സന്തോഷം ചിന്തകൾക്ക് വ്യക്തതയും വിശാലതയും നൽകും. സാമൂഹികബന്ധങ്ങൾ ശക്തമാക്കാനും അത് സഹായിക്കും. സർഗാത്മകത വർധിപ്പിക്കും. പുതിയ ആശയങ്ങളെയും അനുഭവങ്ങളെയും ഉൾക്കൊള്ളാൻ മനസ്സിനെ പരുവപ്പെടുത്തും. മാനസിക, ശാരീരിക ആരോഗ്യവും ആയുസ്സും വർധിപ്പിക്കും. പക്ഷേ, എന്തിൽനിന്നാണ് സന്തോഷം കിട്ടുക എന്ന് മുൻകൂട്ടിയറിയാൻ അത്രയെളുപ്പമല്ല അല്ലേ.
സന്തോഷം എന്ന വികാരമാണ് പലരേയും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. സന്തോഷവും സമാധാനവുമുള്ള ജീവിതം സ്വപ്നം കണ്ടാണ് പലരും മുന്നോട്ടു പോകുന്നത്. എന്നാൽ അങ്ങനെ കാത്തിരിക്കുകയല്ല, സന്തോഷം കണ്ടെത്തുകയാണ് വേണ്ടത്. നമ്മുടെ ചിന്തകളിലും ചില ശീലങ്ങളിലും കൊച്ചുകൊച്ചു മാറ്റങ്ങൾ വരുത്തിയാൽ ഒരുപരിധി വരെ ജീവിതം സന്തോഷപ്രദമാക്കാമെന്നാണ് മനശാസ്ത്രജ്ഞർ പറയുന്നത്.
നമ്മുടെ സന്തോഷത്തിന്റെ പിന്നിലും ഹോർമോണുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സന്തോഷം പ്രദാനം ചെയ്യുന്ന ഹോർമോണുകളാണ് ഡോപാമൈൻ, സെറോടോണിൻ, ഓക്സിടോസിൻ, എൻഡോർഫിനുകള്‍ തുടങ്ങിയവ
ഇവ ഹാപ്പി ഹോർമോണുകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.
സെറോടോണിന്റെ അളവ് കൂടുന്നത് മനസിന് സന്തോഷം, ശാന്തത, മികച്ച മാനസികാരോഗ്യം എന്നിവ പ്രദാനം ചെയ്യും. സെറോടോണിന്റെ അളവ് കുറയുന്നത് വിഷാദം, ഉത്കണ്ഠ, മോശം മാനസികാവസ്ഥ എന്നിവയ്ക്ക് കാരണമായിത്തീരുകയും ചെയ്യും. സെറോടോണിണിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
ഒമേഗ ഫാറ്റി ആസിഡുകളുടെ മികച്ച കലവറയായ സാല്‍മണ്‍, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ഇവ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെട്ടതാക്കുകയും സെറോടോണിൻ ഉത്പാദനം കൂട്ടുകയും ചെയ്യും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും സാല്‍മണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
വാഴപ്പഴത്തില്‍ ട്രിപ്റ്റോഫാനും വിറ്റാമിൻ ബി 6 എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ട്രിപ്റ്റോഫനെ സെറോടോണിനാക്കി മാറ്റുന്നതിന് ആവശ്യമാണ്. വാഴപ്പഴം കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം സംരംക്ഷിക്കാനും നല്ലതാണ്.ട്രിപ്റ്റോഫാനെ സെറോടോണിനാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന മഗ്നീഷ്യം ചീരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര കഴിക്കുന്നതും തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കാൻ സഹായിക്കും.
സെറോടോണിൻ ഉത്പാദിപ്പിക്കാൻ ശരീരം ഉപയോഗിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡിന്റെ മികച്ച ഉറവിടമാണ് മുട്ട. അതിനാല്‍ മുട്ടയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.ട്രിപ്റ്റോഫാൻ, ആരോഗ്യകരമായ കൊഴുപ്പുകള്‍, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയവയാണ് നട്സുകളും വിത്തുകളും. ഇവ കഴിക്കുന്നതും സെറോടോണിൻ ഉത്പാദനം കൂട്ടാൻ ഉപകരിക്കും.
ഓട്സും കഴിക്കുന്നതും സെറോടോണിൻ ഉത്പാദനം കൂട്ടാൻ നല്ലതാണ്.ഇതിലുള്ള കാർബോഹൈഡ്രേറ്റ് തലച്ചോറിലെ ട്രിപ്റ്റോഫാൻ ലഭ്യത വർധിപ്പിക്കാൻ സഹായിക്കും.പൈനാപ്പിളില്‍ ഉയർന്ന അളവില്‍ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിലെ സെറോടോണിൻ ആയി മാറുന്നു. അതിനൊപ്പം ദഹനത്തെ സഹായിക്കുകയും ചർമത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.