35 ദിവസത്തിനിടെ ഇരുപത്തിനാലുകാരന് പാമ്ബുകടിയേറ്റത് ആറ് തവണ, അഞ്ച് തവണയും സ്വന്തം വീട്ടില്‍വെച്ച്. ഉത്തർപ്രദേശിലെ ഫത്തേപുർ സ്വദേശിയായ വികാസ് ദുബെയ്ക്കാണ് ഈ ഗതികേട് ഉണ്ടായത്
ഓരോ തവണ പാമ്ബിന്റെ കടിയേല്‍ക്കുമ്ബോഴും വികാസിനെ ആശുപത്രിയിലെത്തിക്കും. അവിടെനിന്ന് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങും. ജൂണ്‍ രണ്ട് മുതല്‍ ജൂലായ് ആറ് വരെ ഇങ്ങനെയാണ് വികാസിന്റെ കാര്യങ്ങള്‍.
ജൂണ്‍ രണ്ടിന് രാവിലെ കിടക്കയില്‍ നിന്നെണീക്കുമ്ബോഴാണ് വികാസിന് ആദ്യമായി കടിയേറ്റത്. യുവാവിനെ ഉടനെതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. നാലാമത്തെ കടിയേറ്റതോടെ വികാസിനോട് വീട് മാറിത്താമസിക്കാൻ എല്ലാവരും ഉപദേശിച്ചു. തുടർന്ന് വികാസ് രാധാനഗറിലെ അമ്മായിയുടെ വീട്ടിലേക്ക് താമസം മാറി. എന്നിട്ടും കാര്യമുണ്ടായില്ല. അഞ്ചാമതും യുവാവിനെ പാമ്ബ് കടിച്ചു.
വീണ്ടും കടിയേറ്റതോടെ വികാസിനെ മാതാപിതാക്കള്‍ വീട്ടിലേക്ക് മടക്കിക്കൊണ്ടുവന്നു. നിർഭാഗ്യമെന്ന് പറയട്ടേ, ജൂലായ് ആറിന് വികാസിനെ വീണ്ടും പാമ്ബ് കടിച്ചു. ഇത്തവണ നിലയല്‍പം വഷളായി. എന്തായാലും കൃത്യസമയത്ത് ചികിത്സ ലഭിച്ചതോടെ തല്‍ക്കാലത്തേക്ക് വികാസ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്. ശനി, ഞായർ ദിവസങ്ങളിലാണ് തനിക്ക് പാമ്ബുകടിയല്‍ക്കുന്നതെന്നും കടിയേല്‍ക്കുന്നതിനുമുമ്ബ് തനിക്ക് കടിയേല്‍ക്കുമെന്ന തോന്നലുണ്ടാകുമെന്നും വികാസ് പറയുന്നു.
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തില്‍ 54 ലക്ഷത്തോളം പാമ്ബുകടി സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ 18 ലക്ഷം മുതല്‍ 27 ലക്ഷം വരെ വിഷപ്പാമ്ബുകളുടെ കടിയാണ്. 8000-1,30,000 പേർ മരിക്കുകയോ ഇതിന്റെ മൂന്നിരട്ടിപേർക്ക് വൈകല്യങ്ങള്‍ സംഭവിക്കുകയോ ചെയ്യുന്നുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.