സ്വർണ്ണത്തിന് കഴിഞ്ഞ ദിവസങ്ങളില്‍ വില ഉയർന്നതോടെ ഡിസംബർ അവസാനത്തോടെ വിലയില്‍ വലിയ വർധനവ് ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.
ഡിസംബർ 11 ന് അപ്രതീക്ഷിത വർധനവാണ് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് 640 രൂപയായിരുന്നു വർധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഇതോടെ വരും ദിവസങ്ങളില്‍ സ്വർണ വില ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ തുടർന്നിങ്ങോട്ടുള്ള ദിവസങ്ങളില്‍ വീണ്ടും വിലയിടിഞ്ഞു.
ഇന്നിപ്പോഴിതാ വീണ്ടും സ്വർണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വില 7040 രൂപയാണ്. പവന് 56,320 രൂപയും. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 240 രൂപയുടെ കുറവാണ് ഉണ്ടായത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില കൂടിയാണിത്. ഇന്ന് 10 ഗ്രാമിന് വില 70,400 രൂപയാണ്. ഇന്നലെ 70,700 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 56560 രൂപയും ഗ്രാമിന് 7070 രൂപയും. ഇന്ന് 18 കാരറ്റിന് ഗ്രാമിന് 5760 രൂപയാണ് വില. ഒരു പവന് 46,080 രൂപയും നല്‍കണം. വെള്ളി വിലയും നേരിയ തോതില്‍ കുറഞ്ഞു. ഇന്നലെ ഒരു ഗ്രാം വെള്ളിക്ക് 99 രൂപയായിരുന്നെങ്കില്‍ ഇന്ന് 98 രൂപയാണ് വില. ഗ്രാമിന് 784 രൂപയും.
ഡല്‍ഹിയില്‍ ഇന്ന് 22 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 70840 രൂപയാണ് വില. 24 കാരറ്റിന് 77270 രൂപയും. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ 22 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 70,690 രൂപ നല്‍കണം. 24 കാരറ്റിന് 77120 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് ഇന്ന് 2,614.50 ഡോളറാണ് രേഖപ്പെടുത്തിയത്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസർവ് കഴിഞ്ഞ ദിവസം പലിശ നിരക്ക് കുറച്ചിരുന്നു. കാല്‍ ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. സാധാരണ നിലയില്‍ പലിശ കുറക്കുമ്ബോള്‍ സ്വർണത്തിന്റെ വില ഉയർന്നേക്കുമെന്നാണ് പ്രതീക്ഷക്കപ്പെട്ടത്. എന്നാല്‍ അപ്രതീക്ഷിതമായ ട്വിസ്റ്റാണ് വിപണിയില്‍ പ്രകടമായത്. 2025 ല്‍ പലിശ നിരക്ക് രണ്ട് തവണയെ കുറക്കുകയുള്ളൂവെന്ന ഫെഡ് ബാങ്കിന്റെ പ്രഖ്യാപനമാണ് വിപണിയെ സ്വാധീനിച്ചത്. ഫെഡറല്‍ ബാങ്കിന്റെ തീരുമാനം ഡോളറിനെതിരായ വ്യാപാരത്തില്‍ രൂപ കൂപ്പുകുത്താനും കാരണമായി.