എല്ലാ വീടുകളിലെയും പ്രധാന പ്രശ്നമാണ് പൊടി. എന്നും വൃത്തിയാക്കിയാലും നാം ശ്രദ്ധിക്കാത്ത പലയിടത്തും പൊടികള്‍ ഉണ്ടായിരിക്കും.
അലർജിക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കും പൊടി കാരണമാകുന്നു. വീട്ടിലെ പൊടി അകറ്റാൻ ചില വിദ്യകള്‍ നോക്കിയാലോ?
വീട്ടിലെ പൊടിശല്യം വീട്ടമ്മമാർക്ക് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. വീട്ടിൽ ആർക്കെങ്കിലും അലർജി കൂടി ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. എത്രയൊക്കെ വൃത്തിയാക്കിയാലും പലപ്പോഴും പൊടിയും അഴുക്കും ഇല്ലാതാക്കാൻ പൂർണമായും കഴിയില്ല. എന്നാൽ ചില വിദ്യകൾ പരീക്ഷിച്ചാൽ വീട്ടിലെ പൊടിശല്യം കുറയ്ക്കാം.
ചില വസ്തുക്കൾ പടിക്ക് പുറത്ത്
പൊടി അടിഞ്ഞു കൂടാൻ കാരണമാകുന്ന ചില വസ്തുക്കൾ വീട്ടിൽ നിന്നും പുറംതള്ളുക എന്നതാണ് പൊടിശല്യം ഒഴിവാക്കാൻ ആദ്യം ചെയ്യേണ്ടത്. അനാവശ്യ ഗൃഹോപകരണങ്ങൾ പഴയ കാർപറ്റ്, ചവിട്ടി, പഴയ കർട്ടൻ, പഴയ മെത്ത, പഴയ പേപ്പറുകളും മാസികകളും എല്ലാം ഇതിൽ ഉൾപ്പെടും.
പതിവ് വൃത്തിയാക്കല്‍
പൊടി പടരാതിരിക്കാൻ വീട് പതിവായി വ്യത്തിയാക്കേണ്ടത് അത്യാവശ്യമാണ്. നനഞ്ഞ തുണി ഉപയോഗിച്ച് പ്രതലങ്ങളില്‍ പൊടി തുടയ്ക്കുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും വീട്ടില്‍ വിരിച്ചിരിക്കുന്ന പരവതാനികളും മറ്റും വൃത്തിയാക്കുക. പുറത്ത് പോയിട്ട് വരുന്ന ചെരിപ്പ് വീട്ടിനുള്ളില്‍ ഉപയോഗിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം. അവ വീടിന് പുറത്ത് സൂക്ഷിക്കുക.
ആഴ്ചയിൽ ഒരിക്കൽ എങ്കിലും വീട്ടിലെ എല്ലാ സാധനങ്ങളും മാറ്റി എല്ലായിടവും നന്നായി തുടച്ചിടുക.
കാർപ്പറ്റ്
കാർപ്പറ്റാണ് പലപ്പോഴും വീട്ടിലെ അഴുക്കും പൊടിയും വർദ്ധിപ്പിക്കുന്നതിന് കാരണം. അതുകൊണ്ട് ആദ്യം തന്നെ കാർപറ്റ് കഴിവതും ഒഴിവാക്കണം. ഏറ്റവും കൂടുതൽ പൊടി കൊണ്ടുവരുന്നതാണ് കാർപറ്റ്. ഇനി കാർപറ്റ് ഇട്ടേ കഴിയൂ എന്നുണ്ടെങ്കിൽ അവ ദിവസവും വൃത്തിയാക്കുക, ഇതിന് ഒരു വാക്വം ക്ലീനർ ഉപയോഗിക്കാം.
മെെക്രോ ഫെെബർ
പൊടി ചുറ്റും പരത്താതെ പിടിച്ചുനിർത്താൻ മെെക്രോ ഫെെബർ തുണികള്‍ ഫലപ്രദമാണ്. ഉപരിതലത്തില്‍ പൊടിപടലങ്ങള്‍, ജനാലകള്‍ വ്യത്തിയാക്കല്‍, ഫർണിച്ചറുകള്‍ തുടയ്ക്കല്‍ എന്നിവയ്ക്കായി മെെക്രോ ഫെെബർ തുണികള്‍ ഉപയോഗിക്കാം.
ചെരുപ്പുകൾ വീടിന് പുറത്ത്
ചെരുപ്പുകളും മറ്റും കഴിവതും വീടിന് പുറത്ത് ഷൂ റാക്കിൽ വയ്ക്കാൻ ശ്രമിക്കുക. ഒരിക്കലും വീട്ടിനകത്ത് ചെരിപ്പിട്ട് കയറാനോ ചെരുപ്പ് ഉപയോഗിക്കാനോ പാടുകയില്ല. ചെറുപ്പങ്ങളിൽ പൊടി വേഗം അടിഞ്ഞു കൂടും . ഒപ്പം പുറത്തെ അഴുക്കും ചെറുപ്പുകളിലൂടെ ഉള്ളിലെത്തും.
ഫർണിച്ചർ വൃത്തിയാക്കുക
മരം കൊണ്ടുള്ള ഗൃഹോപകരണങ്ങൾ നിത്യവും നല്ല പോലെ തുടയ്ക്കാം. ചിതൽ പിടിക്കാതിരിക്കാൻ വർഷത്തിൽ ഒരു തവണ എങ്കിലും വാർണിഷ് അടിക്കാം. ഇടയ്ക്കിടെ എല്ലാ ഫർണിച്ചറുകളും തുടയ്ക്കുക.
ജനലുകൾ അടച്ചിടുക
റോഡിനു അടുത്താണ് വീടെങ്കിൽ ജനലുകൾ കഴിവതും അടച്ചിടുക. അതിരാവിലും രാത്രിയും ജനലുകൾ തുറന്നു വയ്ക്കാം. നല്ല ഡോർ കർട്ടൻ ഉപയോഗിക്കാനും ശ്രദ്ധിക്കുക
ജനലുകള്‍, വാതിലുകള്‍, ഭിത്തികള്‍ എന്നിവയിലെ വിടവുകള്‍ വഴി പൊടി വീട്ടിലേക്ക് എത്തുന്നു. അതിനാല്‍ അവ അടയ്ക്കുക. വീട്ടിലെ കർട്ടനുകള്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും വൃത്തിയാക്കണം. കൂടാതെ ഇടയ്ക്കിടെ അവ മാറ്റുകയും ചെയ്യണം.
ഫാൻ തുടക്കുക
പൊടി അടിഞ്ഞുകൂടി ഇരിക്കുന്ന മറ്റൊരു സ്ഥലം ആണ് വീട്ടിലെ ഫാനുകൾ. ഫാനിലെ പൊടി ആഴ്ചതേറാറും തുടയ്ക്കണം.
എസി വാങ്ങുമ്പോൾ
ചൂട് കുറയ്ക്കാൻ ഉപയോഗിക്കുന്ന എസ്സി വാങ്ങുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. എയർ കണ്ടിഷണറുകൾ ഉപയോഗിക്കുമ്പോൾ അലർജി ഉണ്ടാക്കുന്ന പൊടിപടലങ്ങൾ നീക്കം ചെയ്യാൻ കഴിവുള്ള 'ഹൈ എഫിഷ്യൻസി പാർട്ടിക്കുലേറ്റ് അബ്‌സോർബ്ഷൻ'ഉള്ളവ വാങ്ങുക