വീണ്ടും കുടുങ്ങി! മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ വനിതാ ഡോക്ടറും രോഗിയും കുടുങ്ങി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ വീണ്ടും ആളുകള്‍ ലിഫ്റ്റില്‍ കുടുങ്ങി. അത്യാഹിത വിഭാഗത്തില്‍ നിന്ന് സി.ടി സ്‌കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് ഡോക്ടറും രോഗിയും കുടുങ്ങിയത്.
അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറും മറ്റൊരു രോഗിയുമാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. തുടര്‍ന്ന് ഡോക്ടര്‍ ലിഫ്റ്റിലെ അലാറം മുഴക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്തു. ഇതോടെ ബന്ധപ്പെട്ട ജീവനക്കാരെത്തി ലിഫ്റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഏതാണ്ട് അരമണിക്കൂറോളം ഇവര്‍ ലിഫ്റ്റില്‍ കുടുങ്ങി.
കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങിയത് വിവാദമായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. നിയമസഭയിലെ താല്‍ക്കാലിക ജീവനക്കാരനാണ്. രണ്ടു ദിവസത്തിന് ശേഷം തിങ്കളാഴ്ച രാവിലെയാണ് ലിഫ്റ്റില്‍ കുടുങ്ങിയ നിലയില്‍ രവീന്ദ്രന്‍ നായരെ കണ്ടെത്തുന്നത്.
രണ്ടു രാത്രിയും ഒരു പകലുമാണ് രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. ശനിയാഴ്ച്ച രാവിലെയാണ് നടുവേദനയ്ക്ക് ചികിത്സ തേടി മെഡിക്കല്‍ കോളജിലെ ഓര്‍ത്തോവിഭാഗത്തില്‍ രവീന്ദ്രന്‍ നായര്‍ എത്തിയതായിരുന്നു. ഈ സംഭവത്തില്‍ രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
മെഡിക്കൽ കോളേജ് ഒ.പിയിൽ നാല് ലിഫ്റ്റുകളാണ് ഉള്ളത്. ഇതിൽ ഒരു ലിഫ്റ്റ് തകരാറായിരുന്നു. നടുവേദനയെ തുടർന്ന് അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടറെ കാണുന്നതിനായാണ് രവീന്ദ്രൻ ഒ.പി വിഭാഗത്തിലെത്തിയത്. രവീന്ദ്രൻ കയറിയത് തകരാറിലായ ലിഫ്റ്റിലായിരുന്നു. തുടർന്ന് ഇദ്ദേഹം ലിഫ്റ്റിന് അകത്ത് കുടുങ്ങിപ്പോയി.
രവീന്ദ്രന്റെ ഫോൺ നിലത്തുവീണ് പൊട്ടി തകരാറിലായിരുന്നു. അതിനാൽ താൻ ലിഫ്റ്റിൽ കുടുങ്ങിയ വിവരം ആരെയും വിളിച്ചറിയിക്കാൻ സാധിച്ചില്ല. ആശുപത്രിയിലുള്ള മറ്റാരുടെയും ശ്രദ്ധയിൽ ഇക്കാര്യം പെട്ടതുമില്ല. ഇതിനിടെ ലിഫ്റ്റ് ഓപ്പറേറ്റർ ലിഫ്റ്റ് ലോക്ക് ചെയ്ത് പോകുകയും ചെയ്തു. ഞായാറാഴ്ചയായതിനാൽ അടുത്ത ദിവസവും ആരും ലിഫ്റ്റിനടുത്ത് എത്തുകയോ തുറക്കുകയോ ചെയ്തില്ല
മെഡിക്കൽ കോളേജിൽ വെച്ച് രവീന്ദ്രനെ കാണാതായതിനെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം ആശുപത്രിയിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഇദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. പിന്നീട് തിങ്കളാഴ്ച രാവിലെയോടെ ലിഫ്റ്റ് തകരാർ പരിഹരിക്കുന്നതിനായി തൊഴിലാളികൾ എത്തി തുറന്നപ്പോഴാണ് അവശനിലയിൽ രവീന്ദ്രനെ കണ്ടെത്തിയത്.