ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അവൾ പറയുന്നതനുസരിച്ച് ഞാൻ വസ്ത്രം ധരിക്കണം, ചായ ആസ്വദിക്കാൻ സമ്മതിക്കുന്നില്ല: ഭാര്യാപീഡനത്തില്‍ നിന്ന് രക്ഷപ്പെടാൻ ബെംഗളൂരു ടെക്കി ഒളിച്ചോടി


ബെംഗളൂരു: കഴിഞ്ഞ 10 ദിവസമായി കാണാതായ നഗരത്തിലെ ടെക്കിയെ ഉത്തർപ്രദേശിലെ നോയിഡയിൽ കണ്ടെത്തി.
വ്യാഴാഴ്‌ച വൈകുന്നേരം നോയിഡയ്‌ക്ക് സമീപമുള്ള ഒരു മാളിൽ നിന്ന് ഒരു സിനിമ കണ്ട് ടെക്കി മാളിൽ നിന്ന് പോകുന്നതിനിടെ പോലീസ് ഇയാളെ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് പോലീസ് ഇയാളെ ബെംഗളൂരുവിലേക്ക് തിരികെ കൊണ്ടുവന്നത്.
ഭാര്യയുമായുള്ള കടുത്ത ഗാർഹിക പ്രശ്‌നങ്ങളെ തുടർന്നാണ് നാടുവിട്ടതെന്ന് ബെംഗളൂരുവിൽ നിന്ന് കാണാതായ ടെക്കി വെളിപ്പെടുത്തി.


നോർത്ത് ബെംഗളൂരു നിവാസിയായ ഇയാള്‍ സിനിമ കണ്ട് മാളില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്നു. ഇയാളെ പൊലീസുകാർ വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിലേക്ക് തിരികെ എത്തിച്ചു.


തൻ്റെ ഭർത്താവിനെ കണ്ടെത്താൻ പൊലീസ് വേണ്ടത്ര ശ്രമങ്ങള്‍ നടത്തുന്നില്ലെന്ന് ആരോപിച്ച്‌ ടെക്കിയുടെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടിരുന്നു. കുറച്ച്‌ പണമെടുക്കാൻ എടിഎമ്മില്‍ പോയ ശേഷം ഭർത്താവിനെ കാണാതാവുകയായിരുന്നു എന്ന് അവർ പറഞ്ഞു.


നോർത്ത് ബെംഗളൂരു നിവാസിയായ ടെക്കിയെ ഓഗസ്റ്റ് 4 മുതല്‍ കാണാതാവുകയായിരുന്നു, ഭർത്താവിനെ കണ്ടെത്താൻ പൊലീസ് ആവശ്യമായ ശ്രമങ്ങള്‍ നടത്തുന്നില്ലെന്ന് ആരോപിച്ച്‌ ഭാര്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും ചെയ്തു. തന്റെ ഭർത്താവിനെ ആരോ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ഭാര്യയുടെ സംശയം.


അന്വേഷണത്തിൻ്റെ പ്രാഥമിക ഘട്ടത്തില്‍, മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തിരുന്നതിനാല്‍ ഇയാള്‍ എവിടെയാണെന്ന് പൊലീസിന് ഒരു തുമ്ബും ലഭിച്ചിരുന്നില്ല. ബസ് സ്റ്റാൻഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം എന്നിവിടങ്ങളിലെ നിരവധി സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചെങ്കിലും ഒരുവിവരവും കിട്ടിയില്ല.


എന്നാല്‍ നോയിഡയിലെത്തിയ ടെക്കി അവിടെ നിന്ന് വാങ്ങിയ പുതിയ സിം പഴയ ഫോണില്‍ ഇട്ടതാണ് ആളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.


"നോയിഡയിലെ മാളില്‍ നിന്നും സിനിമ കണ്ട് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ഞങ്ങള്‍ മൂന്ന് പേർ അദ്ദേഹത്തെ വളഞ്ഞു. സിവില്‍ വസ്ത്രം ധരിച്ച പൊലീസുകാരാണ് ഞങ്ങളെന്ന്അയാള്‍ക്ക് മനസ്സിലായി. ചിരിച്ചുകൊണ്ട് ഇനിയെന്ത്? എന്ന് ചോദിച്ചു. ബെംഗളൂരുവിലേക്ക് തിരികെ പോകണമെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ തിരികെ വരുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തു. കുറച്ച്‌ മണിക്കൂറുകളുടെ ശ്രമങ്ങള്‍ക്കൊടുവിലാണ് തിരികെ വരാൻ അദ്ദേഹം തയാറായത്''- അന്വേഷണ ഉദ്യോഗസ്ഥര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.


"നിങ്ങള്‍ എന്നെ ജയിലിലടച്ചോളൂ. ഞാൻ അവിടെ താമസിക്കാം... പക്ഷേ ഞാൻ മടങ്ങിവരില്ല," ഇതാണ് ടെക്കി ആദ്യം പൊലീസുകാരോട് പറഞ്ഞത്. എന്നാല്‍, ഭാര്യ നല്‍കിയ മിസ്സിംഗ് പരാതി തൻ്റെ സാന്നിധ്യത്തില്‍ മാത്രമേ അവസാനിപ്പിക്കാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു.


വെള്ളിയാഴ്ച രാവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ പൊലീസ് ഇയാളില്‍ നിന്ന് മൊഴിയെടുത്തശേഷം നാട്ടിലേക്ക് വിട്ടു. ഭാര്യ തന്നെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് ടെക്കി മൊഴിയില്‍ പറയുന്നു.


"ഞാൻ അവളുടെ രണ്ടാമത്തെ ഭർത്താവാണ്. ഏകദേശം മൂന്ന് വർഷം മുമ്ബ് അവളെ കണ്ടുമുട്ടിയപ്പോള്‍, വിവാഹമോചിതയായിരുന്നു. 12 വയസ്സുള്ള ഒരു മകളുണ്ട്. ഞാൻ ഒരു ബാച്ചിലറായിരുന്നു, എങ്കിലും അവളെ വിവാഹം കഴിക്കാൻ സമ്മതിച്ചു. ഞങ്ങള്‍ക്ക് എട്ട് മാസം പ്രായമുള്ള ഒരു മകളുണ്ട്, " അദ്ദേഹം പൊലീസിനോട് പറഞ്ഞു.


"അവള്‍ എൻ്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു, അല്പം ചോറോ ചപ്പാത്തിയോ എൻ്റെ പ്ലേറ്റില്‍ നിന്ന് പുറത്തേക്ക് വീണാലും അവള്‍ വഴക്കുണ്ടാക്കും. അവള്‍ പറയുന്നതനുസരിച്ച്‌ ഞാൻ വസ്ത്രം ധരിക്കണം, ചായ കുടിക്കാൻ പോലും ഒറ്റയ്ക്ക് പോകാൻ അനുവദിക്കില്ല''- ടെക്കി തുടർന്നുപറഞ്ഞു.


തന്നെ കാണാനില്ലെന്ന് അറിയിച്ച്‌ ഭാര്യ തൻ്റെ വീഡിയോകളും ചിത്രങ്ങളും ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്‌തതിനാല്‍ ടെക്കി തൻ്റെ രൂപം മാറ്റുകയും ചെയ്തു. തല മൊട്ടയടിച്ചു. ബസില്‍ തിരുപ്പതിയിലേക്ക് പോയ ഇയാള്‍ ട്രെയിനില്‍ ഭുവനേശ്വറില്‍ എത്തുകയും അവിടെ നിന്ന് ഡല്‍ഹിയിലേക്ക് പോയ ശേഷം നോയിഡയിലേക്ക് പോകുകയുമായിരുന്നുവെന്ന് ടെക്കി പൊലീസിനോട് പറഞ്ഞു.