തേങ്ങയിടാൻ കയറി തെങ്ങിൻ മുകളില്‍ കയറി കുടുങ്ങിയ യുവാവിനെ ഒന്നര മണിക്കൂറോളം പരിശ്രമിച്ച് സാഹസികമായി താഴെയിറക്കി അഗ്നിരക്ഷാസേനാ സംഘം.
കോട്ടയം നഗരസഭ പരിധിയില്‍ നട്ടാശേരി പാറമ്ബുഴ ചെറുവള്ളിക്കാവിലാണ് യുവാവ് തെങ്ങില്‍ തലകീഴായി കുടുങ്ങിയത്. പ്രദേശവാസിയായ പ്രദീപിന്റെ പുരയിടത്തില്‍ തേങ്ങയിടാൻ കയറിയ റോബിനാ (56) ണ് യന്ത്രത്തില്‍ നിന്നും കൈവിട്ട് രണ്ട് കാലുകളും കുടുങ്ങി തലകീഴായി തൂങ്ങി കിടന്നത്.
ഏകദേശം 75 അടിയോളം ഉയരമുള്ള തെങ്ങായിരുന്നു. ഗ്രേഡ് അസ്സിറ്റന്റ് സ്റ്റേഷൻ ഓഫീസർ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സേന ഉടൻ തന്നെ ലാഡർ ചാരി സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഗ്രേഡ്) സുവിൻ റോപ്പും കൊണ്ട് തെങ്ങിൻ മുകളിലേക്ക് കയറി. പിന്നാലെ സഹായത്തിനായി സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഗ്രേഡ് ) ഷിബു മുരളി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ് ) ടി എൻ പ്രസാദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അബ്ബാസി എന്നിവർ കൂടി തെങ്ങിൻ മുകളിലേക്ക് കയറി. പടങ്ങുകള്‍ വെച്ച് കെട്ടി മുകളില്‍ ആള് കുടുങ്ങി കിടക്കുന്ന ഭാഗത്ത് എത്തി റോപ്പ് ഉപയോഗിച്ച് റോബിനെ സുരക്ഷിതാമായി നിർത്തി.
തുടർന്ന് റോപ്പ് തെങ്ങില്‍ കെട്ടി കരാബിനർ ഘടിപ്പിച്ച് അതുവഴി റോപ്പ് ആളിന്റെ ശരീരത്തില്‍ ബെല്‍റ്റ് പോലെ കെട്ടി സുരക്ഷിതാമായി കാലുകള്‍ പുറത്ത് എടുത്തു. പിന്നീട് , എകദേശം ഒന്നര മണിക്കൂറെടുത്ത് ആളിനെ അതി സാഹസികമായി താഴെ ഇറക്കുകയായിരുന്നു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയകുമാർ, ടി എൻ പ്രസാദ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഗ്രേഡ്) ഷിബു മുരളി, സുവിൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അബ്ബാസി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ ) അനീഷ് ശങ്കർ, ഫയർ വുമണ്‍ (ടി) അനുമോള്‍ എന്നിവർ രക്ഷാ പ്രവർത്തനത്തില്‍ പങ്കെടുത്തു.