“എന്റെ പേര് പെണ്ണ്
എനിക്ക് വയസ് എട്ട്…
സൂചികുത്താനിടമില്ലാത്ത ബസിനുള്ളിലന്നെന്റെ പൊക്കിള് തപ്പി വന്നവന്റെ പ്രായം 40”
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറയുന്ന ഗൗരി ലക്ഷ്മിയുടെ ‘മുറിവ്’ എന്ന പാട്ടിലെ വരികളാണ്. ആദ്യ വരികൾ കേട്ടപ്പോൾ തോന്നിയ ഒരു കൗതുകത്തിന്റെ പേരിൽ യൂട്യൂബ് വരെ ഒന്നു പോയി നോക്കിയതാ..ദേ കെടക്കുന്നു മറ്റൊരു വരി
“എന്തിനാണ് ഏതിനാണെന്നതറിയുന്നില്ലെന്നാലും
നെഞ്ചിലാഞ്ഞുകേറി തീക്കൊള്ളി കോണ്ടേ മുറിവ്….
നാളിതെത്ര പോയാലും മാഞ്ഞിടാത്ത മുറിവ്”
ഈ പാട്ടിന്റെ പശ്ചാത്തലം എന്താണെന്ന്
പലരും ചർച്ച ചെയ്യുന്നുണ്ട്.. തന്റെ അനുഭവമാണ് എന്ന് തുറന്ന് പറഞ്ഞിട്ടും അവരുടെ പാട്ടിനെ ട്രോളിക്കൊണ്ടേയിരിക്കുന്നു ചിലർ. അവരനുഭവിച്ച ട്രോമയാണെന്നും അത്തരം മുറിവുകളോടുള്ള ഉണങ്ങാത്ത പ്രധിഷേധമാണിതെന്നും മനസ്സിലാക്കാൻ നമുക്ക് കഴിയാത്തതെന്താണ്.?കുട്ടിക്കാലത്ത് അനുഭവിച്ച ലൈംഗികാതിക്രമത്തിന്റെ ട്രോമയിൽ ജീവിക്കുന്ന പലരുമുണ്ട് . ഇത്തരം അനുഭവങ്ങൾ സൃഷ്ടിക്കുന്ന ട്രോമകൾ ചിലരെയെന്നല്ല പലരേയും മരണം വരെ പിന്തുടരാറുമുണ്ട്!
നമ്മിൽ ചിലരെങ്കിലും ഇനിയും മനസിലാക്കിയിട്ടില്ലാത്ത കുറച്ച് കാര്യങ്ങൾ പറയട്ടെ
👉 കുട്ടിക്കാലത്തെ ലൈംഗികാതിക്രമങ്ങൾ വളരെ സെൻസിറ്റീവും ഗൗരവമുള്ള വിഷയമാണ്. ഇത്തരം ആഘാതങ്ങൾ ഒരു വ്യക്തിയിൽ മാനസികവും വൈകാരികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
👉 ലൈംഗിക ആഘാതം അനുഭവിക്കുന്ന കുട്ടികൾ ഉത്കണ്ഠ, വിഷാദം, PTSD, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയാൽ കഷ്ടപ്പെട്ടേക്കാം. ആത്മാഭിമാനമില്ലാത്തവരായി കുറ്റബോധത്തോടെ ഒരായുസ്സ് അവർക്ക് കഴിയേണ്ടി വരും
👉 മറ്റുള്ളവരുമായി ആരോഗ്യകരമായ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനുമുള്ള കഴിവിനെ ട്രോമ ബാധിക്കും. മറ്റുള്ളവരോട് അടുപ്പം കൂടുന്നതിന് വല്ലാതെ ഭയപ്പെടും.
👉 പഠന വൈകല്യങ്ങൾ ബാധിക്കുന്നതോടൊപ്പം കുട്ടികളിലെ വൈജ്ഞാനികവും വൈകാരികവുമായ മേഖലകളിൽ കാലതാമസം നേരിടും.
👉 ആളുകളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസമില്ലാതെ സമൂഹത്തിൽ നിന്ന് ഉൾവലിയുന്നവരായി മാറുന്നു.
ഗൗരി ലക്ഷ്മിയുടെ സംഗീതപരീക്ഷണങ്ങൾ ഇഷ്ടമില്ലാത്തവർ ഉണ്ടാകാം! സംഗീതത്തെക്കുറിച്ച് ഒന്നുമറിയാത്ത എനിക്ക് കഥകളിപദങ്ങളുടെ/കർണാടിക് കൃതികളുടെ കൂടെ കുറച്ചു ഡ്രം ലെയേഴ്സും ഗിറ്റാർസും കൂട്ടി ചേർത്ത് നടത്തുന്ന റോക്കിനോട് പ്രത്യേക താത്പര്യം ഒന്നും തോന്നിയിട്ടില്ല .
പക്ഷേ “മുറിവ്” അത്തരമൊരു പാട്ടല്ല. നമ്മുടെ പെൺകുട്ടികൾ ജീവിക്കുന്നത് അത്ര സുരക്ഷിതമായ ലോകത്തല്ല എന്ന മുന്നറിയിപ്പ് കൂടിയാണ്
ഇനിയെങ്കിലും നമ്മുടെ പെൺമക്കളുടെ മനസ്സ് മുറിപ്പെടാതിരിക്കാൻ ഇത്തരം പ്രതിഷേധങ്ങളെ നിരുപാധികം പിന്തുണക്കേണ്ടതുണ്ട്.
✍️:അസ്ലം പേരാമ്പ്ര