അന്നയുടെ മരണം: 'അതീവ ആശങ്ക', സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; തൊഴില്‍ മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി
പുണെയില്‍ ഏണസ്റ്റ് ആൻഡ് യങ് കമ്ബനിയില്‍ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിയിലിരിക്കെ മരിച്ച അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
നാല് ആഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട് നല്‍കണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് നിർദേശം നല്‍കി. എന്തു നടപടി എടുത്തെന്ന് അറിയിക്കണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്.
ജോലിഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതില്‍ കമ്മിഷൻ അതീവ ആശങ്ക പ്രകടിപ്പിച്ചു. മാനസിക പിരിമുറുക്കം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയുള്‍പ്പെടെ തൊഴിലിടത്ത് യുവ പ്രൊഫഷണലുകള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് അന്നയുടെ മരണം ഗുരുതരമായ ചോദ്യങ്ങള്‍ ഉയർത്തുന്നു. സുരക്ഷിതവും ജീവനക്കാർക്ക് പിന്തുണയേകുന്നതുമായ തൊഴില്‍ അന്തരീക്ഷം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നും കമ്മിഷൻ വ്യക്തമാക്കി.
അമിതജോലിഭാരം തന്റെ മകളുടെയും ജീവൻ കവർന്നതായി അന്നയുടെ അമ്മ അനിതാ അഗസ്റ്റിൻ, ഇ.വൈ.യുടെ ഇന്ത്യയിലെ ചെയർമാൻ രാജീവ് മേമാനിക്ക് അയച്ച കത്ത് വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മരിക്കുന്നതിന് രണ്ടാഴ്ചമുൻപ് നെഞ്ചുവേദനയുമായി അന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഉറക്കമില്ലായ്മയും സമയംതെറ്റിയുള്ള ഭക്ഷണവുമാണ് കാരണമെന്ന് അന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പുണെയില്‍നടന്ന അന്നയുടെ സി.എ. ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അച്ഛനും അമ്മയുമൊത്ത് സമയം ചെലവഴിക്കാൻപോലും ജോലിത്തിരക്കു കാരണം അന്നയ്ക്ക് സാധിച്ചില്ല. ചടങ്ങിന് വൈകിയാണ് അന്ന എത്തിയത് - അമ്മ എഴുതിയ കത്തില്‍ പറഞ്ഞിരുന്നു.