ഇന്ന് നാം കണ്ടു മുട്ടാറുള്ള മിക്ക ആളുകളും ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തുന്നതായി കാണാറുണ്ട്. അതിരാവിലെ എണീട്ടുതന്നെ വ്യായാമത്തിൽ ഏർപെടുന്നവരും നടത്തശീലമുള്ളവരും നല്ല ഡയറ്റ് പ്ലാൻ പിന്തുടരുന്നവരും അങ്ങനെയുള്ളവരായിട്ടുള്ള ഒരു നല്ല തലമുറ തന്നെ ഇപ്പോഴുണ്ട്. യഥാർത്ഥത്തിൽ അതെ പരിഗണന അല്ലെങ്കിൽ അല്പമെങ്കിലും അവരവരുടെ മനസ്സിന് നാം നൽകുന്നുണ്ടോ എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ. ഇല്ല എന്നുതന്നെ പറയേണ്ടിവരും.
വാസ്തവത്തിൽ ഏതുതരത്തിൽ പരിഗണന നൽകണം എന്ന് നമ്മുടെ വിദ്യാഭ്യാസസമ്പ്രദായങ്ങളിൽ നിന്നോ മറ്റു പഠന പഠ്യേതരവിഷയങ്ങളിൽ നിന്നോ അല്ലെങ്കിൽ തന്റെ ചുറ്റുപാടുകളിൽ നിന്നോ ലഭിക്കാത്തതിനാലാണ് ഓരോട്തരും ഇതിനെ കുറിച്ച് അശ്രദ്ധ പുലർത്തുന്നത്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ അവരുടെ വിദ്യാഭ്യാസത്തിൽ ചെറു ക്ലാസ് മുതലേ ഇത് പഠിപ്പിച്ചുതുടങ്ങുന്നു. ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ ഇതിനെത്രമാത്രം പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ചെറിയാക്‌ളാസ്സുകൾ തൊട്ടുതന്നെ അവരിത് പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന സത്യം നമ്മളിൽ എത്രപേർക്കറിയാം.
യഥാർത്ഥത്തിൽ വ്യായാമങ്ങളിൽ ഏര്പ്പെടുന്നതിനോടപ്പം അതിനേക്കാൾ കുറച്ചുകൂടി അധികം ശ്രദ്ധ പുലർത്തേണ്ട മേഖലയാണ് മാനസികാരോഗ്യം. ഇന്ന് കാണുന്ന ഒട്ടുമിക്ക അസുഖങ്ങളെയും സൈക്കോസൊമാറ്റിക് അസുഖങ്ങളായിട്ടാണ് കണ്ടുവരുന്നത്.സൈക്കോ എന്ന് വെച്ചാൽ മനസ്സുമായും സൊമാറ്റിക് എന്നാൽ ശരീരവുമായി ബന്ധപ്പെട്ടുള്ളവയും. നമ്മളൊന്ന് ശ്രദ്ധിച്ചു നോക്കിയാൽ തിരിച്ചറിയാൻ സാധിക്കും മനസ്സിൽ ഒരു പ്രതിസന്ധി വരുമ്പോൾ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ, ചിലരിൽ അത് തലവേദന മറ്റുചിലരിൽ ദഹനപ്രശ്‌നങ്ങൾ വയറു നിറഞ്ഞതായുള്ള പ്രതീതി ഏമ്പക്കം തലചുറ്റൽ ഇതെല്ലം പെട്ടന്ന് തിരിച്ചറിയാൻ സാധിക്കുന്ന ശരീരം നൽകുന്ന സൂചനകളാണ്. എന്നാൽ ഇത് ദീർഘകാലത്തേക്ക് വച്ചിരുന്നാൽ വലിയ അസുഖങ്ങളായി ശരീരം പ്രകടിപ്പിക്കുന്നുവെന്നും ആധുനിക വൈദ്യശാസ്ത്രം തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നു.
അതുപോലെ ശരീരത്തിനുണ്ടാവുന്ന ഏതൊരു സൗഖ്യവും മനസ്സിലും ആനന്ദം നൽകുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇവരണ്ടും പരസ്പര പൂരകങ്ങളായി തന്നെ പ്രവർത്തിക്കുന്നു.
കായികക്ഷമതകളിലൂടെ ശാരീരിക ആരോഗ്യം നേടിയെടുക്കുന്നത് പോലെത്തന്നെ മനസ്സിന് നൽകുന്ന ഏതൊരു ശ്രദ്ധയിലൂടെയും പരിഗണനയിലൂടെയും അതോടൊപ്പം മെഡിറ്റേഷൻ സെല്ഫ് ലവ് നല്ല വായന വ്യവസ്ഥാപിതമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന നല്ല അംഗീകൃത സ്ഥാപനങ്ങൾ നൽകുന്ന കോഴ്സുകളിലൂടെയും ഏതൊരുവ്യക്തിക്കും മനസ്സിന്റെ അനന്തസാധ്യതകളെ കുറിച്ച് കൂടുതൽ അറിയാനും വേണ്ട രീതിയിലുള്ള പുരോഗതി ജീവിതത്തിൽ കൊണ്ടുവരുവാനും നല്ല ആത്മബലമുള്ള വ്യക്തിയാവാനും സാധിക്കുന്നതാണ്.
Naseef Mohamed
NLP, EFT Therapist
Certified Healing Professional
Life Coach