വയനാട്: ചൂരല്‍മലയിലും മുണ്ടക്കൈയിലും മലവെള്ളം ഒലിച്ചുപാഞ്ഞപ്പോള്‍ ഇല്ലാതായത് ഒരു നാടാണ്. നിറയെ കടകളും അതിലെല്ലാം മനുഷ്യരുമായി പ്രതാപത്തോടെ നിന്ന ഒരു അങ്ങാടി ഇപ്പോള്‍ ശവപ്പറമ്ബ് മാത്രമാണ്.
നാടില്ല, അവിടേക്കെത്താൻ പ്രിയപ്പെട്ടവരും സുഹൃത്തുക്കളുമില്ല. പിന്നെന്തിനാണ് കടകളെന്ന് ചോദിക്കുകയാണ് വ്യാപാരികള്‍. ഉരുളില്‍ ഒരു നാട് മുഴുവൻ ഒലിച്ചു പോയതിന്റെ സങ്കടക്കാഴ്ചകളാണ് എങ്ങും.
ഇക്കാണുന്നതാണ് ചാന്തണ്ണന്റെ കടയെന്ന് പ്രദേശവാസികളിലൊരാള്‍ ചൂണ്ടിക്കാട്ടുന്നു. ''കമ്മാന്തറ ടീ സ്റ്റാളെന്നാണ് പേര്. ചാന്തണ്ണനും ഭാര്യയും മകളുടെ കുട്ടിയും മരിച്ചു. അതുപോലെ തൊട്ടപ്പുറത്തെ അബുക്കാന്റെ ഭാര്യ മരിച്ചു. അങ്ങനെ നിരവധി കച്ചവടക്കാരുടെ കുടുംബങ്ങളാണ് ഇല്ലാതായത്. അപ്പുറത്തെ കടയുണ്ടായിരുന്ന ഹംസാക്കാന്റെ ഭാര്യ മൈമുനാത്തയും മരിച്ചു.'' തട്ടുകടയും അതിനോട് ചേർന്ന കൂരയും അതില്‍ ഭാര്യയും മകളും പേരക്കുട്ടിയും. അതായിരുന്നു ചാന്തണ്ണന്റെ ലോകം. മലവെള്ളപ്പാച്ചിലില്‍ നാട് ഒലിച്ചു പോയപ്പോള്‍ ചാന്തണ്ണനും കുടുംബവും ഒഴുകിപ്പോയി. അവശേഷിക്കുന്നത് ഒരു മകള്‍ മാത്രം.
ഇതുപോലെ 40ലധികം കടകളാണ് ചൂരല്‍മലയില്‍ തകർന്നത്. 15 കടകള്‍ ഭാഗികമായും. കടകള്‍ ഇനിയുമുണ്ടാക്കാം. പക്ഷേ അവിടേക്കെത്താൻ ആളില്ല. ചൂരല്‍മലയും മുണ്ടക്കൈയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഇവിടത്തെ കച്ചവടങ്ങള്‍ നടന്നിരുന്നത്. അഥവാ ഇനി കടകള്‍ തുടങ്ങിയാല്‍ തന്നെ കച്ചവടം നടത്താനുള്ള മാനസികാവസ്ഥയിലല്ലെന്നും പറയുന്നു ഇവർ. കടകളും വഴിയാത്രക്കാരും സജീവമാക്കിയിരുന്ന ഇടമായിരുന്നു. തകർന്ന കടകള്‍ പുനർനിർമ്മിക്കാനാകും. പക്ഷേ നാട്ടുകാരില്ലാതെ എന്ത് കട അല്ലേ.
വയനാട് ദുരന്തം; സാലറി ചലഞ്ചുമായി സര്‍ക്കാര്‍
ഉരുള്‍പൊട്ടല്‍ തകർത്തെറിഞ്ഞ വയനാടിനെ വീണ്ടെടുക്കാൻ സാലറി ചലഞ്ച് നിർദേശവുമായി സംസ്ഥാന സർക്കാർ.വയനാടിന്റെ പുനർ നിർമാണത്തിനായാണ് സർക്കാർ വീണ്ടും സാലറി ചലഞ്ച് നിർദേശം മുന്നോട്ടുവെച്ചത്.പുനരധിവാസത്തിന് വേണ്ടി ശമ്ബളത്തില്‍ നിന്ന് വിഹിതം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു
സർവീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം മുന്നോട്ടുവെച്ചത്.
10 ദിവസത്തെ ശമ്ബളം നല്‍കാമോ എന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്. ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന് വേണ്ടി 1000 കോടി എങ്കിലും വരുമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടല്‍.അഞ്ച് ദിവസത്തെ ശമ്ബളം നല്‍കാൻ സർവീസ് സംഘടനകള്‍ക്ക് ഇടയില്‍ ധാരണയായിട്ടുണ്ട്. അതേ സമയം, സാലറി ചലഞ്ച് നിർബന്ധം ആക്കരുതെന്ന് സംഘടനകള്‍ അഭിപ്രായപ്പെട്ടു. ചലഞ്ച് താല്‍പ്പര്യമുള്ളവർക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ഗഡുക്കളായി നല്‍കാൻ അവസരം നല്‍കണമെന്നും യോഗത്തില്‍ ആവശ്യം ഉയർന്നു. ഇത് സംബന്ധിച്ച് സർക്കാർ ഉടൻ ഉത്തരവ് ഇറക്കും.