മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളുടെ പട്ടികയുമായി ഐഎസ്ആര്‍ഒ; ആദ്യ പത്തില്‍ നാലും കേരളത്തില്‍
ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമിവിണ്ടുകീറുന്നത് തുടരുന്നതിനിടെ ആശങ്കയേറ്റി ഐഎസ്‌ഐര്‍ഒയുടെ പുതിയ റിപ്പോര്‍ട്ട്. രാജ്യത്തെ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയ ലാന്‍ഡ്സ്ളൈഡ് അറ്റ്ലസാണ് ഐഎസ്ആര്‍ഒ പുറത്തിറക്കിയത്. ഹിമാലയത്തിലും പശ്ചിമഘട്ടത്തിലുമായുള്ള ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളാണ് പട്ടികയിലുള്ളത്. ഐഎസ്ആര്‍ഒ നടത്തിയ അപകടസാധ്യതാ പഠനം അനുസരിച്ച്, രാജ്യത്തെ 147 സെന്‍സിറ്റീവ് ജില്ലകളില്‍ ഉത്തരാഖണ്ഡിലെ രണ്ട് ജില്ലകളായ രുദ്രപ്രയാഗും തെഹ്രി ഗര്‍വാളുമാണ് മുന്നില്‍.
ഈ രണ്ട് ജില്ലകളാണ് ഏറ്റവും അപകടകാരി
മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യതാ വിശകലനം നടത്തിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ സാന്ദ്രതയുള്ള ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യ, തൊഴിലെടുക്കുന്നവരുടെ എണ്ണം,സാക്ഷരത, കുടുംബങ്ങളുടെ എണ്ണം എന്നിവയുള്ളത്. പട്ടികയിലെ ആദ്യ 10 ജില്ലകളില്‍ 2 ജില്ലകളും സിക്കിമില്‍ നിന്നുള്ളവയാണ്(സൗത്ത്, നോര്‍ത്ത് സിക്കിം). കൂടാതെ, 2 ജില്ലകള്‍ ജമ്മു കശ്മീരിനും 4 ജില്ലകള്‍ കേരളത്തില്‍ നിന്നുമാണ്.
അപകടസാധ്യത കൂടുതലുള്ള 147 ജില്ലകള്‍
സര്‍വേയില്‍, അതീവ സെന്‍സിറ്റീവ് ആയ 147 ജില്ലകളില്‍ പഠനം നടത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, തെഹ്രി ഗര്‍വാള്‍ ജില്ലകളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ സാന്ദ്രത ഉള്ളതെന്നും പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയാണ് മണ്ണിടിച്ചിലിന് ഏറ്റവും സാധ്യതയുള്ളതെന്നും ഐഎസ്ആര്‍ഒമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തി. കേരളത്തിലെ തൃശ്ശൂർ,പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകൾ ആദ്യ പത്തിലുണ്ട്. ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളും പട്ടികയിലിടം പിടിച്ചിട്ടുണ്ട്. 17 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 147 ജില്ലകളിലായി 1988 നും 2022 നും ഇടയില്‍ രേഖപ്പെടുത്തിയ 80,933 മണ്ണിടിച്ചിലുകളെ അടിസ്ഥാനമാക്കിയാണ് NRSC ശാസ്ത്രജ്ഞര്‍ ലാന്‍ഡ്സ്ലൈഡ് അറ്റ്‌ലസ് ഓഫ് ഇന്ത്യ തയ്യാറാക്കിയത്.