വേദനിപ്പിക്കുന്ന മനുഷ്യരുടെയെല്ലാം അകത്ത് ചില കേടുകളുണ്ട്. അത് അവരുടെ മാത്രം കാര്യമാണ്. പക്ഷേ, ആ കേടുകൾ കാരണം നമ്മുടെ സന്തോഷം നഷ്ടപ്പെടുമ്പോൾ തോൽക്കുന്നത് നമ്മളല്ലേ. അവരുടെ അസൂയക്കും ദുരഭിമാനത്തിനും മനസ്സിലെ പൂപ്പലുകൾക്കും നമ്മളെന്തു ചെയ്യാനാണ്. പോറലുകളിൽ നിന്ന് കരുണയുടെ ജലമൊമൊഴുകട്ടെ. പറിച്ചെറിയുന്തോറും തഴച്ചു വളരുന്ന കാട്ടുചെടിയാവണം. വേദനിപ്പിച്ചവരെ വിജയങ്ങൾ കൊണ്ട് വിസ്മയിപ്പിക്കണം.
പെൺകുട്ടിക്ക് കാഴ്ച്ച ലഭിച്ച ഒരു കഥയില്ലേ...അതിങ്ങനെ ;കാഴ്ചയില്ലാത്തൊരു പെൺകുട്ടിക്ക് ജീവിതത്തോട് വല്ലാത്ത മടുപ്പു തോന്നി. ചുറ്റുമുള്ള മുഴുവൻ മനുഷ്യരും നിറങ്ങളെ ആസ്വദിക്കുന്നു, തനിക്കു മാത്രം അതിനു പറ്റാത്തതിൽ അമർഷവും സങ്കടവും പെരുകി. പക്ഷേ, അവളുടെ ജീവിതത്തിലേക്ക് വന്ന പുതിയൊരു സുഹൃത്ത് ചിന്തകളെയാകെ മാറ്റിമറിച്ചു. അവന്റെ സൗമ്യമായ വാക്കുകൾ മനസിന് തണുപ്പേകി. വിധിയെ പഴിച്ചുള്ള വാക്കുകൾ ഇല്ലാതായി. ദൈവത്തോടും ആയുസ്സിനോടും അവൾക്ക് സ്നേഹം കൂടി. ഒരു ദിവസം അവനോട് പറഞ്ഞു: ‘നിന്നേയും എനിക്ക് പ്രിയപ്പെട്ട എല്ലാരേം കാണാൻ തോന്നുന്നു. ഇനിയുള്ള ജീവിതം നിന്റെ കൂടെ ആകണമെന്ന് ഞാനാഗ്രഹിക്കുന്നുണ്ട്. എന്റെ വീട്ടുകാരും അത് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, കാഴ്ച കിട്ടിയാൽ മാത്രമേ ഒരുമിച്ചുള്ളൊരു ജീവിതം എനിക്കാഗ്രഹമുള്ളൂ..’
ആ വാക്കുകൾ ഹൃദയം കൊണ്ടാണവൻ കേട്ടത്. അവളുടെ ആഗ്രഹം അവന്റേയും ആഗ്രഹമായിത്തീർന്നു. കണ്ണുകൾ ദാനം ചെയ്യാൻ ആരെയെങ്കിലും കിട്ടുമോ എന്നന്വേഷിച്ച് അവനൊരുപാട് അലഞ്ഞു. ആ അന്വേഷണം വിജയം കണ്ടു. അവൾക്ക് കാഴ്ച ലഭിക്കാൻ പോവുന്നു!
സർജറി വിജയകരമായി അവസാനിച്ചു. നീണ്ട വിശ്രമത്തിനൊടുവിൽ അവളുടെ കണ്ണിലെ കെട്ടുകൾ അഴിച്ചു മാറ്റാൻ തുടങ്ങി. സന്തോഷം കൊണ്ട് അവളുടെ നെഞ്ചു വിങ്ങി. ഡോക്ടർ കണ്ണു തുറക്കാൻ പറഞ്ഞപ്പോൾ നിറങ്ങളുടെ വൈവിധ്യ ഭംഗിയിലേക്ക് കൺപോളകൾ വിടർത്തി.
എല്ലാരേയും കണ്ടിട്ടും ആ സുഹൃത്തിനെ മാത്രം ഇതുവരെ കണ്ടില്ല.
ദിവസങ്ങൾ കഴിഞ്ഞാണ് ആ കൂടിക്കാഴ്ചയുണ്ടായത്. അവനെക്കാണാൻ അവൾ കാത്തിരിപ്പിലായിരുന്നു.പക്ഷേ, തമ്മിൽക്കണ്ടപ്പോൾ അവൾ ഞെട്ടി, രണ്ടുകണ്ണിനും കാഴ്ചയില്ലാത്തവനാണ് ആ കൂട്ടുകാരൻ.
കാഴ്ചയുള്ള ജീവിതത്തിന്റെ രസങ്ങളൊക്കെ പറഞ്ഞെങ്കിലും വിവാഹത്തേക്കുറിച്ച് മാത്രം അവളൊന്നും പറഞ്ഞില്ല. അവളത് മറന്നതു പോലെ തോന്നി, ഒരുദിവസം അവൻ അതേക്കുറിച്ച് ഓർമപ്പെടുത്തിയപ്പോൾ അവൾ മനസിലുള്ളതു പറഞ്ഞു; ഇല്ല, താൽപ്പര്യമില്ല. കാഴ്ചയുള്ള ഒരാളെ മതി!
ആ വാക്കുണ്ടാക്കിയ ഹൃദയഭാരത്തോടെ അവൻ യാത്ര ചോദിച്ചു. പിന്നൊരിക്കലും അവളുടെ വഴിയിലേക്ക് അവൻ വന്നതേയില്ല. ആഴ്ചകൾക്കു ശേഷം ഒരു കത്ത് അവളെത്തേടി വന്നു; ‘ഒരുമിച്ചുള്ള ജീവിതം ഞാൻ കാത്തിരുന്നതാണ്. നീയത് ആഗ്രഹിക്കുന്നില്ല എന്നറിഞ്ഞപ്പോൾ കഠിനമായ ദു:ഖം തോന്നി. നിന്നെ ഓർക്കുമ്പോൾ സങ്കടവും ദേഷ്യവും മാറിമാറി വരുന്നു. അതുകൊണ്ട് ഇനി ഓർക്കാൻ നിൽക്കുന്നില്ല, ഞാനെന്റെ ജീവിതവുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുന്നു. പിന്നെ ചെറിയൊരു കാര്യം പറയട്ടെ, നിനക്കുകിട്ടിയ ആ കണ്ണുകളെ നല്ല പോലെ ശ്രദ്ധിക്കണം. പരിക്കുകളില്ലാതെ സൂക്ഷിക്കണം. കാരണം നിന്റേതാകുന്നതിനു മുമ്പ് അത് എന്റേതായിരുന്നു.’
എളുപ്പമല്ല, എന്നാലും വേദനിപ്പിച്ചവരെ വിട്ടുകളയുക. മറക്കാനോ പൊറുക്കാനോ ഒന്നും നിൽക്കേണ്ട. ചുറ്റും നോക്കിയിരുന്നാൽ ഓർമകൾ വന്ന് മുറിവിൽത്തൊടും. മുന്നിലേക്കു നോക്കി സ്വന്തം ജീവിതത്തേയും കെട്ടിപ്പിടിച്ച് യാത്രതുടരുക.
നിറയെ പൂക്കളുള്ള ഒരു വീടുണ്ട്. ചെടികളേയും പൂക്കളേയും ഒരുപാട് ഇഷ്ടപ്പെടുന്ന വൃദ്ധനായൊരു കർഷകന്റേതാണ്. റോഡിലൂടെ പോകുന്നവർക്ക് എല്ലാം അയാൾ പൂക്കൾ സമ്മാനിക്കും. കുട്ടികൾക്ക് അപ്പൂപ്പനെ വലിയ ഇഷ്ടമാണ്. ചെടികളെ നനക്കുന്നതും പരിപാലിക്കുന്നതും അയാൾത്തന്നെ. കുറച്ചകലെയുള്ള കുളത്തിൽ നിന്നാണ് വെള്ളം. നീളമുള്ള വടിയിൽ രണ്ട് മൺകുടങ്ങൾ തൂക്കിയാണ് വെള്ളം കൊണ്ടു വരുന്നത്. മൺകുടങ്ങളിൽ ഒന്ന് ചെറുതായി പൊട്ടിയിട്ടുണ്ട്. പൂന്തോട്ടത്തിൽ എത്തുമ്പോഴേക്ക് മുക്കാൽഭാഗം വെള്ളവും ചോർന്നൊലിക്കും. എല്ലാ ദിവസവും ആ കുടത്തെ മാറ്റേ കുടം പരിഹസിക്കും. ‘നിന്നെ ഒന്നിനും കൊള്ളില്ല. ചോർന്നൊലിക്കാൻ മാത്രമൊരു കുടം. നോക്കിക്കോ, അയാൾ നിന്നെ ഉപേക്ഷിക്കും’
കുടം സങ്കടപ്പെട്ടു. തന്നെ ഉപേക്ഷിക്കരുതെന്ന് തോട്ടക്കാരനോട് യാചിച്ചു. അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു: ‘എടാ, നിനക്ക് ചോർച്ചയുള്ള കാര്യം എനിക്ക് മുമ്പേ അറിയാം. അതുകൊണ്ട് ഞാനെന്താ ചെയ്തത് എന്നറിയോ? എപ്പോഴും നിന്നെ എന്റെ വലതുവശത്ത് തൂക്കിയിടും. അവിടെയാണ് പുതിയ പൂവിത്തുകൾ പാകിയത്.നിന്റെയാ ചോരുന്ന വെള്ളമാണ് അവയെ നനച്ചു വളർത്തുന്നത്. നോക്ക്, നീ നനച്ച വിത്തുകൾ ചെടികളായ് മാറി. ഇനി പൂക്കൾ നിറയും. ഇതുവഴി പോകുന്നോരെയെല്ലാം ആ കാഴ്ച സന്തോഷിപ്പിക്കില്ലേ.... നീയാണതിന് കാരണക്കാരൻ. എന്തെങ്കിലും ഗുണമില്ലാത്ത ആരും ഈ ലോകത്തില്ലെടോ. നീ സന്തോഷിക്ക്.'....
കുട്ടിക്കഥയിലെ പാഠങ്ങൾ കുട്ടികൾക്ക് മാത്രമുള്ളതല്ല. നിസ്സാരമായ പോറൽ പോലും ചില നേരത്ത് വല്ലാതെ തളർത്താറില്ലേ. പിണക്കവും മൗനവും അവഗണനയും മനുഷ്യനെന്ന കുഞ്ഞു ജീവിക്ക് താങ്ങാനാകില്ല. പ്രിയപ്പെട്ടവരുടെ അവഗണനയിൽ ഹൃദയമുരുകും. ഒരു കാര്യവുമില്ലാതെ വേദനിപ്പിക്കാൻ മനുഷ്യന് പ്രത്യേകമൊരു കഴിവുണ്ട്. അതിലൊക്കെ മനസ്സിനെ തകരാൻ അനുവദിച്ചാൽ നമുക്ക് ജീവിക്കാനാകില്ല. വേദനിപ്പിക്കുന്ന മനുഷ്യരുടെയെല്ലാം അകത്ത് ചില കേടുകളുണ്ട്. അത് അവരുടെ മാത്രം കാര്യമാണ്. പക്ഷേ, ആ കേടുകൾ കാരണം നമ്മുടെ സന്തോഷം നഷ്ടപ്പെടുമ്പോൾ തോൽക്കുന്നത് നമ്മളല്ലേ. അവരുടെ അസൂയക്കും ദുരഭിമാനത്തിനും മനസ്സിലെ പൂപ്പലുകൾക്കും നമ്മളെന്തു ചെയ്യാനാണ്. പോറലുകളിൽ നിന്ന് കരുണയുടെ ജലമൊമൊഴുകട്ടെ. പറിച്ചെറിയുന്തോറും തഴച്ചു വളരുന്ന കാട്ടുചെടിയാവണം. വേദനിപ്പിച്ചവരെ വിജയങ്ങൾ കൊണ്ട് വിസ്മയിപ്പിക്കണം. പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായിത്തീർന്നു എന്ന ബൈബിൾ വാക്യം പോലെ, ഒരാൾ ഉപേക്ഷിച്ചെങ്കിൽ മറ്റൊരാൾ ഉയർത്തെഴുന്നേൽപ്പിന്റെ ഉമ്മ തരാൻ കാത്തിരിപ്പുണ്ട്.
എണ്ണൂറുകോടി മനുഷ്യരുള്ള ലോകമാണിത്. നമ്മളെങ്കിലും നമ്മുടെ വിലയറിയണം എന്നേയുള്ളൂ.
ഓരോ വസ്തുവിനും മൂല്യമുണ്ട്. ഓരോ ആൾക്കും മഹത്വമുണ്ട്.