ഇഷ്ടമുള്ളതൊക്കെ കഴിക്കുകയും വേണം, എന്നാല്‍ വണ്ണം വയ്ക്കുകയും ചെയ്യരുത്; രാവിലെ ഈ ശീലങ്ങള്‍ സ്വന്തമാക്കൂ, നിങ്ങളുടെ ശരീരവും ഫിറ്റ് ആകും
ഇതിനു പിന്നില്‍ എന്തായിരിക്കുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പ്രഭാതത്തിലെ ചില ശീലങ്ങളാണ് ഇവരുടെ ആരോഗ്യത്തിനു പിന്നില്‍. അവ എന്തൊക്കെ എന്നു നോക്കാം.
ശരീരഭാരം നിയന്ത്രിച്ചു നിർത്തുന്നവരില്‍ പൊതുവായി കാണുന്ന പ്രത്യേകത അവരെല്ലാം വളരെ നേരത്തെ ഉറക്കമെഴുന്നേല്‍ക്കുന്നവരാണ് എന്നാണ്. രാത്രി പത്തുമണിക്ക് കിടന്ന് രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയ്ക് എഴുന്നേല്‍ക്കാം. 7 മുതല്‍ 8 മണിക്കൂർ വരെ ഉറക്കം ലഭിക്കാൻ ഈ ശീലം സഹായിക്കും. ഇത് ശരീരത്തിലെ ജൈവഘടികാരത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും സുഖകരമായ ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യും.
ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് ശരീരത്തിന് കേടുപാടുകള്‍ തീർക്കാനും ക്ലെൻസിങ്ങിനും സഹായിക്കും. പകല്‍ മുഴുവൻ ഉന്മേഷത്തോടെയിരിക്കാൻ ഇതു മൂലം സാധിക്കും. രാത്രി 11 മണിക്കുശേഷം ഉറങ്ങുന്നത് ശരീരഭാരം കൂടാനും ഹൃദ്രോഗ സാധ്യത വർധിപ്പിക്കാനും ഇടയാക്കും എന്ന് പഠനങ്ങള്‍ പറയുന്നു.
ശരീരഭാരം കൂടാതെ നിയന്ത്രിച്ചു നിർത്തുന്നവരെല്ലാം ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് രാവിലെ നേരത്തെ ഭക്ഷണം കഴിക്കുക എന്നത്. രാവിലെ ഉണർന്നയുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. അതിനുശേഷം ഒരു പിടി ബദാമോ വല്നട്സോ പോലുള്ളവ കഴിക്കാം. പോഷകസമ്ബുഷ്ടമായ ഈ ഭക്ഷണം, ഉപാപചയ പ്രവർത്തനം വർധിപ്പിക്കുകയും കാലറി കത്തിക്കാൻ ശരീരത്തെ ഇത് സഹായിക്കുകയും ചെയ്യും. നട്സിനു പകരം പഴങ്ങളോ പച്ചക്കറി ജ്യൂസോ കുടിക്കുന്നതും ഉപാപചപ്രവർത്തനം മെച്ചപ്പെടുത്തും.
പ്രഭാതഭക്ഷണം ആരോഗ്യകരമാക്കാം
ശരീരഭാരം നിയന്ത്രിക്കുന്നവർ പ്രഭതഭക്ഷണം ഒഴിവാക്കുകയേയില്ല. രാവിലെ ഉപാപചയനിരക്ക് ഏറ്റവും കൂടുതല്‍ ആയിരിക്കും എന്നതിനാല്‍ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം കുടിയാണ് പ്രാതല്‍. ധാരളം പ്രോട്ടീനും മിതമായ അളവില്‍ അന്നജവും അടങ്ങിയ പ്രഭാത ഭക്ഷണം ഒരു ദിവസത്തേക്കുള്ള ഊർജ്ജമേകും.
മുട്ട, യോഗർട്ട്, മുഴുധാന്യങ്ങള്‍ തുടങ്ങിയ പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ പ്രാതലിന് ഉള്‍പ്പെടുത്തുന്നത് ഏറെ നേരം വയർ നിറഞ്ഞ തോന്നലുണ്ടാക്കുകയും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.
ശരീരഭാരം കൂടാതെ കാക്കുന്നവരുടെ ശീലങ്ങളില്‍ ഒന്നാണ് വ്യായാമം. അവരുടെ ദിനചര്യയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണിത്. ബ്രിസ്ക്ക് വോക്ക്, രാവിലത്തെ ജോഗിങ്ങ്, സൈക്ലിങ്ങ് അല്ലെങ്കില്‍ യോഗ ഇവയിലേതിലെങ്കിലും മുഴുകുന്നത് പേശികളെ ശക്തിപ്പെടുത്തുകയും ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
ഓട്ടം,സൈക്ലിങ്ങ് പോലുള്ള എയ്റോബിക് വ്യായാമങ്ങളും വർക്ഔട്ടുകളും ഉപാപചയപ്രവർത്തനം വർധിപ്പിക്കുകയും മസില് മാസ് നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഇതു കൂടാതെ യോഗയും ധ്യാനവും ചെയ്യുന്നത് വഴക്കം മെച്ചപ്പെടുത്തുകയും സ്ട്രെസ് കുറയ്ക്കുകയും സൗഖ്യമേകുകയും ചെയ്യും.
ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നവരെല്ലാം ചിട്ടയായ പ്രഭാത ശീലങ്ങള്‍ പിന്തുടരുന്നവരായിരിക്കും. ടിവി കാണുക, സോഷ്യല്‍ മീഡിയയില്‍ സമയം ചെലവിടുക തുടങ്ങിയവയൊന്നും ഇവരെ തടസപ്പെടുത്തില്ല പകരം അവർ തങ്ങള്‍ക്ക് ചെയ്യാനുള്ള കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കും.
രാവിലെ ഉണരുക, വ്യായാമം ചെയ്യുക, പോഷകപ്രദമായ പ്രഭാതഭക്ഷണം കഴിക്കുക, ദിവസത്തെ മറ്റ് കാര്യങ്ങള്‍ക്കായി തയ്യാറെടുക്കുക ഇതെല്ലാമായിരിക്കും അവർക്ക് പ്രധാനം. തടസങ്ങളെ ഒഴിവാക്കുന്നത് വഴി തങ്ങളുടെ ആരോഗ്യത്തിന് ശ്രദ്ധകൊടുക്കാൻ അവർക്ക് കഴിയുന്നു. ഫിറ്റ്നെസ് നിലനിർത്താൻ ഈ ശീലങ്ങള്‍ നിങ്ങളെയും സഹായിക്കും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.