യു എ ഇ : യു എ ഇയില്‍ ഒരു പ്രവാസിക്ക് തന്റെ കുടുംബത്തിന് റെസിഡൻസി വിസ ലഭിക്കുന്നതിന് ജോലി ആവശ്യമില്ലെന്ന് ഡിജിറ്റല്‍ ഗവണ്‍മെന്റ‌് ഒരു റിപ്പോർട്ടില്‍ വ്യക്തമാക്കി.
യു എ ഇയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യത്തിനകത്ത് സാധുവായ റെസിഡൻസി ഉള്ളിടത്തോളം കാലം അവരുടെ കുടുംബാംഗങ്ങള്‍ക്ക് അവരോടൊപ്പം താമസിക്കാൻ റസിഡൻസ് വിസ ലഭിക്കും.എന്നാല്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
ഏറ്റവും കുറഞ്ഞത് പ്രതിമാസം 4,000 ദിർഹം വരുമാനമോ അല്ലെങ്കില്‍ 3,000 ദിർഹവും ഭവനവും ഉണ്ടായിരിക്കണം. 18 വയസ്സിന് മുകളിലുള്ള എല്ലാ കുടുംബാംഗങ്ങളും മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധനക്ക് വിധേയരാകേണ്ടതുണ്ട്.
ചില കേസുകളില്‍ മാതാവിന് തന്റെ കുട്ടികളെ സ്‌പോണ്‍സർ ചെയ്യാമെന്ന് ഡിജിറ്റല്‍ ഗവണ്‍മെന്റ് സൂചിപ്പിച്ചു. ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റി ഇത് സംബന്ധമായി വ്യക്തമാക്കിയ നിബന്ധന പാലിക്കണം.
സ്പോണ്‍സറുടെ താമസത്തിന്റെ ദൈർഘ്യം കണക്കിലെടുക്കാതെ മാതാപിതാക്കളെ സ്പോണ്‍സർ ചെയ്യാമെന്നും അവർ പ്രസ്താവിച്ചു. അതേസമയം താമസ വിസകള്‍ക്കുള്ള നിബന്ധനകളും വ്യവസ്ഥകളും കാലാകാലങ്ങളില്‍ മാറിയേക്കാമെന്നും ആവശ്യമായ ഏറ്റവും പുതിയ നടപടിക്രമങ്ങള്‍ മനസ്സിലാക്കുന്നതിന് ഐഡന്റിറ്റി ആൻഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആൻഡ് സെക്യൂരിറ്റി അല്ലെങ്കില്‍ ദുബൈ ജി ഡി ആർ എഫ് എ എന്നിവയെ ബന്ധപ്പെടണമെന്നും ഡിജിറ്റല്‍ ഗവണ്‍മെന്റ് വ്യക്തമാക്കി.