കൊറിയക്കാരോട് പ്രിയഭക്ഷണം തിരഞ്ഞെടുക്കാൻ പറഞ്ഞാല്‍ ആദ്യ ചോയ്സുകളില്‍ തന്നെ ഇടം പിടിക്കുന്ന ഭക്ഷണമാണ് കിംച്ചി. കാരണം അവർക്ക് അത്രക്കും പ്രിയപ്പെട്ടതാണ് കിംച്ചി.
കൊറിയയുടെ പ്രതീകമായിമാറിയ കിംച്ചിയെ ആസ്പദമാക്കി ടെലിവിഷൻ സീരിസ് മുതല്‍ ' എ നേഷൻ ഓഫ് കിംച്ചി' എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്റെറി വരെ പുറത്തിറങ്ങിയിട്ടുണ്ട്.
കൊറിയൻ ഭക്ഷണം രുചിച്ച് നോക്കണമെന്ന് ആഗ്രഹിക്കുന്ന മറ്റ് രാജ്യങ്ങളിലുള്ള ഭക്ഷണപ്രിയരും ആദ്യമെത്തുന്നത് കിംച്ചിയിലേക്ക് തന്നെ. എന്നാല്‍ കൊറിയക്കാരുടെ തനതുഭക്ഷണമായ കിംച്ചിയിലൂടെ ആയിരത്തോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. കിംച്ചിയിലൂടെ നൊറോണവൈറസ് ബാധയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 1024 പേർക്ക് ശനിയാഴ്ച ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ദക്ഷിണകൊറിയയിലെ തെക്കു-പടിഞ്ഞാറൻ പ്രവിശ്യയിലുള്ള നംവോം നഗരത്തിലാണ് സംഭവം. നഗരത്തിലെ സ്കൂളുകളില്‍ വിളമ്ബിയ കിംച്ചി കഴിച്ചാണ് ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നത് . ഛർദിയും വയറിളക്കവും അടിവയറുവേദനയുമായി 24 സ്കൂളുകളില്‍ നിന്നുള്ള വിദ്യാർഥികളും സ്കൂള്‍ ജീവനക്കാരും ചികിത്സതേടിയിട്ടുണ്ട്. ജൂണ്‍ മൂന്നിനാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. കാബേജാണ് കിംച്ചിയിലെ പ്രധാനചേരുവ. പുളിപ്പിച്ചെടുത്ത കാബേജാണ് കിംച്ചിയുടെ സ്വാദിന് പിന്നില്‍.