''ഒരിക്കലും ഒന്നിലും സമയം തെറ്റിക്കാതെ പ്രവൃത്തിക്കുന്നത് മറ്റുള്ളവരെ തൃപ്‌തരാക്കും. സമയം തെറ്റിക്കുക എന്നത് ദൃഢതയില്ലായ്മയും മറ്റുള്ളവരുടെ സമയത്തെ ബഹുമാനിക്കാതിരിക്കലുമാണ്"
നമ്മുടെ കോപം സ്ഫോടനാത്മകവും ആക്രമണാത്മകവുമാണെന്ന് നാം പലപ്പോഴും ചിന്തിക്കാറുണ്ട്. കോപിക്കുമ്പോൾ ഉള്ളിൽ തീ ജ്വലിക്കുന്നതുപോലെ അനുഭവപ്പെടും. ഉള്ളു ചുട്ടുപഴുക്കുകയും നാം ചൂടാകുകയും ശരീരം വിയർക്കുകയും ചെയ്യും. നമ്മുടെ വയറ് കോച്ചിപ്പിടിക്കുകയും രക്തസമ്മർദ്ദം ഉയരുകയും നമ്മുടെ വേദനക്ക് ഉത്തരവാദികളായവർക്ക് കഠിനമായ നാശനഷ്ടങ്ങൾ വരുത്താൻ നാം തയ്യാറെടുക്കുകയും ചെയ്യും.
മറ്റു ചിലപ്പോൾ, നാം നമ്മുടെ കോപം ഉള്ളിൽ അടക്കുകയും മനസ്സിന്റെ ആഴത്തിൽ കുഴിച്ചിടുകയും അത് തനിയെ ശമിക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു.കോപത്തോടുള്ള അത്തരം പ്രതികരണം, നിശബ്ദരാകാനും നമുക്ക് ചുറ്റുമുള്ള ആളുകളിൽ നിന്ന് അകന്നു നിൽക്കാനും നമ്മെ പ്രേരിപ്പിക്കുന്നു.
സംഘർഷങ്ങളുടെയും തെറ്റിദ്ധാരണകളുടെയും കലുഷിതമായ ബന്ധങ്ങളുടെയും ലോകത്ത് നാം ജീവിക്കുമ്പോൾ, കോപത്തോടെ പ്രതികരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന നിരവധി കാര്യങ്ങൾ സംഭവിക്കാറുണ്ട്. നമ്മുടെ കോപം ചില സമയങ്ങളിൽ ഉചിതമാണെങ്കിലും, മറ്റ് സമയങ്ങളിൽ വലിയ അപകടത്തിലേക്കു നയിക്കാൻ സാധ്യതയുണ്ട്.
നമ്മിൽ പലരും ക്ഷിപ്രകോപികൾ ആണ്. നമുക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും പ്രവർത്തി കണ്ടാൽ പെട്ടെന്ന് ദേഷ്യം വരികയും അപ്പോൾ തന്നെ അതിന് കാരണക്കാരായ ആളുകൾക്ക് എതിരെ വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും പ്രതികരിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ് ഇത്തരക്കാർ.
ഇത്തരത്തിൽ ദേഷ്യത്തോടുള്ള പ്രതികരണം ഏറ്റു വാങ്ങേണ്ടി വരിക പലപ്പോഴും സ്വന്തം കുടുംബത്തിൽ ഉള്ളവരൊ അല്ലെങ്കിൽ സ്വന്തം സൗഹൃദത്തിൽ തന്നെ ഉള്ളവരോ ഒക്കെ ആകും. ചെറിയ നിസാരമായ കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന ഇത്തരം പ്രതികരണങ്ങൾ പല സൗഹൃദങ്ങളെയും നഷ്ടപ്പെടുത്തുകയും കുടുംബത്തിൽ ഉള്ളവരെ പോലും അന്യവൽക്കരിക്കപ്പെടുകയും ചെയ്യാറുണ്ട്.
ഇവക്ക് എതിരെ (പെട്ടെന്നുണ്ടാകുന്ന ദേഷ്യവും പ്രതികരണവും ) സ്വയം നമുക്ക് എന്ത് ചെയ്യാൻ സാധിക്കും.? സ്വയം ബോധ്യം ഉള്ളവനാകാൻ ശ്രമിക്കുക എന്നത് മാത്രമാണ് ഒരു പോംവഴി . നിങ്ങൾക്ക് നിങ്ങളുടെ ദേഷ്യത്തെ കുറിച്ചു ബോധമുള്ളവനാകാൻ കഴിയുമെങ്കിൽ, ആ ഒരു ബോധം തന്നെ അതിനെ മാറ്റുകയും, മുഴുവൻ പ്രക്രിയയെയും നിങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയുമെങ്കിൽ, മനസ്സിലാക്കുന്നതായ ആ പ്രക്രിയയിലൂടെ തന്നെ അത് ഒരു അബദ്ധമായി തീരുകയും ചെയ്യും.
വെറുപ്പുള്ളവനും ദേഷ്യമുള്ളവനുമായി തീരുന്നതിന്റെ ഒരടിസ്ഥാനഘടകം അതിനെക്കുറിച്ചുള്ള അജ്ഞതയാണ്. അതിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. അതേപ്പറ്റിയുള്ള ജാഗ്രതയില്ലായ്മയാണ്.
എന്നാൽ നിങ്ങൾ ജാഗരൂഗനാണെങ്കിൽ നിങ്ങൾക്ക് ദേഷ്യപ്പെടുവാൻ കഴിയില്ല. ദേഷ്യമായിത്തീരുന്ന ആ ഊർജത്തെ മുഴുവൻ ആ ജാഗ്രത വലിച്ചെടുക്കും.
നാം എത്ര നിസ്സാരരാണെന്ന്, അസ്വതന്ത്രരാണെന്ന്, നിസ്സഹായരാണെന്ന് നമ്മെ നിരന്തരം അനുഭവിപ്പിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് കോപം. പെട്ടെന്നുണ്ടാകുന്ന ആ കൈവിട്ടു പോകലിൽ തകരുന്നത് നമ്മുടെ കോപത്തിന് വിധേയമാകുന്നവർ മാത്രമല്ല. നമ്മൾ കൂടിയാണ്.ശരീരം മുഴുവൻ വിഷം നിറയുന്നതു പോലെ. വലിഞ്ഞു മുറുകി കലുഷമാകുന്ന നാഡീഞരമ്പുകൾ. വികൃതമാകുന്ന മുഖം. തനിക്ക് തന്നോടു തന്നെ വെറുപ്പ് തോന്നുന്ന അനുഭവം. എല്ലാ കൊടുങ്കാറ്റുമടങ്ങി ശാന്തമാകുമ്പോൾ നിയന്ത്രണം വിട്ടു പോയ മനസ്സിനെ പ്രതിയുള്ള പശ്ചാതാപം. ന്യായീകരണം. ഉറക്കമില്ലായ്മ.
പ്രശാന്തമായ അന്തരീക്ഷത്തെ അപ്പാടെ കലുഷമാക്കാൻ നമ്മുടെ ആ ഒരൊറ്റ പൊട്ടിത്തെറി മതി. കൂടെയുള്ളവരെല്ലാം ശിഥിലമാകും. കുഞ്ഞുങ്ങൾ പേടിച്ച് തളരും. ചുറ്റും വിഷം ചീറ്റുന്നതു പോലെയാണ് കോപം പ്രവർത്തിക്കുക. നാം അത്രമാത്രം സ്നേഹിക്കുന്ന എത്ര മനുഷ്യരെയാണ് ആ വിഷം വിഷമിപ്പിച്ചിട്ടുള്ളത്. വിഷമിപ്പിക്കുന്നത്.
എന്താണ് ഒരു വഴി ?
എളുപ്പവഴികൾ ഇല്ലേയില്ല. നിയന്ത്രണം മാത്രമാണ് വഴി. കോപം ഇരച്ചു കയറി വരുമ്പോൾ അതിൻ്റെ തുടക്കത്തിൽ തന്നെ ഇടപെടാൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു. ആ തീ പടർന്നു പിടിക്കുന്നതിനു മുമ്പേ ശ്രദ്ധയോടെ നിയന്ത്രിക്കുക. അടങ്ങൂ, അടങ്ങൂ എന്ന് അടക്കം പറയുക.
അതിന് കഴിയില്ലെങ്കിൽ ഉടൻ ആ സ്ഥലത്തു നിന്ന് മാറുക. എങ്ങോട്ടെങ്കിലും ഇറങ്ങി നടക്കുക. ഉള്ളിലെ തീ അടങ്ങുന്നതു വരെ പുറത്തു കഴിയുക. എല്ലാം ഒന്ന് സൗമ്യമാകുമ്പോൾ തിരിച്ചു വരിക. അതൊരു വലിയ സാമൂഹ്യ പ്രവർത്തനമാണ്. സ്വയംസേവനവുമാണ്.
ഒരാൾ വ്യക്തിത്വമുള്ള സ്വതന്ത്ര വ്യക്തിയാകുന്നത് കോപത്തിനു മുകളിൽ നിയന്ത്രണം സാദ്ധ്യമാകുമ്പോൾ മാത്രമാണ്. അവിടെയാണ് മനനശീലമുള്ള മനുഷ്യൻ ജനിക്കുന്നത്. നാം പൗരബോധമുള്ള വ്യക്തിയാകുന്നത്. അവരവർക്കു മേൽ സമരം ചെയ്യാനുള്ള ആർജ്ജവം അതിനാവശ്യമാണ്. മറ്റുള്ളവരെ തോല്പിക്കുന്നിടത്തല്ല, അവരവരിലെ അനിയന്ത്രിതമായ വൈകാരികക്ഷോഭങ്ങൾക്കു മേൽ വിജയം വരിക്കുന്നിടത്താണ് നാം സ്വതന്ത്രരാകുന്നത്. ക്ഷമ ഒരു സഹനം തന്നെയാണ്. സ്വയം തെളിയാനുള്ള സമരമാണത്. കോപത്തെ വരുതിയിലാക്കാനുള്ള ഒരേയൊരു വഴി.
കോപം ഒരു വലിയ തീവ്രതയാണ്. തീവ്രത മാത്രമാണ് മനുഷ്യൻ അന്വേഷിക്കുന്നത്. എല്ലാ ത്രില്ലറുകളും ആക്ഷൻ സിനിമകളും സ്‌പോർട്‌സ് ഇവൻ്റുകളും വളരെ ജനപ്രിയമായതിൻ്റെ കാരണം ആളുകൾ എവിടെയെങ്കിലും കുറച്ച് തീവ്രത ആഗ്രഹിക്കുന്നു എന്നതാണ്. എങ്ങനെ തീവ്രമാകണമെന്ന് അവർക്ക് അറിയാവുന്ന ഒരേയൊരു മാർഗ്ഗം ശാരീരിക പ്രവർത്തനത്തിലൂടെയോ കോപത്തിലൂടെയോ വേദനയിലൂടെയോ ആണ്.
മയക്കുമരുന്നും ലൈംഗികതയും ലോകത്ത് ഇത്ര വലിയ കാര്യമായി മാറിയതിൻ്റെ കാരണം, എങ്ങനെയെങ്കിലും, കുറച്ച് നിമിഷങ്ങളെങ്കിലും കുറച്ച് തീവ്രത അനുഭവിക്കാൻ ആളുകൾ ആഗ്രഹിക്കുന്നു എന്നതാണ്. തീവ്രത നിങ്ങളെ പല കാര്യങ്ങളിൽ നിന്നും മോചിപ്പിക്കുന്നു. കോപത്തിന് നിങ്ങളെ പല കാര്യങ്ങളിൽ നിന്നും മോചിപ്പിക്കാൻ കഴിയും, എന്നാൽ കോപത്തിൻ്റെ പ്രശ്നം, അത് നിങ്ങളുടെ ഉള്ളിലെ ശുദ്ധമായ തീവ്രതയല്ല എന്നതാണ്; ചുറ്റുമുള്ള സാഹചര്യങ്ങളുമായി അത് പിണങ്ങുന്നു.
നിങ്ങളുടെ കോപം മാത്രം നിങ്ങളെ പ്രവർത്തനത്തിലേക്ക് നയിക്കണമെന്നില്ല. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും തീവ്രമായ അനുഭവം ഒരുപക്ഷേ ദേഷ്യമാണ്. നിങ്ങൾ കോപത്തെ വിശുദ്ധീകരിക്കുന്നതിൻ്റെ കാരണം അതാണ്, കാരണം അത് നിങ്ങളെ പ്രവർത്തനത്തിലേക്ക് പ്രേരിപ്പിക്കുന്നു. നിർഭാഗ്യവശാൽ, സന്തോഷത്തിൻ്റെയോ സ്നേഹത്തിൻ്റെയോ തീവ്രത നിങ്ങൾക്കറിയില്ല.
എന്നാൽ സ്നേഹത്തിനും അനുകമ്പക്കും നിങ്ങളെ പ്രവർത്തനത്തിലേക്ക് നയിക്കാൻ കഴിയും - വളരെ സൗമ്യമായി, എന്നാൽ വളരെ അത്ഭുതകരമായും ഫലപ്രദമായും.
നിങ്ങളുടെ ജോലിസ്ഥലത്തും വീട്ടിലും കോപാകുലരായ ആളുകളോടൊപ്പം ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? സമാധാനവും സന്തോഷവുമുള്ള ആളുകളുമായി ജീവിക്കാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാ മനുഷ്യരും എപ്പോഴും സമാധാനവും സന്തോഷവും ഉള്ള ആളുകളുമായി ജീവിക്കാനും പ്രവർത്തിക്കാനും ആണ് എപ്പോഴും ആഗ്രഹിക്കുക.