മഴക്കാലം ആരംഭിച്ച ശേഷം പാമ്ബുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വർധനവെന്ന് റിപ്പോർട്ട്. ഒരു മാസത്തിനുള്ളില്‍ നൂറോളം പേരാണ് പാമ്ബുകടിയേറ്റ് ചികിത്സ തേടിയെത്തിയതായി എല്‍.എഫ് ആശുപത്രി അധികൃതർ പറയുന്നത്.
വിഷപ്പാമ്ബുകളുടെ കടിയേറ്റവരാണ് ചികിത്സ തേടിയെത്തിയവരില്‍ അധികവും. മഴക്കാലത്ത് മാളങ്ങളില്‍ വെള്ളം കയറുമ്ബോള്‍ പാമ്ബുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതാണ് കടിയേല്‍ക്കാൻ ഇടയാകുന്നത്.
പാമ്ബ് കടിയേല്‍ക്കുന്നവർക്ക് ചികിത്സയുടെ ഭാഗമായി നല്‍കുന്ന പ്രതിവിഷം അതിന്‍റെ ഉത്പാദനം നടക്കുന്ന സ്ഥലത്ത് തന്നെ ചില ഘടകങ്ങള്‍ വേർതിരിച്ച് ശുദ്ധീകരിച്ചാല്‍ പാർശ്വഫലങ്ങള്‍ ഒഴിവാക്കാനും ഫലപ്രാപ്തി കൂട്ടാനും സാധിക്കുമെന്ന് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായി എല്‍.എഫ്. ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്ബില്‍ പറഞ്ഞു.
മുഴമൂക്കൻ (ഹമ്ബ് നോസ്ഡ് പിറ്റ് വൈപ്പർ) എന്ന പാമ്ബിന് വിഷമുണ്ടെന്ന് ലോകത്താദ്യമായി കണ്ടുപിടിച്ചത് എല്‍.എഫ് ആശുപത്രി ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയുമായി ചേർന്ന് നടത്തിയ ഗവേഷണ പഠനങ്ങളെ തുടർന്നാണെന്ന് സീനിയർ ഫിസിഷ്യനും നെഫ്രോളജിസ്റ്റും വിഷ ചികിത്സവിദഗ്ധനുമായ ഡോ. ജോസഫ് കെ. ജോസഫും പറഞ്ഞു.
പാമ്ബുകടിയേറ്റയാളുടെ രക്തം പരിശോധിച്ച് കടിച്ചത് ഏതുതരം പാമ്ബാണെന്ന് തിരിച്ചറിയാനുള്ള പഠനം കേരള യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് എല്‍.എഫ് ആശുപത്രിയില്‍ പുരോഗമിച്ച് വരികയാണ്.