജീവിതം മറ്റൊരു തലത്തിൽ എത്തുമ്പോഴേ ഈ ലഭിക്കാതെ പോയതൊന്നും ഭാഗ്യങ്ങൾ ആയിരുന്നില്ല എന്ന തിരിച്ചറിവു നമ്മുക്കുണ്ടാവുകയുള്ളു.
ഒരു കഥ ഇങ്ങനെ ; ഒരു രാജ്യത്ത് ഈശ്വര ഭക്തനായ ഒരു രാജാവും അദ്ധേഹത്തിന് തികഞ്ഞ ഈശ്വര ഭക്തിയോടും കൂടിയ ഒരു മന്ത്രിയും ഉണ്ടായിരുന്നു .എന്ത് ആപത്തുകള്‍ വന്നാലും അത് എല്ലാം ഈശ്വരന്റെ അനുഗ്രഹമാണെന്ന് വിചാരിച്ച് സമാധാനമായി ജീവിച്ചു.കാലക്രമത്തില്‍ രാജാവ്മരിച്ചു രാജകുമാരന്‍ രാജാവായി .അദ്ധേഹത്തിന് ഈശ്വരനില്‍ വിശ്വാസം ഉണ്ടായിരുന്നില്ല .ആപത്തുകള്‍ വരുന്നത് മനുഷ്യന്‍റെ ശ്രദ്ധക്കുറവും ദൗർഭാഗ്യവും കൊണ്ടാണ് എന്ന് അയാള്‍ വിശ്വസിച്ചു .മന്ത്രി അപ്പോഴും ഈശ്വരഭക്തന്‍ ആയിത്തന്നെ തുടര്‍ന്നു.
ഒരുദിവസം ഇവര്‍ രണ്ടുപേരും കൂടി നായാട്ടിനു പോയി .രാജാവിന്‍റെ കയ്യില്‍ ഒരു മുറിവ് പറ്റി അദ്ദേഹം മന്ത്രിയെ വിളിച്ചു കാണിച്ചു .മന്ത്രി ഉടനെത്തന്നെ അതും നല്ലതിന് എന്ന് പറഞ്ഞു .തന്റെ കൈ മുറിഞ്ഞത് നല്ലതിനാണ് എന്ന് പറഞ്ഞ മന്ത്രിക്ക് തന്നോട് സ്നേഹമില്ല എന്ന് വിചാരിച്ച് കുപിതനായ രാജാവ് മന്ത്രിയെ ജയിലില്‍ അടച്ചു .രാജാവ് വൈദ്യനെ വിളിച്ചു വരുത്തി മുറിവ് കേട്ടിക്കുകയും ചെയ്തു .നാലു ദിവസം കഴിഞ്ഞ് രാജാവ് വീണ്ടും നായാട്ടിനു പോയി .അപ്പോള്‍ ചില കാപാലികന്‍മാര്‍ വന്ന് അദ്ധേഹത്തെ പിടികൂടി .
അമാവാസി ദിവസം പാതിരക്ക് കാളിപൂജക്ക് ശേഷം ലക്ഷണം ഒത്ത ഒരു പുരുഷനെ ബലി കൊടുക്കുകയാണെങ്കില്‍ ആഗ്രഹങ്ങള്‍ എല്ലാം സാധിക്കും എന്നാണ് അവരുടെ വിശ്വാസം .അതിനു വേണ്ടി രാജാവിനെ അവര്‍ ചുവന്ന പട്ടുടുപ്പിച്ച് ചെമ്പരത്തി പൂമാലയണിയിച്ച് ദെവീക്ഷേത്രത്തില്‍ ഹാജരാക്കി . മരണം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞ മഹാരാജാവ് ഭയം കൊണ്ട് മരവിച്ച് കണ്ണും അടച്ചിരുന്നു .പൂജക്ക് ശേഷം ബലി നടത്തുവാനുള്ള പൂജാരി അടുത്തു വന്നു. രാജാവിന്‍റെ ദേഹം പരിശോധിച്ചപ്പോള്‍ കൈയില്‍ മുറിവ് കണ്ടു .ഈ ദേഹം ബലിക്ക് പറ്റിയതല്ല എന്ന് വിധിക്കുകയും ചെയ്തു .
രാജാവിന് ജിവന്‍ വിണ്ടു കിട്ടി .തന്റെ കൈയ് മുറിഞ്ഞത് നല്ലതിനായിരുന്നു എന്ന് ബോധ്യപ്പെടുകയും ചെയ്തു .അകാരണമായി മന്ത്രിയെ ശിക്ഷിച്ചതില്‍ പാശ്ചാതപിച്ച രാജാവ് കൊട്ടാരത്തില്‍ മടങ്ങിയെത്തി മന്ത്രിയെ വരുത്തി ക്ഷമായാചനം ചെയ്തു .എന്നിട്ട് ചോദിച്ചു ; എന്റെ കൈ മുറിഞ്ഞത് നല്ലതിനാണ് എന്ന് എനിക്ക് മനസിലായി .കാരണം കൂടാതെ അങ്ങ് ഒരു ആഴ്ച ജയിലില്‍ കിടന്ന് വിഷമിച്ചത് എന്തിനായിരുന്നു ?അതെങ്ങനെയാണ് നല്ലതിനാകുന്നത് ?
മന്ത്രി മറുപടി പറഞ്ഞു : .അതും ഈശ്വര നിശ്ചയം കൊണ്ട് നല്ലതിനായിരുന്നു .ഇല്ലെങ്കില്‍ അങ്ങയുടെ കൂടെ ഞാനും നായാട്ടിനുപോരും .നമ്മളെ രണ്ടുപേരെയും കാപാലികന്‍മാര്‍ പിടിക്കും .അങ്ങയെ വിട്ടു കഴിഞ്ഞാല്‍ പിന്നെ എന്നെയാണ് ബലികൊടുക്കുക .അതില്ലാതെയായത് എന്നെ ജയിലില്‍ ഇട്ടതു കൊണ്ടല്ലേ ? എല്ലാം നല്ലതിനായിരുന്നു എന്ന് രാജാവിന് ബോധ്യംവന്നു .
നല്ലത്, മോശം എന്നിങ്ങനെ വ്യക്തികളെയോ സാധനങ്ങളെയൊ തരം തിരിക്കുന്നതിൽ യാതൊരു കാര്യവും ഇല്ല. .. എല്ലാം നല്ലതാണ് . ദൃഷ്ടികോണുകൾ ഒന്നു ക്രമീകരിച്ചാൽ മോശം എന്ന് കരുതി മാറ്റി നിർത്തിയവയെല്ലാം ഏതെങ്കിലും രീതിയിൽ ഉപകാരവും അനുഗ്രഹവും ആയിരുന്നുവെന്ന് മനസ്സിലാകും.
തൽസമയ സുഖമോ താൽക്കാലിക സന്തോഷമോ പ്രദാനം ചെയ്യുന്നവയെ മാത്രം നല്ലതിന്റെ പട്ടികയിൽ പെടുത്തുമ്പോഴാണ് പല സദ്‌ഗുണങ്ങളും സത്യങ്ങളും അവഗണിക്കപ്പെടുന്നത്.
ഒരിക്കൽ ദുരനുഭവങ്ങൾ എന്ന് കരുതിയവയെല്ലാം പിന്നീട് ചിന്തകളെയും പ്രവർത്തികളെയും പാകപ്പെടുത്തിയിട്ടുണ്ട് . ശത്രുക്കൾ ആയിരുന്നവർ ചങ്ങാതിമാരെക്കാൾ കൂടുതൽ ജാഗ്രതയും ദീർഘവീക്ഷണവും പ്രദാനം ചെയ്തിട്ടുണ്ട് .
തള്ളിപ്പറഞ്ഞവരും നിഷേധിച്ചവരും ആകും കയ്യടിച്ചവരെയും പൂച്ചെണ്ട് നൽകിയവരെയും കാൾ ആത്മബലം സമ്മാനിച്ചിട്ടുള്ളത്.
എന്തിനെയും നന്നായൊന്ന് നോക്കിയാൽ എല്ലാം നല്ലതിനാണെന്ന് മനസ്സിലാകും . ഒന്നിലും നന്മ കാണാൻ കഴിയാത്തവരിൽ നിന്ന് ഒരു നന്മയും ഉണ്ടാകില്ല.
എന്നും ആയിരിക്കുന്നിടത്ത് , അവനവന്റെ ചുറ്റുപാടും നന്മ കണ്ടെത്താൻ കഴിയാത്തവർ, ഏതൊരു നാട്ടിൽ എത്തിയാലും അത് കണ്ടെത്തില്ല. തീർച്ച!!!