നാം കണ്ടുമുട്ടുന്ന മിക്കയാളുകളെയും സൂക്ഷ്മമായി ഒന്ന് വിലയിരുത്തിയാൽ മനസ്സിലാക്കാം, ഒന്നുകിൽ അവർ കഴിഞ്ഞ കാലത്തിലോ അതോ ഭാവിയിലോ ജീവിക്കുന്നവരാകാം.
ഇതിൽ നാം മനസ്സിലാക്കേണ്ടതെന്തെന്നാൽ, കഴിഞ്ഞു പോയ കാലത്തെ കുറിച്ചോർത്തു, അതിലെ ഓർമകളിൽ ബന്ധസ്ഥനായി ജീവിക്കുന്നവർക്ക് സങ്കടം മാത്രമേ ജീവിതം തിരിച്ചു നൽകുകയുള്ളൂ. അതുപോലെ ഭാവിയെക്കുറിച്ച് അനാവശ്യ ആശങ്കകൾ വെച്ചുപുലർത്തിയാൽ ഭയവും, ഉത്കണ്ഠകളും വർദ്ധിക്കുകമാത്രമേ ഉണ്ടാകുകയുള്ളൂ.
എന്നാൽ ജീവിതത്തിൽ സത്യമായിട്ടുള്ളതെന്തെന്നാൽ ഈ ഒരു നിമിഷത്തിൽ ജീവിക്കുക എന്നതാണ്, നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്ന ഈ ഒരു നിമിഷം മാത്രമേ സത്യമായതുള്ളു, അതുമാത്രമേ നമ്മുടെ നിയന്ത്രണത്തിലുള്ളൂ. ഈ ഒരു നിമിഷത്തെ എത്രമാത്രം മനോഹരമാക്കുവാൻ സാധിക്കുന്നുവോ അത് നല്ല ഒരു നാളെയെ നൽകുക തന്നെ ചെയ്യുന്നതാണ്. എങ്ങനെ ഈ ഒരു നിമിഷത്തെ നമ്മുക്കാസ്വദിക്കാം, ആദ്യമായി സ്വന്തത്തിനു വേണ്ടി നല്ല കാര്യങ്ങൾ നല്കികൊണ്ടുതന്നെ തുടങ്ങാം. നമ്മുക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ചെറിയ കാര്യങ്ങളെ പോലും ഓർത്തെടുത്തു കൊണ്ട് നന്ദിപറയാം, അതുപോലെ പുതിയ അറിവുകൾ കരസ്ഥമാക്കാം, തൊഴിൽമേഖലയിലെ പുതിയ മാറ്റങ്ങളെ കുറിച്ചറിയാം, അതിൽ നമ്മുടെ തൊഴില്മേഖലയുമായി യോജിച്ചു പോകുന്നത് പഠിക്കാം, ജീവിതത്തിൽ പകർത്താം ഇതുവഴി കൂടുതൽ മികവുറ്റ വ്യക്തിയാവാം.
ഈ ഒരു നിമിഷത്തിൽ മികവുറ്റതാക്കാൻ കഴിയുന്നതാണ് നമ്മുടെ ബന്ധങ്ങളിലുള്ള ദൃഢത. മുകളിൽ സൂചിപ്പിച്ചതു പോലെ നാം സ്വന്തത്തിനു മാത്രമല്ല നല്ല നിമിഷങ്ങൾ നൽകേണ്ടത്, അത് കൂടെ ഉള്ളവർക്കും നൽകണം, തന്റെ ഉറ്റവർക്കും, കുടുംബബന്ധങ്ങളിലും, ജോലിസ്ഥലങ്ങളിലും, സുഹൃദ്‌വലയങ്ങളിലും എല്ലാം നൽകിനോക്കു, ഇതെല്ലം പതിന്മടങ്ങായി തിരിച്ചു ലഭിക്കുക തന്നെ ചെയ്യും, തീർച്ചയായും കൊടുക്കുന്നതെ തിരികെലഭിക്കൂ. എന്നാൽ അധികപേരും കരുതുന്നത് മറ്റുള്ളവർ തന്നെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല, അവർ എന്നോട് നല്ല രീതിയിൽ സംസാരിക്കുന്നില്ല എന്നെല്ലാം കരുതികൊണ്ടു ഈ നിമിഷത്തിന്റെ ഭംഗിയെ കളയുന്നു, വെറുതെ ജീവിതം തള്ളിനീക്കുന്നു.
പ്രത്യേകം ഓർക്കേണ്ടത്, നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷത്തെ കുറിച്ച് ബോധവാനായി അതിൽ നന്ദി ഉള്ളവർക്കും, അതിനെ കൂടുതൽ മനോഹാരിതമാക്കുന്നവര്ക്കും, ഉത്പാദനക്ഷമതമാക്കുന്നവർക്കേ സന്തോഷകരമായ ഒരു നല്ല ഭാവിയെ കുറിച്ച് സ്വപ്നം കാണുവാനും, പ്രതീക്ഷിക്കുവാനും അർഹതയുള്ളൂ.
കഴിഞ്ഞുപോയ കാലത്തിൽ നിന്നും ലഭിച്ച പാഠങ്ങളെ ഉൾക്കൊണ്ടും, അനുഭവങ്ങളെ സാംശീകരിച്ചും ജീവിതത്തെ കൂടുതൽ കരുത്തുറ്റതാക്കി മുന്നോട്ടു പോകുക, അത് ഭാവിയെ കൂടുതൽ ശോഭിതമാക്കുകയേ ഉള്ളൂ.
Naseef Mohamed
NLP, EFT Therapist
Certified Healing Professional
Life Coach