ജീവിച്ചിരിക്കുന്നു എന്നതു തന്നെയാണ് ഏറ്റവും വലിയ നേട്ടം. അതിൽ കൂടുതൽ എന്തെങ്കിലുമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ നിരാശയായിരിക്കും ഫലം.
അയൽക്കാരന്റെ പ്രൌഢഗംഭീരമായ മോടി പിടിപ്പിച്ച ജീവിതരീതി, തന്റെ ജീവിതത്തിലേക്കു പകർത്താൻ പാടുപെടുമ്പോഴാണ് ജീവിതം സങ്കീർണമാകുന്നത്. ഇന്നത്തെ സമ്പദ്ഘടന രൂപപ്പെടുത്തിയിട്ടുള്ളത് മനുഷ്യന്റെ ഈ ദുഷ്പ്രവണതയെ മുതലെടുത്തു കൊണ്ടാണ്. ഈ പ്രവണത സമൂഹത്തിൽ വർധിച്ചു വരുന്തോറും, സമൂഹം കൂടുതൽ അശാന്തവും അക്രമാസക്തവുമാകും,
ആത്മഹത്യയുടെ തോത് വർധിക്കും, ഭ്രാന്തന്മാരുടെ എണ്ണം കൂടും, മനുഷ്യമനസ്സുകളിൽ വിഷാദവും നിരാശയും വന്നു കുമിയും. ഇതിനെല്ലാറ്റിനും കാരണം ജീവിതത്തിന്റെ ലാളിത്യം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ്. ആർക്കും ഒരു നിമിഷം പോലും വെറുതെ ഇരിക്കാനാവാത്ത സ്ഥിതി. ആരോ പുറകിൽ നിന്ന് നിരന്തരം ഉന്തിക്കൊണ്ടിരിക്കുകയാണ്.
സ്കൂളിൽ പോയില്ലെങ്കിൽ, നല്ല മാർക്കു വാങ്ങിയില്ലെങ്കിൽ, നല്ല ജോലി നേടിയില്ലെങ്കിൽ, നല്ല ശമ്പളം കൈപ്പറ്റിയില്ലെങ്കിൽ, പിന്നെ എന്തിനു കൊള്ളാം? പെട്ടെന്നൊരു ദിവസം ജീവിതത്തിന്റെ വഴി മാറ്റണമെന്നു തോന്നിയാൽ, അതിനും സാധ്യമല്ല.
വലിയ ചാഞ്ചാട്ടമൊന്നുമുണ്ടാക്കാതെ, ജീവിതം തുടങ്ങിയത് പോലെതന്നെ മുഴുമിപ്പിക്കണം, തിരഞ്ഞെടുത്ത വഴിയേ തന്നെ നടക്കണം എന്നെല്ലാവരും നിർബന്ധിക്കും. മറ്റൊരു വഴി തിരഞ്ഞെടുക്കാൻ നിങ്ങൾക്കു സ്വാതന്ത്ര്യമില്ല. വർധിച്ച സമ്പത്ത് മനുഷ്യനെ കൂടുതൽ സ്വതന്ത്രനാക്കുമെന്ന ചിന്ത വെറുതെയാണ്. അവൻ കൂടുതൽ കൂടുതൽ ബന്ധനസ്ഥനാവുകയാണ് ചെയ്യുന്നത്.
തങ്ങളുടെ ഇതു വരെയുള്ള ജീവിതം നിരാശാജനകമായിരുന്നു എന്ന അഭിപ്രായത്തിൽ കഴിയുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. ജീവിതത്തിലെ താളപ്പിഴകളെ അധികം പേരും വലിയ പ്രശ്നങ്ങളായി കാണുന്നു. ഒരു വലിയ ശതമാനം മനുഷ്യരും ജീവിതത്തിനെ കാണുന്നത് 'ജീവിക്കാൻ വേണ്ടി ജീവിക്കുന്നു' എന്ന നിസ്സംഗതാബോധത്തോടെയാണ്.
അവരുടെ മനസ്സിൽ സ്വന്തം ജീവിതത്തെ കുറിച്ച് ഇച്ഛാഭംഗം മാത്രമേയുള്ളു. ജീവിതം ഞങ്ങളെ അമ്പേ തോൽപിച്ചു കളഞ്ഞു എന്നു നിരാശപ്പെടുന്നവർ, പൊരുതാൻ നിൽക്കാതെ ആ തോൽവിക്കു കീഴടങ്ങുന്നവർ.... സാമൂഹ്യസ്ഥിതികൾ തന്നെയാണ് അവരെ അങ്ങനെയൊരവസ്ഥയിലേക്കു തള്ളി വിടുന്നത്.
ജീവിതത്തെ തന്നെ പണയപ്പെടുത്തുന്ന കുറേ പേർ പരാജയം നേരിടുമ്പോഴാണ് മനസ്സിന്റെ ഉത്സാഹം കെടുന്നത്, മറ്റുള്ളവരോട് ദേഷ്യവും പുച്ഛവും വെറുപ്പുമൊക്കെ തോന്നുന്നത്. ഇന്നത്തെ സാമൂഹിക സ്ഥിതി വെച്ചു നോക്കുമ്പോൾ, പരാജയം സംഭവിക്കുക സർവസാധാരണമാണുതാനും
മനുഷ്യന് ജീവിക്കാൻ തീർച്ചയായും പണം ആവശ്യമാണ്. എന്നാൽ ഇന്ന് മനുഷ്യന് ജീവിക്കാൻ പണം മാത്രമേ വേണ്ടു എന്നായിരിക്കുന്നു. ധനമായിരിക്കുന്നു ലോകത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഘടകം! കമ്പോളശക്തികളാണ് ലോകത്തെ ഇങ്ങനെയൊരു സ്ഥിതിവിശേഷത്തിൽ കൊണ്ടു വന്നെത്തിച്ചിരിക്കുന്നത്. അവരുടെ കാഴ്ചപ്പാടിൽ 'പണത്തിനു മീതെ പരുന്തും പറക്കില്ല' എന്നതാണ് സത്യം.
ഒരു കാലത്ത്, ഏതെങ്കിലും സമൂഹത്തിലോ, രാജ്യത്തിലോ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടാൽ ചെലവു ചുരുക്കുക എന്നതായിരുന്നു രീതി. അമിത ചിലവ് ഉപേക്ഷിക്കുക, കഴിയുന്നത്ര മിച്ചം വെക്കുക, ഇതെല്ലാം ആരും പറയാതെ തന്നെ എല്ലാവരും അറിഞ്ഞു ചെയ്തിരുന്നു. ഇന്നത്തെ സർക്കാരിന്റെ സമ്പ്രദായമെന്താണ്?
ലോൺ (കടം) എടുക്കാനാണ് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. എന്തിനും ഏതിനും ലോൺ. ഒന്നും വേണ്ടെന്നു വെക്കേണ്ട. സ്വന്തം കീശയിലില്ലാത്ത കാശ് എങ്ങനെ ഒരാൾക്കു ചെലവാക്കാനാകും? ബുദ്ധിമോശമല്ലേ അത്? എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ അത്. എന്നാൽ ആധുനിക സമൂഹത്തിന് ഈ തത്വം അറിഞ്ഞു കൂട. കൈയിൽ ഒരു പിടി ക്രെഡിറ്റ് കാർഡുകളുണ്ട്. അതുപയോഗിച്ച് ആകാവുന്നത്ര വാങ്ങിച്ചു കൂട്ടുക. ഇന്നോ നാളേയോ തീരാവുന്ന ജീവിതം, ഇനിയൊരവസരം കിട്ടിയില്ലെങ്കിലോ! വിദ്യാർഥികളുടെ കാര്യം നോക്കൂ. ജീവിതം തുടങ്ങുന്നതിനു മുൻപു തന്നെ, പഠിത്തച്ചിലവിനായി വലിയൊരു തുക ലോൺ എടുത്തിരിക്കും. അതു വീട്ടിത്തീരും മുമ്പേ കാറിനുള്ള ലോൺ. പിന്നാലെ വരുന്നു വീടു വാങ്ങാനെടുക്കുന്ന കടം. മുപ്പതു വർഷത്തിനുള്ളിൽ വീട്ടിയാൽ മതി, പക്ഷെ അതു വരെ വീട് പണയത്തിലായിരിക്കും.
ആധുനിക ജീവിതത്തിന്റെ മറ്റൊരു വശം, മനുഷ്യൻ യന്ത്രത്തെപ്പോലെ പണിയെടുക്കാൻ നിർബന്ധിതനാകുന്നു എന്നുള്ളതാണ്. ചെയ്യുന്നതെന്തും യാന്ത്രികം, സ്വന്തമായൊരു താൽപര്യമൊ ഉത്സാഹമോ അതിൽ കാണില്ല. സമൂഹം നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതും അത്ര മാത്രം, യന്ത്രത്തെപ്പോലെ പണിയെടുക്കുക.
ഓരോ ദിവസവും രാവിലെ നിങ്ങൾ ഉണരുന്നത് പുതിയ പ്രതീക്ഷകളോടെയല്ല, ജീവിതത്തിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്ന വിചാരത്തോടു കൂടിയുമല്ല. ആത്മാർത്ഥമായി ജോലി ചെയ്യണമെന്ന ഉത്സാഹം പോലും നിങ്ങളുടെ മനസ്സിലില്ല. ചെയ്യാതെ നിവൃത്തിയില്ലല്ലോ എന്ന നിസ്സഹായതയോടുകൂടിയാണ് നിങ്ങൾ ഓരോ പ്രവൃത്തിയും ചെയ്യുന്നത്. നിങ്ങളെ സംബന്ധിച്ചടത്തോളം, ചെയ്യുന്ന ജോലി എന്തായാലും അത് വയറ്റിപ്പിഴപ്പിനു മാത്രം വേണ്ടിയുള്ളതാണ്.
ജീവിച്ചിരുന്ന കാലം മുഴുവൻ എത്രത്തോളം സമ്പാദിച്ചു കൂട്ടാമെന്ന കാര്യത്തിൽ മാത്രമായിരുന്നു ശ്രദ്ധ. മനസ്സ് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ കൂട്ടാക്കാതിരുന്നകാലം. അതവസാനിക്കാറാകുന്നതോടെ ജീവിതം ശൂന്യമായി, അർത്ഥമില്ലാത്തതായിപ്പോയി എന്നൊക്കെയുള്ള ശക്തമായ തോന്നൽ സ്വാഭാവികം മാത്രം.
ലോകം അതിന്റെ രീതികൾ മാറ്റാൻ പോകുന്നുണ്ടോ ഇല്ലയൊ എന്നത് നോക്കേണ്ടതില്ല... നിങ്ങൾ സ്വന്തം ജീവിതരീതി തീർച്ചയായും മാറ്റേണ്ടതാണ്.ജീവിതത്തിലെ ഏറ്റവും വിലയേറിയ ഘടകം ജീവിതം തന്നെയാണ്. മറ്റുള്ളതെല്ലാം വെറും പൊടിപ്പും തൊങ്ങലും മാത്രം. ''ഞാൻ ജീവിച്ചിരിക്കുന്നു'' എന്നുള്ളതു തന്നെയാണ് ഏറ്റവും വലിയ ആനന്ദം. നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നത് കാര്യമാക്കേണ്ട. ജീവിതം ഉല്ലാസഭരിതമാകണം, ആനന്ദപൂരിതമാകണം, അത് മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ, മറ്റെന്തൊക്കെയുണ്ടായിട്ടും എന്തുകാര്യം? ജീവിക്കുന്നത് കൊട്ടാരത്തിൽ, ജീവിതമോ, അങ്ങേയറ്റം ദുരിതപൂർണം. അങ്ങനെയൊരു ജീവിതംകൊണ്ടാരെന്തു നേടാൻ?
ജീവിതത്തിന്റെ ശുദ്ധമായ ആസ്വാദ്യത നുകരാൻ സാധിക്കാത്തവർക്ക് മറ്റെന്തു തന്നെ നേടാനായാലും ആ സുഖം അധികകാലം നീണ്ടുനിൽക്കുകയില്ല. ഇച്ഛാഭംഗം മാത്രമായിരിക്കും അവരുടെ എക്കാലത്തേയും അനുഭവം. ജീവിതത്തിന്റെ വില അറിയാത്ത പക്ഷം സാമ്പത്തികമായി എത്ര തന്നെ ഉയർന്നാലും നിങ്ങൾക്ക് മാനസികമായി സന്തോഷമോ സംതൃപ്തിയോ തോന്നുകയില്ല, ലോകമാകെ നിങ്ങളെ നോക്കി പരിഹസിച്ചു ചിരിക്കുകയാണെന്ന് തോന്നുകയും ചെയ്യും.
കൈയിൽ കാശില്ലാതിരുന്ന കാലത്ത്, 'ഒരു കാലത്ത് ഞാനും പണക്കാരനാകും; ജീവിതം സുഖസമൃദ്ധമാകും' എന്നൊക്കെയുള്ള സ്വപ്നങ്ങളുണ്ടായിരുന്നിരിക്കാം, എന്നാൽ ധനം വേണ്ടത്ര സമ്പാദിച്ച്, പണക്കാരുടെ കൂട്ടത്തിൽ ചെന്നു പെട്ടാലോ, അപ്പോഴുമുണ്ടാകും ഉള്ളിന്റെയുള്ളിൽ നീറി നിൽക്കുന്ന അസംതൃപ്തി. കൈ എത്തിച്ചതൊന്നും കൈവശം വന്നുചേർന്നില്ല എന്ന നിരാശ. ലോകം തന്നെ ചതിച്ചു എന്ന പക. അങ്ങനെയുള്ളവരുടെ പ്രവൃത്തികളിലൊക്കെ ഒരു കൃത്രിമത്വം മുഴച്ചു നിൽക്കുന്നതു കാണാം. പുഞ്ചിരിയായാലും, പൊട്ടിച്ചിരിയായാലും അഭിനന്ദനമായാലും സ്നേഹപ്രകടനമായാലും അത് വെച്ചുകെട്ടിയതു പോലെ ആയിരിക്കും. സമൂഹത്തിന്റെ പൊതു സ്വഭാവം തന്നെയങ്ങനെയാകും. പരസ്പരം പറയേണ്ട വാക്കുകൾ നേരത്തേ പഠിച്ചു വെച്ചിരിക്കും, സന്ദർഭാനുസരണം പ്രയോഗിച്ചാൽ മാത്രം മതി. അതിൽ ആത്മാർത്ഥതയുണ്ടാവണമെന്ന് ആർക്കും നിർബന്ധമില്ല. ഇത് ഏതെങ്കിലും ഒരു കൂട്ടരുടെ സ്വഭാവമാണെന്ന് കരുതേണ്ട. ഉള്ളവരും ഇല്ലാത്തവരുമൊക്കെ ഒരുപോലെയാണ് ഈ കാര്യത്തിൽ.
ജീവിച്ചിരിക്കുന്നു എന്നതു തന്നെയാണ് ഏറ്റവും വലിയ നേട്ടം. അതിൽ കൂടുതൽ എന്തെങ്കിലുമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ നിരാശയായിരിക്കും ഫലം. ജീവിതം തന്നെയാണ് ഏറ്റവും വലിയ സന്തോഷം എന്നത് മനസ്സിൽ ആഴത്തിൽ പതിയട്ടെ. ഓരോ നിമിഷവും ഇത് സ്വയം ഓർമപ്പെടുത്തൂ, ''ഞാൻ ഈ നിമിഷം ജീവിച്ചിരിക്കുന്നുണ്ടല്ലോ, അത് തന്നെ ഏറ്റവും വലിയ ഭാഗ്യം!''