ട്രെഡ്മില്ലില്‍ നിർബന്ധിച്ച് വ്യായാമം ചെയ്യിപ്പിച്ചതിന് പിന്നാലെ ആറുവയസ്സുകാരൻ മരിച്ച സംഭവത്തില്‍ പിതാവിന് 25 വർഷം തടവുശിക്ഷ.
ആറു വയസ്സുകാരനോട് അച്ഛന്റെ ക്രൂരത...
വാഷിങ്ടണ്‍: ട്രെഡ്മില്ലില്‍ നിർബന്ധിച്ച് വ്യായാമം ചെയ്യിപ്പിച്ചതിന് പിന്നാലെ ആറുവയസ്സുകാരൻ മരിച്ച സംഭവത്തില്‍ കോടതി പിതാവിന് 25 വർഷം തടവുശിക്ഷ വിധിച്ചു.
അമേരിക്കയിലെ ന്യൂ ജെഴ്സി സ്വദേശിയായ ക്രിസ്റ്റഫർ ഗ്രെഗോറിനെയാണ് കോടതി ശിക്ഷിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ആറുവയസ്സുള്ള മകൻ കോരെ മിക്കിയോളയെ നിർബന്ധിച്ച് ട്രെഡ്മില്ലില്‍ കയറ്റി നിരന്തരം ഉപദ്രവിച്ചതാണ് ക്രിസ്റ്റഫറിനെതിരേയുള്ള കുറ്റം. ഇതാണ് ആറുവയസ്സുകാരന്റെ മരണത്തിനിടയാക്കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ ഒരുമാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.
2021 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. ആറുവയസ്സുള്ള മകന് തടി കൂടുതലാണെന്ന് പറഞ്ഞാണ് ഇയാള്‍ നിർബന്ധിച്ച് ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യിപ്പിച്ചത്. മകനെ ട്രെഡ്മില്ലില്‍ കയറ്റിയശേഷം ഇയാള്‍ വേഗം കൂട്ടുന്നതും പിന്നാലെ കുട്ടി തെറിച്ചുവീഴുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു.
നിലത്തേക്ക് വീണതിന് ശേഷം ട്രഡ്മില്ലില്‍ കയറാൻ മടിച്ച മകനെ ബലംപ്രയോഗിച്ചാണ് ഇയാള്‍ വീണ്ടും ഉപദ്രവിച്ചത്. ആറുതവണയാണ് കുട്ടി ഇത്തരത്തില്‍ ട്രഡ്മില്ലില്‍നിന്ന് തെറിച്ചുവീണതെന്നും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
സംഭവത്തിന് പിന്നാലെ പിറ്റേദിവസം കുട്ടിക്ക് ഛർദിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടർന്ന് അവശനായ മകനെ ക്രിസ്റ്റഫർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
പ്രതി അവശനായ മകനെയും എടുത്ത് ആശുപത്രിയിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം അന്വേഷണത്തില്‍ തെളിവായി കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍നിന്നുള്ള റിപ്പോർട്ടും കോടതിയില്‍ ഹാജരാക്കി. അതേസമയം, ശിക്ഷ വിധിക്കുന്നതിന് മുൻപ് താൻ കുറ്റം ചെയ്തിട്ടില്ലെന്നും മകന്റെ മരണത്തില്‍ താൻ ഉത്തരവാദിയല്ലെന്നുമായിരുന്നു ക്രിസ്റ്റഫർ കോടതിയില്‍ പറഞ്ഞു.
''മകന്റെ മരണത്തില്‍ ഞാൻ ഒന്നും ചെയ്തിട്ടില്ല. മകനെ ഞാൻ ഉപദ്രവിച്ചിട്ടുമില്ല. ഞാൻ അവനെ സ്നേഹിച്ചിരുന്നു. ഇപ്പോഴും അവനെ സ്നേഹിക്കുന്നു. അവനെ ഉടൻ ആശുപത്രിയില്‍ എത്തിക്കാൻ കഴിയാത്തതില്‍ എനിക്ക് പശ്ചാത്താപമുണ്ട്. പക്ഷേ, അവൻ അത്രയേറെ അവശനായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. വെറും ക്ഷീണമാണെന്നാണ് ഞാൻ കരുതിയത്''- ക്രിസ്റ്റഫർ കോടതിയില്‍ പറഞ്ഞു.
'രാക്ഷസൻ' എന്നാണ് ക്രിസ്റ്റഫറിനെ അയാളുടെ ഭാര്യ ബ്രിയന്ന വിശേഷിപ്പിച്ചത്. ഒരിക്കലും ഭർത്താവിനോട് ക്ഷമിക്കില്ലെന്നും ഭർത്താവിനെ വെറുക്കുന്നതായും ആറുവയസ്സുകാരന്റെ മാതാവ് കോടതിയില്‍ പറഞ്ഞു.
ട്രെഡ്‌മില്ലിൻ്റെ ദ്രുതഗതിയിലുള്ള വേഗത കൊച്ചുകുട്ടിയുടെ കാലുകൾക്ക് താങ്ങാനാകാത്ത വിധം വളരെ വേഗത്തിലായിരുന്നു, അവൻ ആവർത്തിച്ച് ഉപകരണങ്ങളിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീഴുകയും വീണ്ടും ശ്രമിക്കുന്നതിനായി ഇഴഞ്ഞു നീങ്ങുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.