ഒരാള്‍ സമാധാനം അന്വേഷിച്ച് ലോകം മുഴുവനും അലഞ്ഞു. ചുറ്റുമുള്ള മനുഷ്യരില്‍ നിന്നുമേറ്റ മുറിവില്‍ നിന്നും ചോരയൊഴുക്കിക്കൊണ്ട്. ഓരോ കാലടി വക്കുമ്പോഴും പൊള്ളിക്കൊണ്ട്. പക്ഷേ, എവിടെ നിന്നും അയാള്‍ക്ക് സമാധാനം ലഭിച്ചേയില്ല. അലഞ്ഞലഞ്ഞ് അയാള്‍ മടുത്തു.
ഒടുക്കം ഒരിടത്ത് വച്ച് അയാള്‍ തന്റെയുള്ളിലേക്ക് നോക്കി. തന്റെ ശരീരത്തിലെ ഓരോ അണുവും അയാള്‍ തൊട്ടറിഞ്ഞു. അതിലെ, ആനന്ദങ്ങള്‍, വേദനകള്‍... പിന്നീടയാള്‍ മനസ്സിലേക്ക് നോക്കി. അവിടെ അതു വരെ സ്പര്‍ശിക്കാതെ കിടന്ന ഒരേയൊരു രൂപം തന്റേതു തന്നെ ആയിരുന്നു. അയാളതിനെ സ്‌നേഹിക്കാന്‍ ശ്രമിച്ചു,
എളുപ്പമായിരുന്നില്ല. അകത്തേക്ക് ഓടിയടുക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം പുറംലോകത്തിന്റെ ചൂട് അയാളെ പൊള്ളിച്ചു കൊണ്ടേയിരുന്നു. തന്നോടു തന്നെയുള്ള വെറുപ്പും ആത്മനിന്ദയും കൊണ്ട് ഉള്ളം കയ്ച്ചു. പക്ഷേ, പതുക്കെ പതുക്കെ അയാള്‍ തന്റെയുള്ളിലെ, താനതു വരെ അപരിചിതത്വം നടിച്ചു നിന്നിരുന്ന തന്നെത്തന്നെ കണ്ടെത്തി, വാരിപ്പുണര്‍ന്നു... തന്നെ സ്‌നേഹിക്കാം എന്നായപ്പോള്‍ അയാള്‍ക്ക് ചുറ്റുമുള്ള ലോകത്തെ സ്‌നേഹിക്കാമെന്നായി.
നാം നമുക്ക് നേരം നല്‍കാറില്ല. നമ്മുടെ ആത്മാവിന് കാതു കൊടുക്കാറില്ല, നമ്മുടെ യഥാര്‍ത്ഥ ദാഹങ്ങളെ അറിയാറില്ല. നാം നമ്മെ ഓരോരുത്തര്‍ക്കുമായി കീറിമുറിച്ച് പകുത്ത് കൊടുക്കും. അപ്പോഴാണ് ഉപേക്ഷിക്കപ്പെടലുകളില്‍ നാം അപൂര്‍ണരാവുന്നത്.
ഞാൻ എന്നെ തന്നെയൊന്ന് സ്നേഹിച്ച് തുടങ്ങട്ടെ.എങ്കിലേ നിന്നെയും ഈ ചുറ്റുമുള്ള എല്ലാത്തിനേയും എനിക്ക് സ്നേഹിക്കാൻ കഴിയൂ....നമ്മുടേത് മാത്രമായി കുന്ന് കൂടുന്ന ഒരായിരം ചോദ്യങ്ങൾക്ക് ഇടയിൽ ഇരുന്ന് വിർപ്പ് മുട്ടുമ്പോൾ ഒരൊറ്റ ചോദ്യത്തിന് പോലും സ്വന്തമായി ഉത്തരം കണ്ടെത്താനാവാത്ത.
ഒരു പക്ഷെ സ്വന്തം വീഴ്ചകളും വിജയങ്ങളും തിരിച്ചറിയാനാവാത്ത മനുഷ്യരാണോ നിങ്ങൾ..!
ആരോട് കൂടുതൽ ഇഷ്ടം എന്ന ചോദ്യത്തിന് ഒരൊറ്റ സെക്കൻ്റിൽ തന്നെ/മറുപുറം നോക്കാതെ അത് എന്നോട് തന്നെയാണ് എന്ന് ചിരിച്ച് കൊണ്ട് പറയാൻ കഴിയാറുണ്ടോ?
ഇതൊന്നും ഇപ്പോഴും പറയാൻ കഴിയാതെ...മറ്റൊരാളുടെ താങ്ങില്ലാതെ നടന്ന് നീങ്ങാനും,ചിരിച്ച് നിൽക്കാനും, ഒന്ന് സ്വസ്ഥമായി ശ്വാസം വിടാൻ പോലും കഴിയാതെ ഞെരുങ്ങി നിൽക്കുന്നവരോട് പറയാൻ ഉള്ളത്...
" ഇതെല്ലാം വിട്ട് നിങ്ങളെ മാത്രം നിങ്ങളുടെ ഹൃദയം കൊണ്ട് കോരിയെടുത്ത് മറുപുറം നോക്കാതെ മുന്നോട്ട് ഓടണം എന്നാണ്..."
സ്വന്തം ജീവിതത്തിൻ്റെ ആദ്യ വരി എഴുതുന്നത് നമ്മൾ തന്നെയാവണം....എത്ര പേർ വിരൽ ചൂണ്ടിയാലും അതിൽ ഒരു തരി പോലും തെറ്റില്ല എന്ന ബോധ്യം വേണമെങ്കിൽ ആദ്യ വരിയുടെ മഷി...അത് സ്വന്തം ചിന്തകൾ കൊണ്ട് മാത്രം ആയിരിക്കണം.. നമുക്ക് നമ്മളെത്തന്നെ നഷ്ടപ്പെടുന്ന ഒരിടവഴിയിൽ വച്ച് എങ്ങനെയാണ് മറ്റൊരാളെ സ്നേഹിക്കാനും കൂടെയിരിക്കാനും കഴിയുക.അങ്ങനെ സ്നേഹിച്ചാൽ അവിടെ ബാക്കി വരുന്നത് മുറിവേൽപ്പിച്ച വാക്കും നോക്കും മാത്രമായിരിക്കും..
അതിനേക്കാൾ എന്നും നല്ലത് നിങ്ങൾക്ക് റെഡിയാവാനുള്ള സമയം ഉചിതമായ രീതിയിൽ നിങ്ങൾ തന്നെ തെരഞ്ഞെടുക്കുന്നതാണ്. ആ നേരം നിങ്ങളുടെ ഏറ്റവും ശക്തമായ അവകാശി നിങ്ങൾ മാത്രമായിരിക്കണം.
ചിരിക്കുന്ന എല്ലാ മനുഷ്യരും പൂർണ്ണമായ സമാധാനം ഉള്ളവർ ആണെന്ന് കരുതേണ്ടതില്ല.. സ്വന്തം സമാധാനത്തിൻ്റെ ഉറവ തേടി അലയേണ്ടത് നിങ്ങൾ തന്നെയാണ്.
കാരണം എല്ലാവരും വ്യത്യസ്തരാണ്.അത് കൊണ്ട് തന്നെ വഴികളും ഒറ്റക്ക് തന്നെ തേടണം......
ഇനി ആര് എന്ത് പറഞ്ഞാലും, തർക്കിച്ചാലും,സംസാരിച്ചാലു ,അതിലൊരു കഴമ്പും കാണേണ്ട കാര്യമില്ല....നിങ്ങൾക്ക് നിങ്ങളെ കിട്ടുന്നുണ്ട് എന്ന് സ്വയം തോന്നിത്തുടങ്ങിയിട്ട് മതി മറ്റൊരാളെ സ്നേഹിച്ച് തുടങ്ങുന്നത്....അങ്ങനെ ഏതൊരവസ്ഥയിലും നമുക്ക് കൂട്ടിരിക്കാൻ നമ്മൾ തന്നെയാണ് ഉചിതം എന്ന് തോന്നി തുടങ്ങുന്നിടത്ത് അടിപൊളിയായി നമുക്ക് മറ്റൊരാളെ സ്നേഹിച്ച് തുടങ്ങാൻ കഴിയും..
സ്‌നേഹങ്ങള്‍ക്ക് യാതൊരുറപ്പുമില്ല. അത് എപ്പോള്‍ തുടങ്ങുമെന്നോ എങ്ങനെ അവസാനിക്കുമെന്നോ ആര്‍ക്കും പറയാനാവില്ല. ചില സ്‌നേഹങ്ങള്‍ക്ക് കാലം കണക്ക് ചോദിക്കും. അന്ന് ചിലപ്പോള്‍ തന്നെത്തന്നെ ഊറ്റിയെടുത്ത് കൊടുത്താലും പോരാതെ വരും എന്ന് തോന്നും. ചിലപ്പോള്‍ രണ്ടു പേരുടെ സ്‌നേഹത്തിനും രണ്ടു പേരുടെ ആനന്ദത്തിനും ഒടുവില്‍ വേദന ഒരാളുടേത് മാത്രമാവും. 'അവനവനില്ലാതെയാവുന്ന കളിയാണ് സ്നേഹം.
''സ്‌നേഹം എന്തൊരു അപകടം പിടിച്ച വാക്കാണത്. പരോളിലിറങ്ങിയ തടവുപുള്ളിയെപ്പോലെ രാത്രിയുടെ നിശബ്ദതയില്‍ പതുങ്ങിയും ഭയന്നും തീരെ നേര്‍ത്ത നാദത്തില്‍ നിങ്ങളുടെ ജാലകത്തിന് പുറത്ത് അത് ചൂളം കുത്തുന്നുണ്ട്. കേട്ടില്ലെന്ന് നടിച്ച് പുതപ്പിലേക്ക് ചുരുണ്ട് കൂടാം. എന്നാലും ഒരു പ്രശ്‌നമുണ്ട്. അനിശ്ചിതത്വങ്ങളും അപമാനങ്ങളും അപകടങ്ങളും ഇല്ലായെന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം ഒരു ജീവിതത്തിന് എന്തെങ്കിലും മേന്മയുണ്ട് എന്ന് കരുതുക വയ്യ.
എവിടെയോ വച്ച് നഷ്ടമായ നമ്മളെ അത്രയും ഭംഗിയോടെ ഇനിയെങ്കിലും തിരിച്ച് പിടിച്ചു കൂടെ?
അതും നമ്മുടെ മാത്രം നല്ല ദിവസങ്ങൾക്ക് വേണ്ടി...!