ഇൻസ്‌റ്റയിലൂടെ വിവാഹമോചനം, സ്വന്തം പെർഫ്യൂം ബ്രാൻഡിന് 'ഡിവോഴ്‌സ്' എന്ന പേരും; ഞെട്ടിച്ച് ഈ ദുബായ് രാജകുമാരി
അടുത്തിടെ വ്യത്യസ്‌തമായ വിവാഹ മോചനത്തിലൂടെ വാർത്തകളിൽ ഇടം നേടിയ ഒരു വ്യക്തി, തന്റെ ഏറ്റവും പുതിയ ബിസിനസ് ഉത്പന്നത്തിന് സാധാരണഗതിയിൽ അത്ര വലിയ പ്രാധാന്യമുള്ള പേരൊന്നും ഇടാനിടയില്ല. എന്നാൽ ദുബായ് രാജകുമാരിയായി ഷെയ്ഖ മഹ്‌റ ഇക്കാര്യത്തിൽ പ്രവചനങ്ങൾക്ക് അതീതയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ. തന്റെ പുതിയ പെർഫ്യൂം ബ്രാൻഡിന് മഹ്‌റ നൽകിയ പേരാണ് ഈ കൗതുകത്തിന് അടിസ്ഥാനം 'ഡിവോഴ്‌സ്' എന്നായിരുന്നു ഈ പേര്.
വാഹമോചനം നേടി ആഴ്ചകള്‍ക്ക് ശേഷം, തന്റെ ബ്രാൻഡായ 'മഹ്‌റ എം 1' എന്നതിലൂടെ പുതിയ ഉത്പന്നം പുറത്തിറക്കി ദുബായ് രാജകുമാരി ഷൈഖ മഹ്‌റ.
എന്താണ് ഇതില്‍ ഇത്ര കാര്യം എന്നല്ലേ... വിവാഹമോചനം നേടിയ രാജകുമാരി പുറത്തിറക്കിയിരിക്കുന്നത് പുതിയ പെർഫ്യൂം ആണ്. അതിന്റെ പേരാണ് വ്യവസായികള്‍ക്കിടയില്‍ ചർച്ചയാകുന്നത്.
ജൂലൈയില്‍ വേർപിരിയുന്നതായി പ്രഖ്യാപിച്ച ദുബായ് രാജകുമാരി ശൈഖ മഹ്‌റ മുഹമ്മദ് റാഷിദ് അല്‍ മക്തൂം തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുതിയ ഉത്പന്നം പരിചയപ്പെടുത്തിയത്. ലോഞ്ചിന് മുന്നോടിയായി, രാജകുമാരി തന്റെ ബ്രാൻഡിന്റെ പേജിലൂടെ പെർഫ്യൂമിന്റെ ടീസറും പങ്കിട്ടിരുന്നു.
ഒരു കറുത്ത കുപ്പിയില്‍ നിറച്ചിരിക്കുന്ന പെർഫ്യൂമിന്റെ പേര് 'ഡിവോഴ്‌സ്' എന്നാണ്. ഇൻസ്റ്റഗ്രാം പേജിലൂടെ പുതിയ ഉത്പന്നം പങ്കുവെച്ചതോടെ നിരവധി കമന്റുകളാണ് ഇതിന്റെ അടിയില്‍ നിറയുന്നത്. 19,500 ലൈക്കുകള്‍ ആണ് ഈ പോസ്റ്റിന് ലഭിച്ചത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളാണ് ഷൈഖ മഹ്‌റ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അല്‍ മക്തൂമില്‍ നിന്ന് വിവാഹമോചനം നേടിയതായി തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്നെയാണ് രാജകുമാരി അറിയിച്ചത്. ആദ്യ കുഞ്ഞിന്റെ ജനനത്തിന് ശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞാണ് വിവാഹമോചനം നേടിയതായി ഷൈഖ മഹ്‌റ അറിയിച്ചത്.
യുഎഇയിലെ സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന ഷൈഖ മഹ്‌റ. യുണൈറ്റഡ് കിംഗ്ഡത്തിലെ ഒരു യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇൻ്റർനാഷണല്‍ റിലേഷൻസില്‍ ബിരുദം നേടിയിട്ടുണ്ട്. കൂടാതെ മുഹമ്മദ് ബിൻ റാഷിദ് ഗവണ്‍മെൻ്റ് അഡ്മിനിസ്ട്രേഷനില്‍ നിന്ന് കോളേജ് ബിരുദവും നേടിയിട്ടുണ്ട്.