ധാരാളം പ്രോട്ടീനും ഫാറ്റും വൈറ്റമിനുകളും മിനറലുകളുമുള്ള നിലക്കടലയിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവായും കൊളസ്ട്രോൾ ഇല്ലാതെയും കാണപ്പെടുന്നു. നിലക്കടല തനതായും വറുത്തും വെണ്ണയായും എണ്ണയായും നിലക്കടല മാവായും നിലക്കടല പ്രോട്ടീനായും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചു വരുന്നു.
നിലക്കടല അഥവാ കപ്പലണ്ടി കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ധാരാളമാണ്. നിരവധി പോഷകങ്ങള്‍ അടങ്ങിയ നട്സാണ് നിലക്കടല. വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും നാരുകളും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും നിറഞ്ഞതാണ് നിലക്കടല.
പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
ഫൈബര്‍ ധാരാളം അടങ്ങിയതാണ് നിലക്കടല. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവ കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. നിലക്കടലയുടെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ദഹനം മെച്ചപ്പെടുത്താനും നിലക്കടല സഹായിക്കും. വറുത്ത നിലക്കടല കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാല്‍ നിലക്കടല വെള്ളത്തില്‍ കുതിർത്ത് കഴിക്കുന്നതും ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്ന് പലർക്കുമറിയില്ല.
നിലക്കടല കുതിർത്തത് പ്രഭാത ഭക്ഷണമായി കഴിക്കാനും മികച്ച ഓപ്ഷനാണ്. ഏറെ നേരത്തേക്ക് വിശപ്പ് തോന്നാതിരിക്കാൻ ഇത് സഹായിക്കും. ഇതുമൂലം ശരീരഭാരം കുറക്കാനും നിങ്ങളെ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു. കുതിർത്ത നിലക്കടല ഏത് സമയത്തും കഴിക്കാവുന്ന ലഘു ഭക്ഷണമാണ്. വേണമെങ്കില്‍ അത്താഴത്തിനും കുതിർത്ത നിലക്കടല കഴിക്കാം. ഇതിന് പുറമെ സാലഡുകളിലും മറ്റ് വിഭവങ്ങളിലും ഈ കുതിർത്ത നിലക്കടല ചേർത്ത് കഴിക്കാവുന്നതാണ്.
നിലക്കടല കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. ഇവയില്‍ മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
എന്നാൽ അമിതമായ നിലക്കടലയുടെ ഉപയോഗം ചിലരിൽ നെഞ്ചെരിച്ചിലും ഗ്യാസ് പ്രശ്നങ്ങൾക്കും കാരണമാകുന്നു. നിലക്കടല സോഡിയം ഇല്ലാത്തതാണെങ്കിലും വറുക്കുമ്പോൾ ചേർക്കുന്ന ഉപ്പ് രക്തസമ്മർദ്ദം കൂടാൻ ഇടയാകുന്നു. നിലക്കടല അമിതമായി ഉപയോഗിക്കുമ്പോൾ ചില ഘടകങ്ങൾ സിങ്കിന്റെയും അയണിന്റെയും ആഗീരണത്തെ തടസപ്പെടുത്തുന്നു. മാത്രമല്ല ധാരാളം ആളുകളിൽ നിലക്കടല കാരണം അലർജിയും കണ്ടുവരുന്നു. അതിനാൽ നിലക്കടലയുടെ അമിത ഉപയോഗം അത്രനല്ലതല്ല. ഒരു പിടി നിലക്കടല ഒരു ദിവസം എന്ന രീതിയിൽ എടുക്കുന്നതാണ് ഉത്തമം.
നിലക്കടല കഴിക്കുമ്പോൾ ചെറിയ കുട്ടികളിൽ വിക്കി നിറുകയിൽ കയറാൻ സാധ്യത ഉള്ളതിനാൽ ഇവർക്ക് കൊടുക്കുമ്പോൾ ഒന്നുകിൽ പൊടിച്ചോ അല്ലെങ്കിൽ ദ്രവരൂപത്തിലോ കൊടുക്കുന്നതാണ് നല്ലത്.
നിലക്കടലയിൽ പൂപ്പൽ ബാധിക്കുവാൻ സാധ്യതയുണ്ട്. പൂപ്പൽ അഫ്‌ലാടോക്സിൻ പോലുള്ള വിഷവസ്തു ഉണ്ടാക്കുകയും ഇവ കരളിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. അതിനാൽ നിലക്കടല സൂക്ഷിക്കുമ്പോഴും വാങ്ങുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം.
ഒരേ തരത്തിൽ ഉള്ളതും ഓഫ് വൈറ്റ് നിറത്തോടുകൂടിയതും കൈയ്യിൽ എടുക്കുമ്പോൾ ഭാരം തോന്നുന്നതും വിള്ളലും വെള്ളകുത്തുകളും ഇല്ലാത്ത നിലക്കടലയാണ് നല്ലത്. കനച്ചമണം ഇല്ലയെന്നും ഉറപ്പുവരുത്തണം. തൊലികളഞ്ഞ നിലക്കടല എയർടൈറ്റ് പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.