വീട്ടിൽ ഉറുമ്പിനെ കൊണ്ട് പൊറുതിമുട്ടിയോ? ഓടിക്കാൻ എളുപ്പവഴികൾ
നമ്മുടെ വീടുകളിലെ ഒരു പ്രധാന ശല്യക്കാരാണ് ഉറുമ്പുകൾ. വീട്ടിനകത്ത് ചുറ്റും ഉറുമ്പുകൾ ഓടിനടക്കുന്നത് അസ്വസ്ഥത ഉളവാക്കുന്നു എന്ന് മാത്രമല്ല, ഉറുമ്പുകളുടെ ഒരു കോളനി യഥാർത്ഥത്തിൽ നമ്മുടെ വീടുകൾക്ക് വളരെയധികം നാശമുണ്ടാക്കുകയും ചെയ്യും. നിങ്ങളുടെ വീടിനുള്ളിൽ ഉറുമ്പുകൾ ഉണ്ടാകുന്നത് ശുചിത്വമില്ലായ്മയുടെ ലക്ഷണമാണ്. ഫയർ, ഹാർവെസ്റ്റർ തുടങ്ങിയ ചില തരം ഉറുമ്പുകൾ മനുഷ്യരെ കടിക്കുന്നവയാണ്. കാർപെന്റർ എന്ന തരം ഉറുമ്പുകൾ വീട്ടിലെ ഫർണിച്ചറുകൾക്കും നിർമാണ സാമഗ്രികൾക്കും നാശം വരുത്തുന്നു. വീടിനുള്ളിലെ ഉറുമ്പുകൾ ഭക്ഷണ സാമഗ്രികൾ നശിപ്പിക്കുന്നു. ഭക്ഷണത്തിലേക്കോ ശരീരത്തിലെ തുറന്ന മുറിവുകളിലേക്കോ പടർത്തുവാൻ കഴിയുന്ന ബാക്ടീരിയകളാണ് അവ വഹിക്കുന്നത്.
ഉറുമ്പുകൾ വീട് തങ്ങളുടെ സ്വന്തമാന്നെന്നത് പോലെയാണ് നമ്മുടെ വീട്ടിൽ താമസിക്കുന്നത്, വീട്ടിൽ ഉറുമ്പിനെ കൊണ്ട് പൊറുതി മുട്ടിയിട്ടില്ലാത്ത വീട്ടമ്മമാർ കേരളത്തിൽ കാണില്ല.
ഉറുമ്പുകൾ എവിടെ നിന്നും പൊട്ടിമുളയ്ക്കുന്നു എന്നു തോന്നുന്ന വിധമാണ് ഉറുമ്പുകൾ പ്രത്യക്ഷപ്പെടുക. മഴക്കാലമാണെങ്കിൽ പറയുകയും വേണ്ട. വീട്ടില്‍ എവിടെയെങ്കിലും മധുരവസ്തുക്കള്‍ ഇരിപ്പുണ്ടെങ്കില്‍ അവിടേക്ക് ഉറുമ്പുകൾ ഇടിച്ചുകയറി വന്നോളും.
ഉറുമ്പിന്‍കൂട്ടത്തെ തുരത്താന്‍ ചില പൊടിക്കൈകൾ ഇതാ...
വൃത്തി
ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ ഏറ്റവും ആദ്യം വേണ്ടത് വൃത്തിയാണ്. വീടും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചാല്‍ അവിടെ ഉറുമ്പിനു അധികം തമ്പടിക്കാന്‍ സാധിക്കില്ല എന്നതാണ് വാസ്തവം. ആഹാരവസ്തുക്കള്‍ വീടുകളില്‍ അവിടെയിവിടെയായി കിടന്നാല്‍ അവിടെ ഉറുമ്പിന്‍ ശല്യം ഉറപ്പാണ്. അടുക്കളയിലെ അലമാര അടുക്കി പെറുക്കി സൂക്ഷിക്കുക. ആഹാരസാധനങ്ങള്‍, തേന്‍, പഞ്ചസാരപാത്രങ്ങള്‍ നന്നായി അടച്ചു സൂക്ഷിക്കുക.
നാരങ്ങ
ഉറുമ്പുകൾ പ്രവേശിക്കുന്ന സ്ഥലങ്ങളിൽ ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കുകയോ അല്ലെങ്കിൽ നാരങ്ങയുടെ തൊലികൾ വയ്ക്കുകയോ ചെയ്യുക. നിങ്ങളുടെ വീടിന്റെ തറ അല്പം നാരങ്ങ നീര് ചേർത്ത വെള്ളം ഉപയോഗിച്ച് കഴുകാം. ഉറുമ്പിന് നാരങ്ങ നീരിന്റെ മണം ഇഷ്ടപ്പെടാത്തതിനാൽ അവ അകന്നുപോകുന്നതാണ്. പഞ്ചസാര ഉറുമ്പിനെ ഏറെ പ്രിയമാണെങ്കിലും പുളിയും കയ്പും ഉള്ള എന്തും ഇവയെ അകറ്റി നിർത്തും. അതിനാൽ ഉറുമ്പുകളെ ആകർഷിക്കുന്ന തരത്തിലുള്ള ഒന്നും നിങ്ങൾ തുറന്ന് സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക. നിങ്ങളുടെ അടുക്കള സ്ലാബ് പൂർണ്ണമായും വൃത്തിയായി സൂക്ഷിക്കുക, ഒപ്പം നാരങ്ങയുടെ തൊലികൾ അവിടെ വയ്ക്കുക.
വൈറ്റ് വിനാഗിരി
വൈറ്റ് വിനാഗിരിയും വെള്ളവും തുല്യ അനുപാതത്തില്‍ ചേര്‍ത്തു ഉറുമ്പിന്‍ കൂട്ടിലേക്ക് സ്പ്രേ ചെയ്‌താല്‍ ഉറുമ്പിന്റെ ശല്യം കുറയ്ക്കാം. അതുപോലെ വാതില്‍, ജനല്‍ എന്നിവിടങ്ങളില്‍ ഇവ സ്പ്രേ ചെയ്യാം.
കറുവാപട്ട
കറുവാപ്പട്ടയുടെ പൊടി ഉറുമ്പുകളെ തുരത്താന്‍ മികച്ചൊരു ഉപാധിയാണ്. കറുവാപ്പട്ടയുടെ പൊടി വാതിലിനും ജനലിനും അടുത്ത് ഉറുമ്പുകള്‍ വീടിന് അകത്തേക്ക് വരുന്ന വഴികളിൽ തൂക്കുക.
കുരുമുളക് പ്രയോഗം
ഉറുമ്പിനെ ഓടിക്കാന്‍ കുരുമുളക് ബെസ്റ്റ് ആണ്. അലമാരകള്‍, ജനലുകള്‍, ആഹാര സാധനങ്ങള്‍ വയ്ക്കുന്ന സ്ഥലത്തിന് ചുറ്റും തുടങ്ങിയ ഇടങ്ങളിലൊക്കെ കുരുമുളക് പൊടി വിതറി നോക്കാം.മുളക് പൊടി ഉറുമ്പ് വരുന്ന വഴികളില്‍ പൊടിച്ചു ഇട്ടാലും ഉറുമ്പിനെ ഓടിക്കാം.
ഉണക്കമുളക്
പഞ്ചസാര പ്രിയരായ ഉറുമ്പുകൾ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒന്നാണ് ഉണക്കമുളക്. ഉറുമ്പുകൾ നിങ്ങളുടെ വീട്ടിൽ പ്രവേശിക്കുന്ന സ്ഥലങ്ങളിൽ ചുവന്ന മുളക് ചതച്ചത് വിതറുക. ഉറുമ്പുകളെ അകറ്റാൻ ഇത് സഹായിക്കും. ചുവന്ന മുളക്, കുരുമുളക് എന്നിവ ഉറുമ്പുകൾ വെറുക്കുന്നു. ചുവന്ന മുളക് ചതച്ചെടുത്തതിൽ വെള്ളവും ചേർത്ത് ഉറുമ്പുകൾ വരുന്ന ഇടങ്ങൾക്ക് സമീപം തളിക്കാം. ഈ വിദ്യ ഉറുമ്പുകളെ കൊല്ലുകയില്ല, പക്ഷേ നിങ്ങളുടെ വീട്ടിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് അവയെ പിന്തിരിപ്പിക്കും. ഈ ലായനികൾ തളിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നിങ്ങൾ ശരിയായി വൃത്തിയാക്കി എന്നത് ഉറപ്പാക്കുക.