ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഓട്ടോ ഇടിച്ചു വീഴ്ത്താന്‍ മൂന്നുതവണ ശ്രമിച്ചു, വിജയിക്കാതായപ്പോള്‍ കാര്‍ വാടകയ്‌ക്കെടുത്തു; ആസൂത്രണത്തിന് പ്രത്യേക സിം; യുവതി അടക്കം 5 പേര്‍ പിടിയില്‍


കൊല്ലത്ത് കാറിടിച്ച്‌ സൈക്കിള്‍ യാത്രക്കാരൻ മരിച്ചത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. ബിഎസ്‌എൻഎല്‍ റിട്ട. ഡിവിഷനല്‍ എൻജിനീയറായ സി.പാപ്പച്ചൻ മേയ് 26നാണ് മരിച്ചത്. സ്വകാര്യ ബാങ്കിലെ വനിത മാനേജരായ സരിതയാണു പണം തട്ടിയെടുക്കാൻ ക്വട്ടേഷൻ നല്‍കിയത്. സരിതയും ക്വട്ടേഷൻ‌ ഏറ്റെടുത്ത അനിമോനും കസ്റ്റഡിയിലായി.


പന്തളം കുടശ്ശനാട് സ്വദേശിയായ പാപ്പച്ചന്‍ കൊല്ലത്ത് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പാപ്പച്ചന് സ്വകാര്യ ബാങ്കില്‍ 80 ലക്ഷത്തിലേറെ രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. ഈ പണം തട്ടിയെടുക്കാനായി ബാങ്ക് മാനേജരായ സരിത, മറ്റൊരു ബാങ്ക് ജീവനക്കാരന്‍, വേറെ രണ്ടുപേര്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്.


സരിത 40 ലക്ഷം രൂപ തട്ടിയെടുത്തതു പാപ്പച്ചൻ ചോദ്യം ചെയ്തിരുന്നു. പ്രശ്നപരിഹാരത്തിനായി പാപ്പച്ചനെ വിളിച്ചുവരുത്തുകയും കാറിടിപ്പിച്ചു കൊല്ലുകയുമായിരുന്നു.പാപ്പച്ചന്റെ മരണം റോഡ് അപകടമാണെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുമ്ബോഴാണു ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്തുവന്നത്.


സൈക്കിളില്‍ പോകുകയായിരുന്ന പാപ്പച്ചനെ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു എന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഓടിച്ചിരുന്ന അനിമോന്‍ എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. എന്നാല്‍ പിന്നീട് അനിമോന്റെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍, ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്‍തുക എത്തിയതും കണ്ടെത്തി.തുടര്‍ന്നാണ് അനിമോന്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത് നടത്തിയ കൊലപാതകമാണെന്ന് കണ്ടെടുത്തത്.


വിരമിക്കല്‍ ആനുകൂല്യമായി കിട്ടിയ പണം സ്വകാര്യ ബാങ്കില്‍‌ സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചൻ ബാങ്കിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍ പാപ്പച്ചൻ കുടുംബവുമായി നല്ല ബന്ധത്തിലല്ല എന്ന വിവരം മാനേജർ അടക്കമുള്ളവർക്ക് അറിയാമായിരുന്നു.പാപ്പച്ചൻ മരിച്ചാല്‍ തുക ചോദിച്ച്‌ ആരും വരില്ലെന്നും വ്യക്തമായി മനസ്സിലാക്കിയാണു സരിത പദ്ധതികള്‍ ആസൂത്രണം ചെയ്തത്.


അനിമോൻ വാടകയ്‌ക്കെടുത്ത കാർ പാപ്പച്ചൻ ഓടിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്. ആശ്രാമം മൈതാനത്തിനു തൊട്ടടുത്ത ഇടവഴിയില്‍ ആയിരുന്നു അപകടം. സ്ഥിരമായി സൈക്കിള്‍ മാത്രം ഉപയോഗിച്ചിരുന്ന ആളാണു പാപ്പച്ചൻ. പ്രതികള്‍ നിലവില്‍ കൊല്ലം ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലാണ്.